ഇസ്‌ലാമാബാദ്: ലഷ്കറെ തയിബ മുൻ കമാൻഡർ അക്രം ഖാനെ പാക്കിസ്ഥാനിൽവച്ച് വെടിവച്ചു കൊലപ്പെടുത്തി. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ അജ്ഞാതരുടെ ആക്രമണത്തിലാണ് അക്രം ഘാസി എന്നറിയപ്പെടുന്ന അക്രം ഖാന്‍ കൊല്ലപ്പെട്ടത്. 2018 മുതൽ 2020 വരെ ലഷ്കറിന്റെ റിക്രൂട്മെന്റ് സെൽ മേധാവിയായിരുന്നു. കടുത്ത ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങൾക്കു കുപ്രസിദ്ധനായിരുന്നു അക്രം ഖാൻ.
ഒക്ടോബറിൽ പഠാൻകോട്ട് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഷാഹിദ് ലത്തീഫിനെ പാക്കിസ്ഥാനിൽ വച്ചു വെടിവച്ചു കൊന്നിരുന്നു. 2016ൽ പഠാൻകോട്ട് വ്യോമതാവളത്തിൽ നുഴഞ്ഞുകയറി ആക്രമണം നടത്തിയ നാലു ഭീകരരുടെ ഹാൻഡ്‌ലർ ആയിരുന്നു ലത്തീഫ്.
ഈ സെപ്റ്റംബറിൽ ധാൻഗ്രി ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിൽ ഒരാളായ അബു ഖാസിം എന്ന റിയാസ് അഹമ്മദിനെ പാക്ക് അധീന കശ്മീരിലെ പള്ളിയിൽ വച്ച് അജ്ഞാതർ വെടിവച്ച് കൊന്നിരുന്നു. പോയിന്റ് ബ്ലാങ്ക് റേഞ്ചിലാണ് അബു ഖാസിമിനെ കൊലപ്പെടുത്തിയത്.