FeaturedKeralaNews

മുന്നണിപ്രവേശം ഉടൻ, എ.കെ.ജി സെൻ്ററിലെത്തി ജോസ്.കെ.മാണി

തിരുവനന്തപുരം: ജോസ് കെ മാണിയുടെ കേരളാ കോൺഗ്രസിന്‍റെ മുന്നണിപ്രവേശം നാളെത്തന്നെ ഉണ്ടാകും. സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് എകെജി സെന്‍ററിൽ നടക്കുന്നതിനിടെ ജോസ് കെ മാണി കോടിയേരിയെയും എൽഡിഎഫ് കൺവീനർ എ വിജയരാഘവനെയും മറ്റ് പ്രമുഖനേതാക്കളെയും നേരിട്ട് കണ്ടു. ജോസിനെ സ്വാഗതം ചെയ്തതിനൊപ്പം ഒരു ഒളിയമ്പുമെയ്ത സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനെ കാണാനാണ് രാവിലെത്തന്നെ ജോസ് കെ മാണിയെത്തിയത്. അതും എകെജി സെന്‍ററിലെ സ്വന്തം വാഹനത്തിൽ.

നാളെത്തന്നെ എൽഡിഎഫ് യോഗം വിളിച്ചുചേർക്കാനാണ് സാധ്യത. ഇതിൽ ജോസിന്‍റെ മുന്നണിപ്രവേശനം എന്ന് വേണമെന്ന കാര്യത്തിൽ അന്തിമതീരുമാനമുണ്ടാകും. തദ്ദേശഭരണതെരഞ്ഞെടുപ്പിന് മുമ്പ് തന്നെ മുന്നണിപ്രവേശമുണ്ടാകുമെന്നാണ് ജോസ് കെ മാണി എകെജി സെന്‍ററിലെ കൂടിക്കാഴ്ചകൾക്ക് ശേഷം പറഞ്ഞത്. ജോസ് കെ മാണിക്ക് സീറ്റുകൾ കൃത്യമായി തദ്ദേശതെരഞ്ഞെടുപ്പിൽ മാറ്റിവച്ചാണ് മറ്റ് ഘടകക്ഷികളുമായി ചർച്ച നടത്തിയത്. പ്രത്യേകിച്ച് മധ്യകേരളത്തിൽ ജോസ് കെ മാണിയെ കൂടെക്കൂട്ടുന്നത് തദ്ദേശതെരഞ്ഞെടുപ്പിൽ വലിയ ഗുണം ചെയ്യുമെന്നാണ് സിപിഎമ്മിന്‍റെ വിലയിരുത്തൽ. അതിനാൽത്തന്നെയാണ്, മറ്റൊരു പാർട്ടിക്കും നൽകാത്ത പരിഗണന ജോസ് കെ മാണിക്ക് സിപിഎം നൽകുന്നത്. മുന്നണിയിലേക്ക് കടക്കുമോ, അതോ സഹകരണം മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന അഭ്യൂഹങ്ങൾക്കും ഇതോടെ അവസാനമാകുകയാണ്.

ഒരു കാലത്ത് പിതാവ് കെ എം മാണിക്കെതിരെ ബാർ കോഴ വിവാദത്തിൽ വൻ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഒരു രാഷ്ട്രീയകക്ഷിയുടെ ആസ്ഥാനമന്ദിരത്തിലേക്ക് മകൻ ജോസ് കെ മാണി സിപിഎം തന്നെ വിട്ടുനൽകിയ വണ്ടിയിൽ എത്തിയത് കേരള രാഷ്ട്രീയചരിത്രത്തിലെ മറ്റൊരു അപൂർവദൃശ്യമായി. റോഷി അഗസ്റ്റിൻ എംഎൽഎ അടക്കമുള്ളവർ കാനത്തെ കാണാനും പിന്നീട് എകെജി സെന്‍ററിലേക്കും ജോസിനെ അനുഗമിച്ചു. ഹൃദ്യമായ സ്വീകരണമാണ് എകെജി സെന്‍ററിൽ ജോസിന് കിട്ടിയത്. ചർച്ചകൾക്ക് ശേഷം, വാതിൽക്കലോളം ജോസിനെ അനുഗമിച്ചു കോടിയേരിയും എ വിജയരാഘവനും. നിറഞ്ഞ ചിരിയോടെയും കൂപ്പുകൈകളോടെയും ജോസ് കെ മാണിയെയും കൂട്ടരെയും യാത്രയാക്കുകയും ചെയ്തു.

”കഴിഞ്ഞ ദിവസം കേരളാ കോൺഗ്രസ് പാ‍ർട്ടിയുടെ രാഷ്ട്രീയനിലപാട് പ്രഖ്യാപിച്ചതാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുമായി ചേർന്ന് പ്രവർത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചുകഴിഞ്ഞു. അതിന് ശേഷം എൽഡിഎഫ് നേതാക്കൻമാരും കേരളാ കോൺഗ്രസ് പാർട്ടിയെ സ്വാഗതം ചെയ്തു. ഇപ്പോൾ എകെജി സെന്‍ററിൽ വന്നത് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരിയെയും കൺവീനറെയും മറ്റ് നേതാക്കളെയും കാണാനാണ്. അവരെ കണ്ടു. മറ്റ് കാര്യങ്ങളും, പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടക്കമുള്ളവയിലെ പ്രവർത്തനങ്ങളും മുന്നണിയിൽ ചർച്ച ചെയ്യും. എത്രയും പെട്ടെന്ന് മുന്നണിപ്രവേശമുണ്ടാകും എന്നാണ് കരുതുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണിപ്രവേശം വേണമെന്നതാണ് പ്രതീക്ഷ”, ശുഭപ്രതീക്ഷയോടെ ജോസ് കെ മാണി പറഞ്ഞു നിർത്തി.

പാലായിൽ നിന്ന് തിരുവനന്തപുരം വരെ ജോസ് കെ മാണി വന്നത് സ്വന്തം വാഹനത്തിലാണ്. പക്ഷേ അവിടെ നിന്ന് രാഷ്ട്രീയയാത്രകൾക്കായി ഉപയോഗിച്ചത് എകെജി സെന്‍ററിലെ സ്വന്തം വാഹനവും. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, അതിനെന്താണ് കുഴപ്പമെന്നായിരുന്നു മറുചോദ്യം. ”ഇവിടം പരിചയമുള്ള ഒരു വാഹനം ഉപയോഗിച്ചു, ഒരു ഡ്രൈവറും കൂടെ വന്നു. ഇതിനിപ്പോഴെന്താണ് കുഴപ്പം”, എന്ന് ജോസ്.

എംഎൻ സ്മാരത്തിലേക്ക് വരുമ്പോൾ സിപിഎം വണ്ടി വിട്ടുനൽകിയത് സിപിഐയ്ക്ക് കൃത്യമായ രാഷ്ട്രീയസൂചനയായിട്ടാണ്. ഒളിയമ്പുമായും പരോക്ഷമായ എതിർപ്പുമായി ഇനിയും ജോസ് കെ മാണിക്ക് തടസ്സമുണ്ടാക്കേണ്ടതില്ലെന്ന സൂചനയായി അത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker