പമ്പയിലെത്തിയ മൂന്ന് യുവതികളെ പോലീസ് തിരിച്ചയച്ചു; പമ്പയില്‍ കര്‍ശന പരിശോധന
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് എത്തിയ മൂന്ന് യുവതികളെ പോലീസ് പമ്പയില്‍ തടഞ്ഞു. ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ നിന്നെത്തിയ തീര്‍ഥാടക സംഘത്തിനൊപ്പമുണ്ടായിരുന്ന യുവതികളെയാണ് അമ്പത് വയസ് പൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പമ്പയില്‍ തടഞ്ഞത്. ആധാര്‍ കാര്‍ഡ് പരിശോധിച്ചപ്പോള്‍ അമ്പത് വയസായിട്ടില്ലെന്ന് വ്യക്തമായതോടെ ശബരിമലയിലേക്ക് പോകാന്‍ കഴിയില്ലെന്ന് പോലീസ് ഇവരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മൂവരും നിലയ്ക്കലിലേക്ക് മടങ്ങി. പുരുഷന്മാരുള്‍പ്പടെ നിരവധി പേരാണ് വിജയവാഡയില്‍ നിന്നുള്ള സംഘത്തിലുണ്ടായിരുന്നത്.
യുവതികള്‍ക്കുള്ള വിലക്കിനെപ്പറ്റി ഇവര്‍ക്ക് ബോധ്യമുണ്ടായിരുന്നില്ലെന്ന് വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ പോലീസിന് വ്യക്തമായി. തുടര്‍ന്നാണ് പോലീസ് മലചവിട്ടാന്‍ കഴിയില്ലെന്ന് അറിയിച്ചത്. സംഘത്തിലെ മറ്റുള്ളവര്‍ സന്നിധാനത്തേക്ക് പോയി. പമ്പയില്‍ സ്ത്രീകളായ ഭക്തരുടെ മുഴുവന്‍ രേഖകളും പരിശോധിച്ച ശേഷമാണ് മലകയറാന്‍ പോലീസ് അനുവദിക്കുന്നത്.