തിരുവനന്തപുരം: കേരളത്തിൽ പലയിടത്തും മഴ ശക്തമായി. തിരുവനന്തപുരത്ത് വൈകിട്ട് ആരംഭിച്ച ഇടിയോട് കൂടിയ മഴ ഇപ്പോഴും തുടരുകയാണ്. താഴ്ന്ന സ്ഥലങ്ങൾ പലതും വെള്ളത്തിൽ മുങ്ങി. തമ്പാനൂരിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, എസ് എസ് കോവിൽ റോഡ്, റെയിൽവേ സ്റ്റേഷൻ പരിസര പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. റെയിൽവേ ട്രാക്കിലും വെള്ളം കയറി.
തിരുവനന്തപുരം നഗരത്തിൽ രണ്ടര മണിക്കൂറിൽ 79 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. കോഴിക്കോട് കക്കയത്തും കാസർഗോഡ് വെളളരിക്കുണ്ടിലും മഴ തുടരുകയാണ്.സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതിശക്തമായ മഴയ്ക്കും കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതിനാൽ മറ്റന്നാൾ മുതൽ കേരള തീരത്ത് നിന്ന് കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.
സംസ്ഥാനത്ത് വെളളിയാഴ്ച മുതല്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ന്യൂമര്‍ദ്ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഇല്ലെങ്കിലും സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
മേയ് 14 ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും മേയ് 15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പില്‍ നിന്ന് ലഭിച്ച ഏറ്റവും പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ന്യൂനമര്‍ദ്ദ രൂപീകരണവുമായി ബന്ധപ്പെട്ട് 2021 മേയ് പതിമൂന്നോട് കൂടി തന്നെ അറബിക്കടല്‍ പ്രക്ഷുബ്ധമാവാനും കടലില്‍ ശക്തമായ കാറ്റും മോശം കാലാവസ്ഥയും രൂപപ്പെടാനും സാദ്ധ്യതയുണ്ട്.
ലക്ഷദ്വീപിന് സമീപം വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യുനമര്‍ദ്ദം മെയ് പതിനാറോടെ ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായി മാറാനും സാദ്ധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. നിലവില്‍ ആഴക്കടലില്‍ മത്സ്യ ബന്ധനത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കുന്ന് മത്സ്യത്തൊഴിലാളികള്‍ മേയ് 12 അര്‍ദ്ധരാത്രിയോട് കൂടി തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്തേക്ക് എത്തേണ്ടതാണെന്ന് ദുരന്ത നിവാരണ അതോറിട്ടി അഭ്യര്‍ത്ഥിച്ചു.
അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ
*പുറപ്പെടുവിച്ച സമയം:10.00 PM 11.05.2021*
അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, തൃശൂർ എന്നീ ജില്ലകളിൽ 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.