നിശാന്തിനി ഐ.പി.എസിനെതിരായ കേസ് ഹൈക്കോടതി അവസാനിപ്പിച്ചു
കൊച്ചി: കക്ഷികള്‍ തമ്മില്‍ പരാതി കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കിയതിനെ തുടര്‍ന്ന് ബാങ്ക് മാനേജറെ പീഡനക്കേസില്‍ കുടുക്കി മര്‍ദിച്ച സംഭവത്തില്‍ ആര്‍. നിശാന്തിനി ഐപിഎസിനെതിരായ കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. യൂണിയന്‍ ബാങ്ക് തൊടുപുഴ ശാഖ മാനേജരായിരുന്ന പഴ്‌സി ജോസഫിനെ വനിത പോലീസുകാരെ ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ചെന്നായിരുന്നു കേസ്. കേസില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പായതിനു പിന്നാലെയാണ് ഒത്തുതീര്‍പ്പിന് നിശാന്തിനിയും പോലീസുകാരും തയാറായത്.
ഹൈക്കോടതിയുടെ മീഡിയേഷന്‍ സെന്ററില്‍ ജൂലൈ 12 ന് 18.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയാണ് കേസ് ഒത്തുതീര്‍പ്പാക്കിയത്. കേസില്‍ മറ്റ് പ്രതികളായ പിഡി പ്രമീള, കെവി മുരളീധരന്‍ നായര്‍ എന്നിവര്‍ക്കെതിരായ കേസും റദ്ദാക്കി. അതേസമയം ചെവനിങ് സ്‌കോളര്‍ഷിപ്പ് ലഭിച്ച് ലണ്ടനില്‍ ഉപരിപഠനത്തിനായി പോയിരിക്കുകയാണ് ഐപിഎസ് ഓഫീസറായ നിശാന്തിനി. ഇന്റര്‍നാഷണല്‍ ചൈല്‍ഡ് സ്റ്റഡീസില്‍ ഒരു വര്‍ഷത്തെ മാസ്റ്റേഴ്‌സ് കോഴ്സിനാണ് പ്രവേശനം ലഭിച്ചിരിക്കുന്നത്.