തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ് ചിതലരിച്ചനിലയിൽ നോട്ടുകെട്ടുകളും തോക്കും ഉൾപ്പെടെ കണ്ടെത്തിയത്. ആയുധങ്ങളും പണവുമെല്ലാം പോലീസ് കസ്റ്റഡിയിലെടുത്തു.

സ്വാതന്ത്ര സമരസേനാനികളടക്കം പ്രമുഖർ ഉന്നതവിദ്യാഭ്യാസം നേടിയ സ്ഥാപനമാണ് കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജ്. 2025-ൽ അടച്ചിട്ട കോളേജ് യൂണിയന്റെ ഓഫീസ് മുറി ഒരുവർഷത്തിന് ശേഷം കഴിഞ്ഞദിവസമാണ് തുറന്നത്. സൗത്ത് കൽക്കട്ട ലോ കോളേജിൽ കഴിഞ്ഞവർഷം യൂണിയൻ മുറിയിൽവെച്ച് വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായിരുന്നു. ഈ സാഹചര്യത്തിലാണ് കൽക്കട്ട ഹൈക്കോടതി സംസ്ഥാനത്തെ കോളേജുകളിൽ യൂണിയൻ മുറികൾ അടച്ചിടാൻ സർക്കാരിനോട് നിർദേശിച്ചത്. ഇതോടെ സുരേന്ദ്രനാഥ് കോളേജിലെ യൂണിയൻ ഓഫീസിനും പൂട്ടുവീണു. എന്നാൽ, ബിജെപി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ കോളേജുകളിൽ വിശദമായ ഓഡിറ്റിന് നിർദേശം നൽകി. വിദ്യാർഥി യൂണിയൻ ഫണ്ട് ചെലവഴിച്ചതിലടക്കം ഓഡിറ്റ് നടത്താനായിരുന്നു നിർദേശം. ഈ നിർദേശത്തിന്റെ പശ്ചാത്തലത്തിൽ യൂണിയൻ ഓഫീസ് തുറന്ന് പരിശോധിച്ചതോടെയാണ് പണവും ആയുധങ്ങളും ഉൾപ്പെടെ കണ്ടെത്തിയത്.

രണ്ട് പഴയ പെട്ടികളിലായാണ് യൂണിയൻ ഓഫീസിൽനിന്ന് ചിതലരിച്ചനിലയിൽ ഒരുകോടിയോളം രൂപ കണ്ടെടുത്തതെന്നാണ് റിപ്പോർട്ട്. 100,500 രൂപയുടെ നോട്ടുകെട്ടുകളാണ് പെട്ടികളിലുണ്ടായിരുന്നത്. ഇതിൽ മിക്കതും ചിതലരിച്ചനിലയിലായിരുന്നു. ഇതിനുപിന്നാലെ കോളേജ് കാമ്പസിൽ നടത്തിയ പരിശോധനയിൽ ശീതീകരിച്ച രണ്ട് കിടപ്പുമുറികളും കണ്ടെത്തി. വിലകൂടിയ കട്ടിലും കിടക്കയും അടക്കമുള്ള എല്ലാ സൗകര്യങ്ങളുമുള്ള മുറികളാണിത്. കോളേജ് കെട്ടിടത്തിന്റെ മുകളിൽനിന്ന് നിരവധി മദ്യക്കുപ്പികളും കണ്ടെടുത്തു. ഗർഭനിരോധന ഉറകളുടെ നിരവധി പാക്കറ്റുകളും ഇവിടെയുണ്ടായിരുന്നു. യൂണിയൻ മുറിക്കുള്ളിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലാണ് ഒരു തോക്ക് കണ്ടെടുത്തതെന്നും മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു.

കോളേജിലെ പ്രവേശനവുമായി ബന്ധപ്പെട്ട് തൃണമൂൽ നേതാക്കളും തൃണമൂലിന്റെ വിദ്യാർഥി വിഭാഗം നേതാക്കളും കൈക്കലാക്കിയ പണമാണ് യൂണിയൻ ഓഫീസിൽനിന്ന് കണ്ടെടുത്തതെന്നാണ് ബിജെപിയുടെ ആരോപണം. അഡ്മിഷന്റെ പേരിൽ പതിനായിരങ്ങളാണ് തൃണമൂലിന്റെ വിദ്യാർഥിസംഘടനയായ ടിഎംസിപി(തൃണമൂൽ ഛാത്ര പരിഷത്ത്)യുടെ നേതാക്കൾ വാങ്ങിയിരുന്നത്. ഇതിനുപുറമേ പല പരിപാടികളുടെ പേരിലും പണം പിരിച്ചിരുന്നു. യൂണിയൻ ഓഫീസിൽനിന്ന് ഈ പണം മമതാ ബാനർജിയുടെ വീട്ടിലേക്കാണ് എത്തിക്കൊണ്ടിരുന്നതെന്നും ബിജെപി ആരോപിച്ചു.

