കറുത്ത പട്ടി എന്ന് വിളിച്ചിട്ടുണ്ട്; നിറത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തിയിട്ടുണ്ടെന്ന് രാഘവ ലോറന്‍സ്
ചെന്നൈ:ലോകത്ത് എല്ലായിടത്തും നിലനില്‍ക്കുന്ന ഒന്നാണ് വര്‍ണ വിവേചനം എന്നത്. ഭാഷയുടേയും ദേശത്തിന്റേയും അതിര്‍വരമ്പുകള്‍ അതില്ല. തൊലിയുടെ നിറം തോന്നി ആളുകളെ ബഹുമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്നവര്‍ ഇന്നത്തെ കാലത്തും ഒട്ടും കുറവല്ല. കാലത്തിന്റേതായി മാറ്റം ഉള്‍ക്കൊള്ളുമ്പോഴും ലോകത്തിന്റെ ഇരുണ്ട നിറത്തോടുളള പൊതുസ്വഭാവത്തില്‍ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നതാണ് വസ്തുത.
സമൂഹത്തിന്റെ മറ്റേത് മേഖലയിലുമെന്നത് പോലെ സിനിമയിലും വര്‍ണ വിവേചനമുണ്ടെന്നതാണ് വസ്തുത. ഇരുണ്ട നിറമുള്ളവരെ നായകനും നായികയുമൊക്കെ ആക്കാനുള്ള മടിയും കറുത്തവരെ എളുപ്പത്തില്‍ വില്ലന്മാരാക്കുന്നതുമൊക്കെ ഇപ്പോഴും സിനിമയില്‍ തുടരുന്നുണ്ട്. അതേസമയം ഇത്തരം പ്രവണതയ്‌ക്കെതിരെ ഇപ്പോള്‍ വിമര്‍ശനങ്ങളും ശക്തമാണ്.
ഇതിനിടെ ഇപ്പോഴിതാ തനിക്ക് തുടക്കത്തില്‍ നേരിടേണ്ടി വന്ന വിവേചനത്തെക്കുറിച്ച് മനസ് തുറക്കുകയാണ് നടനും സംവിധായകനുമായ രാഘവ ലോറന്‍സ്. തന്റെ പുതിയ സിനിമയായ ജിഗര്‍തണ്ഡ ഡബ്ബിള്‍ എക്‌സ് എല്ലിന്റെ പ്രൊമോഷന് വേണ്ടി കേരളത്തിലെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു രാഘവ ലോറസ്. ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലെത്തുന്ന എസ്‌ജെ സൂര്യയും ലോറന്‍സിനൊപ്പമുണ്ടായിരുന്നു.
ചിത്രത്തിന്റെ ട്രെയലറില്‍ പറയുന്ന നിറത്തിന്റെ പേരിലുള്ള വിവേചനത്തെക്കുറിച്ച് ചൂണ്ടിക്കാണിക്കുകയായിരുന്നു മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍. പിന്നാലയാണ് ലോറന്‍സിന്റെ വെളിപ്പെടുത്തല്‍. നിറത്തിന്റെ വേര്‍ തിരിവ് തമിഴ് സിനിമയില്‍ ഇപ്പോഴില്ല. എന്നാല്‍ ഉണ്ടായിരുന്നു. ഞാന്‍ ഗ്രൂപ്പ് ഡാന്‍സര്‍ ആയിരുന്ന കാലത്ത്. പ്രഭുദേവ മാസ്റ്റര്‍ വന്നതോടെയാണ് അതൊക്കെ മാറുന്നതെന്നാണ് അദ്ദേഹം പറയുന്നത്. അതിന് മുമ്പ് എന്നെ കറുത്ത പട്ടി എന്നെല്ലാം വിളിച്ചിട്ടുണ്ട്. പിന്നിലേക്ക് പോയി നില്‍ക്കൂവെന്ന് പറഞ്ഞിട്ടുണ്ട്. രണ്ടാമത്തെ വരിയില്‍ നിന്നാല്‍ പോലും പിന്നിലേക്ക് മാറി നില്‍ക്കാന്‍ പറയുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
വേദിയില്‍ ഒപ്പം നടന്‍ ഷൈന്‍ ടോം ചാക്കോയുമുണ്ടായിരുന്നു. സിനിമയിലെ ഒരു പ്രധാന വേഷത്തില്‍ ഷൈനുമെത്തുന്നുണ്ട്. രജനീകാന്തിന് ശേഷവും ഇങ്ങനെയുണ്ടോ എന്ന് ഷൈന്‍ ചോദിക്കുന്നുണ്ട്. അതിന് മറുപടി നല്‍കിയത് എസ്‌ജെ സൂര്യയായിരുന്നു. അദ്ദേഹം കരിയര്‍ ആരംഭിക്കുന്നത് ഗ്രൂപ്പ് ഡാന്‍സര്‍ ആയിട്ടാണ്. അന്ന് ആദ്യത്തെ നിരയില്‍ നില്‍ക്കുകയാണെങ്കില്‍ മാസ്റ്റര്‍ അദ്ദേഹത്തോട് നീ കറുത്തിട്ടാണ് പുറകിലേക്ക് മാറി നില്‍ക്കൂവെന്ന് പറയുമായിരുന്നുവെന്നാണ് എസ്‌ജെ സൂര്യ പറയുന്നത്.
പക്ഷെ പ്രഭുദേവ സാര്‍ വന്നതോടെ മാറി. കഴിവിന് മാത്രമാണ് വില എന്നായി. ചിത്രത്തിലെ ഈ ഡയലോഗ് എനിക്ക് ലഭിച്ചപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. എത്രതവണ ഞാനിത് കേട്ടിട്ടുണ്ട്. പക്ഷെ അന്ന് കറുപ്പാണെന്ന് പറഞ്ഞവരില്ലേ, അവരും ഇല്ലായിരുന്നുവെങ്കില്‍ ഇവിടെ എത്തില്ലായിരുന്നു. അതിനാല്‍ അവര്‍ക്കും നന്ദി പറയുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. തന്റെ ഹിറ്റ് പരമ്പരയായ കാഞ്ചനയെക്കുറിച്ചും ലോറന്‍സ് സംസാരിക്കുന്നുണ്ട്.
തെലുങ്കില്‍ മാസ് പടങ്ങളൊക്കെ ചെയ്തപ്പോള്‍ ഒരു പ്രേതപ്പടം ചെയ്യാമെന്ന് കരുതിയാണ് കാഞ്ചന ചെയ്യുന്നത്. എന്നാല്‍ എന്നെ അതില്‍ നിന്നും ഇപ്പോഴും നിങ്ങള്‍ പുറത്ത് കടക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് രാഘവ ലോറന്‍സ് പറയുന്നത്. എവിടെ പോയാലും, കുട്ടികളെ കണ്ടാലും ചോദിക്കുക അടുത്ത കാഞ്ചന എപ്പോള്‍ തുടങ്ങും എന്നാണ്. അതില്‍ നിന്നും പുറത്ത് കടക്കാന്‍ ശ്രമിക്കുകയാണ്. കാര്‍ത്തിക് സുബ്ബരാജ് സാര്‍ പുറത്ത് കൊണ്ടു വരുമെന്ന് കരുതുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.