‘ഷൈന്‍ ചെയ്യാൻ നോക്കിയതാണ്, പബ്ലിസിറ്റി സ്റ്റണ്ടായി തോന്നി’; അലന്‍സിയറിന്റെ പരാമർശത്തിൽ ധ്യാൻ
കൊച്ചി:സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ അലൻസിയർ നടത്തിയ പരമാർശത്തോട് പ്രതികരിച്ച് നടൻ ധ്യാൻ ശ്രീനിവാസൻ. ഒരു വേദി കിട്ടിയപ്പോള്‍ അലൻസിയർ ആളാകാൻ നോക്കിയതാണെന്നും ഒരു പബ്ലിസിറ്റി സ്റ്റണ്ടായിട്ടാണ് തനിക്ക് തോന്നിയതെന്നും ധ്യാൻ പറഞ്ഞു.
പുരസ്കാരത്തിനോട് വ്യത്യസ്ത നിലപാടുണ്ടായിരുന്നുവെങ്കിൽ നടൻ ഒരിക്കലും പരിപാടിയിൽ പങ്കെടുക്കാൻ പാടില്ലായിരുന്നുവെന്നും പരിപാടി തന്നെ ബഹിഷ്‌കരിക്കാമായിരുന്നുവെന്നും നടൻ അഭിപ്രായപ്പെട്ടു. ‘നദികളില്‍ സുന്ദരി യമുന’ എന്ന ധ്യൻ നായകനാകുന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിലായിരുന്നു പ്രതികരണം.
‘ഇത് പറയാന്‍ വേണ്ടി അലൻസിയർ അവിടെ വരെ പോയത് പോലെയാണ് എനിക്ക് തോന്നിയത്. ഒരു വേദി കിട്ടുന്ന സമയത്ത് ചിലര്‍ക്ക് ഒന്ന് ആളാകാനും, ഷൈന്‍ ചെയ്യാനും തോന്നും. ഒരു പബ്ലിസിറ്റി സ്റ്റണ്ടായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെയൊരു പ്രസ്താവന നടത്തിയിരിക്കുന്നത്. നടപടിയെടുക്കേണ്ടത് ഇവിടുത്തെ സിസ്റ്റമാണ്,’ ധ്യാൻ പറഞ്ഞു.
2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശമാണ് അലൻസിയറിന് ലഭിച്ചത്. ‘പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺ കരുത്തുള്ള ശില്പം വേണം.
അത് എന്നുമേടിക്കാൻ പറ്റുന്നുവോ, അന്ന് അഭിനയം നിർത്തും’ എന്നായിരുന്നു പുരസ്കാരം ഏറ്റുവാങ്ങി അലൻസിയർ വേദിയിൽ നടത്തിയ പ്രസ്താവന. നടനെതിരെ സിനിമ-സാംസ്കാരിക മേഖലകളിൽ നിന്നും നിരവധി പേരാണ് പ്രതികരിച്ചത്.
അതേസമയം, അലൻസിയറിന് ധീരതയ്ക്കുള്ള അവാർഡ് നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ഓൾ കേരള മെൻസ് അസോസിയേഷൻ. അലൻസിയറിന്റെ പരാമർശം വിവാദമായ പശ്ചാത്തലത്തിൽ സ്ത്രീ പ്രതിമയ്ക്ക് പകരം, നാട്യശാസ്ത്രത്തിന്റെ പിതാവായ ഭരതമുനിയുടെ ശിൽപം നൽകുമെന്നാണ് മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ വ്യക്തമാക്കിയിരിക്കുന്നത്. ഏറ്റവും അടുത്ത ദിവസം തന്നെ അവാർഡ് സമ്മാനിക്കാനാണ് അസോസിയേഷന്റെ തീരുമാനം.