യൂണിയൻ ഫീസ് എന്ന പേരിൽ നേരത്തേ ഒരോ വിദ്യാർഥിയിൽനിന്നും 50 രൂപ മുതൽ 100 രൂപ വരെ കോളേജുകളിൽ പിരിച്ചിരുന്നു. ഇത്തരത്തിൽ ഒരുവർഷം മാത്രം ലക്ഷങ്ങളാണ് വിദ്യാർഥി യൂണിയൻ നേതാക്കൾ കൈക്കലാക്കിയിരുന്നതെന്നും ബിജെപി നേതാക്കൾ പറഞ്ഞു. അതിനിടെ, ബംഗാളിലെ പുതിയ ബിജെപി സർക്കാർ ജൂൺ ഒന്ന് മുതൽ വിദ്യാർഥികളിൽനിന്ന് യൂണിയൻ ഫീസ് പിരിക്കുന്നത് നിർത്തിവെക്കാൻ ഉത്തരവിട്ടിട്ടുണ്ട്.

കോളേജ് കാമ്പസിലെ ശീതീകരിച്ച കിടപ്പുമുറികൾ തൃണമൂൽ സർക്കാരിന്റെ കാലത്ത് നിർമിച്ചതാണെന്നാണ് ബിജെപിയുടെ ആരോപണം. തൃണമൂൽ നേതാവായ ‘കങ്കട്ട ദേബു’ എന്നറിയപ്പെടുന്ന ദേബാശിഷ് ബന്ധ്യോപധ്യായയും ഇദ്ദേഹത്തിന്റെ മകൻ ശിബാശിഷുമാണ് ഈ മുറികൾ ഉപയോഗിച്ചിരുന്നതെന്ന് ബിജെപി നേതാക്കൾ പറയുന്നു. ഇവിടെവെച്ച് കോളേജ് ജീവനക്കാരടക്കം ഇരുനേതാക്കൾക്കും മസാജ് ഉൾപ്പെടെ ചെയ്തുനൽകിയിരുന്നതായും ബിജെപി ആരോപിച്ചു. അതേസമയം, ബിജെപി ആരോപണം തെറ്റാണെന്നും കാമ്പസിലെ മുറികളെക്കുറിച്ച് തനിക്കറിയില്ലെന്നുമായിരുന്നു ദേബാശിഷിന്റെ പ്രതികരണം.

സുരേന്ദ്രനാഥ് കോളേജ് ഉൾപ്പെടെയുള്ള പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൃണമൂലിന്റെ വിദ്യാർഥി വിഭാഗം തങ്ങളുടെ ആധിപത്യം സ്ഥാപിക്കുന്നതായി നേരത്തേ തന്നെ ആരോപണമുണ്ടായിരുന്നു. കഴിഞ്ഞവർഷങ്ങളിൽ യൂണിയൻ തിരഞ്ഞെടുപ്പ് നടക്കാതിരുന്നിട്ടും സുരേന്ദ്രനാഥ് കോളേജിൽ തൃണമൂലിന്റെ വിദ്യാർഥിനേതാക്കളാണ് എല്ലാപ്രവർത്തനങ്ങളും കൈകാര്യംചെയ്തിരുന്നത്. ഇതിൽ മിക്ക കാമ്പസുകളിലും പഠനം കഴിഞ്ഞ് പോയ വിദ്യാർഥി നേതാക്കളാണ് യൂണിയൻ ഓഫീസുകളടക്കം കൈയടക്കിയിരുന്നത്.

In a massive raid at Kolkata’s historic Surendranath College, police recovered over ₹1 crore in cash alongside a major cache of weapons and liquor bottles from the student union office. The search operation was conducted following directives from the BJP government led by Chief Minister Suvendu Adhikari, revealing bundles of termite-infested cash and firearms. The seized illicit money and lethal weapons have been taken into police custody as a high-level investigation into the campus criminal network gets underway.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News