CrimeKeralaNews

ഗൂഗിൾ പേ ചെയ്യാൻ ഫോൺ നമ്പർ വാങ്ങി, പിന്തുടർന്ന് പീഡിപ്പിച്ചു; കോട്ടയത്ത് യുവാവ് പിടിയിൽ

പാലാ: പാലാ സ്വദേശിനിയെ പീഡിപ്പിച്ച കേസിൽ കോട്ടയം ഒളശ്ശ വേലംകുളം രാഹുൽ രാജീവ് (21) പിടിയിലായി. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഏഴിന് കൊഴുവനാലിന് സമീപമാണ് സംഭവം നടന്നത്. കോട്ടയത്ത് ബിസിനസ് നടത്തുന്ന വീട്ടമ്മയുടെ അടുക്കലെത്തിയ രാഹുൽ ഗൂഗിൾപേ ചെയ്യാനെന്ന വ്യാജേന ഫോൺ നമ്പർ കരസ്ഥമാക്കി. തുടർന്ന് ഫോൺ വിളിച്ച് വീട്ടമ്മയുടെ കുടുംബ സാഹചര്യവും താമസസ്ഥലവും മനസ്സിലാക്കി.

ചൊവ്വാഴ്ച വീട്ടമ്മ കയറിയ അതേ ബസിൽ രഹസ്യമായി രാഹുൽ പിന്തുടർന്നു. വീട്ടമ്മ ഇറങ്ങേണ്ട ബസ്‌സ്റ്റോപ്പിന് മുമ്പിലിറങ്ങിയ രാഹുൽ ജങ്‌ഷനിൽ ഉണ്ടായിരുന്ന ഓട്ടോയിൽ ബസിനെ പിന്തുടർന്നു. ബസിറങ്ങി ഇടവഴിയിലൂടെ വീട്ടിലേക്ക് പോയ വീട്ടമ്മയെ രാഹുൽ അടുത്തുള്ള റബ്ബർ തോട്ടത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. വീട്ടമ്മ നിലവിളിച്ച് ഭർത്താവിനെ വിളിക്കാൻ ശ്രമിച്ചപ്പോൾ ഫോൺ ബലമായി പിടിച്ചുവാങ്ങി. ഈ സമയം ഓടി രക്ഷപ്പെട്ട് റോഡിൽ എത്തിയ വീട്ടമ്മയെ ആ വഴി പോയ ബൈക്ക് യാത്രക്കാരാണ് രക്ഷപ്പെടുത്തിയത്. വീട്ടമ്മയിൽനിന്ന്‌ വിവരങ്ങൾ മനസ്സിലാക്കിയ ബൈക്കിലെത്തിയ യുവാക്കൾ റബ്ബർ തോട്ടത്തിൽ തിരഞ്ഞെങ്കിലും രാഹുൽ ഓടി രക്ഷപ്പെട്ടു.

സംഭവസ്ഥലത്തുനിന്ന്‌ ഒരു കിലോമീറ്ററോളം ഓടി മറ്റൊരു റോഡിൽ എത്തിയ പ്രതി ഓട്ടോയിൽ കയറി അയർക്കുന്നത്തെത്തി. അവിടെ ബാറിൽ കയറി മദ്യപിച്ചു. വീട്ടമ്മയുടെ ഫോണിന്റെ ലൊക്കേഷൻ മനസ്സിലാക്കി പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് ഫോൺ ഓഫ് ചെയ്തു. തന്റെ ഭാര്യ ഗർഭിണിയാണെന്നും ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ ആണെന്നും പറഞ്ഞ് ബാറിൽ ഉണ്ടായിരുന്ന യുവാക്കളുടെ ബൈക്കിൽ കോട്ടയം മെഡിക്കൽ കോളേജ് പരിസരത്തെത്തി രക്ഷപ്പെട്ടു. അവിടെനിന്നും നടന്ന് വെളുപ്പിന് വീട്ടിലെത്തുകയായിരുന്നു.

വീട്ടമ്മയുടെ ഫോൺ നഷ്ടപ്പെട്ടതിനാൽ പ്രതിയെക്കുറിച്ച് യാതൊരു വിവരവും പോലീസിന് ആദ്യം ലഭിച്ചിരുന്നില്ല. പിന്നീട് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ഫോൺ നമ്പർ മനസ്സിലാക്കി പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്ന് ഒളശ്ശയിലുള്ള വീട്ടിൽനിന്ന്‌ പിടികൂടുകയായിരുന്നു. പ്രതിയുടെ വീട്ടിൽനിന്ന്‌ വീട്ടമ്മയുടെ ഫോണും ഊരിമാറ്റിയ നിലയിൽ സിമ്മും കണ്ടെത്തി. പാലാ എസ്.എച്ച്.ഒ. കെ.പി.തോംസൺ, എസ്‌.ഐ. അഭിലാഷ് എം.ഡി., എ.എസ്.ഐ. ബിജു കെ.തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷെറിൻ സ്റ്റീഫൻ, സി.രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker