ഇസ്രയെലില്‍ ഷെല്ലാക്രമണം,മലയാളി യുവതി മരിച്ചു

ഇടുക്കി:ഇസ്രയേലിലെ അഷ്കലോണിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ മലയാളി യുവതി കൊല്ലപെട്ടു. ഇടുക്കി കീരിത്തോട് സ്വദേശി മുപ്പത്തി രണ്ടുകാരിയായ സൗമ്യ സന്തോഷാണ് മരിച്ചത്. കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു.

ആക്രമണത്തിൽ സൗമ്യ പരിചരിച്ചിരുന്ന ഇസ്രായേൽ യുവതിയും മരിച്ചു. വൈകിട്ട് കീരിത്തോട്ടിലുള്ള ഭർത്താവുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഷെല്ലുകൾ താമസസ്ഥലത്ത് പതിക്കുകയായിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ മെമ്പർമാരായ സതീശൻ്റയും സാവിത്രിയുടെയും മകളാണ് സൗമ്യ. 7 വർഷമായി ഇസ്രായേലിലാണ് ജോലി ചെയ്യുന്നത്. 2 വർഷം മുൻപാണ് ഏറ്റവുമൊടുവിൽ നാട്ടിൽ വന്ന് മടങ്ങിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രായേലിനെതിരെ ശക്തമായ റോക്കറ്റ് ആക്രമണങ്ങളാണ് ഹമാസ് ഭീകരര്‍ നടത്തിയത്. പൗരന്മാര്‍ക്കെതിരെയുള്ള ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു. ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നിലവില്‍ ഗാസ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു എന്നാണ് സൂചന.