വാഷിങ്ടൺ ഡി.സി: അമേരിക്കയും ഇറാനും തമ്മിലുള്ള മൂന്ന് മാസത്തിലേറെ നീണ്ടുനിന്ന യുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട് ചരിത്രപരമായ സമാധാന കരാറിൽ ധാരണയായി. ജൂൺ 19-ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ വെച്ച് സമാധാന കരാർ ഔദ്യോഗികമായി ഒപ്പുവെക്കും. ലബനൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലെയും സൈനിക നീക്കങ്ങൾ ഉടനടി സ്ഥിരമായി അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചു. ഇറാന് നേരെയുള്ള നാവിക ഉപരോധം അമേരിക്ക ഉടനടി നീക്കും. ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ യുഎസ് പ്രസിഡന്റ് ഉത്തരവിട്ടു.
കരാറിന്റെ ഭാഗമായി ഇറാന്റെ മരവിപ്പിച്ച 12 ശതകോടി ഡോളർ യുഎസ് വിട്ടുനൽകുമെന്നാണ് റിപ്പോർട്ടുകൾ. 60 ദിവസത്തെ ചർച്ചാ കാലയളവിൽ ഇത് 24 ശതകോടി ഡോളറായി ഉയർന്നേക്കാമെന്നും സൂചനയുണ്ട്. കരാർ ഒപ്പുവെച്ച ശേഷം തുടർന്നുള്ള 60 ദിവസങ്ങളിൽ അവസാനവട്ട ചർച്ചകൾ നടക്കും. ഇറാന്റെ ആണവ പദ്ധതികൾ, ഉപരോധങ്ങൾ നീക്കൽ എന്നിവ ഈ കാലയളവിൽ ചർച്ചാവിഷയമാകും.
സമാധാന കരാർ ഒപ്പുവയ്ക്കുമെന്ന പ്രഖ്യാപനത്തെ ലോകരാഷ്ട്രങ്ങൾ സ്വാഗതം ചെയ്തു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഇതിനെ ‘നിർണ്ണായകമായ ചുവടുവെപ്പ്’ എന്നാണ് വിശേഷിപ്പിച്ചത്. പിന്നാലെ ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നീ രാജ്യങ്ങൾ ഇറാന് മേലുള്ള ഉപരോധങ്ങൾ നീക്കാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചതോടെ പശ്ചിമേഷ്യയിലെ സംഘർഷം അവസാനിക്കാനും മേഖലയിൽ സമാധാനം തിരികെ വരാനും വഴിയൊരുങ്ങി.
സമാധാന കരാർ വാർത്ത പുറത്തുവന്നതോടെ ആഗോള വിപണിയിൽ എണ്ണവില നാല് ശതമാനത്തിലധികം കുറഞ്ഞു. ജപ്പാനിലെ ഓഹരി വിപണിയിൽ വലിയ മുന്നേറ്റമുണ്ടാകുകയും ചെയ്തു. എണ്ണവില കുറയുന്നത് ആഗോളതലത്തിൽ ഊർജ്ജ ചിലവ് കുറയ്ക്കാൻ സഹായിക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറഞ്ഞു
‘ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനുമായുള്ള ഉടമ്പടി പൂർത്തിയായി. ഹോർമുസ് കടലിടുക്ക് നികുതിയില്ലാതെ തുറക്കുന്നതിന് ഞാൻ പൂർണ്ണമായി അംഗീകാരം നൽകുന്നു, ഇതിനൊപ്പം അമേരിക്കൻ നാവിക ഉപരോധം ഉടനടി നീക്കം ചെയ്യാനും അംഗീകാരം നൽകുന്നു. ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എഞ്ചിനുകൾ പ്രവർത്തിപ്പിക്കുക. എണ്ണ ഒഴുകട്ടെ,’ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഉടമ്പടി പ്രകാരം ഇരു രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം ഉടനടി അവസാനിപ്പിക്കുകയും രണ്ട് മാസത്തിനുള്ളിൽ അന്തിമ ഉടമ്പടിക്കായി ചർച്ചകൾ നടത്തുകയും ചെയ്യുമെന്ന് ഇറാനിയൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഗാരിബാബാദി പറഞ്ഞു. ചർച്ചകൾക്കുള്ള ഭാവി ക്രമീകരണങ്ങൾ നിർണ്ണയിക്കാൻ വെള്ളിയാഴ്ച ഇരു പ്രതിനിധികളും ചർച്ചകൾ നടത്തും.
യുദ്ധം അവസാനിച്ച് ഹോർമുസ് കടലിടുക്ക് തുറന്നതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ആശ്വസിക്കാം. ഹോർമുസ് കടലിടുക്കിലെ ഉപരോധം ലോകമെമ്പാടും സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിരുന്നു. ഇത് അമേരിക്കയിലൾപ്പെടെ പല രാജ്യങ്ങളിലും പണപ്പെരുപ്പത്തിന് കാരണമായി. കൂടാതെ വളം പോലുള്ള ഉൽപ്പന്നങ്ങളുടെ വിതരണ ശൃംഖലകളും തടസ്സപ്പെടുത്തി. ഇന്ത്യയിൽ പോലും പാചകവാതക വിതരണത്തിന് പ്രതിസന്ധി നേരിട്ടു. ഇന്ധന വില പിടിച്ചു നിർത്തിയെങ്കിലും സമ്മർദ്ദം അധികരിച്ചതോടെ വില ഉയർത്താൻ നിർബന്ധിതമായി. യുദ്ധം അവസാനിച്ചാലും സാധാരണ നിലയിലെത്താൻ മാസങ്ങൾ വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
English Summary
Ending over three months of intense military conflict, the United States and Iran have reached a historic peace agreement, which will be officially signed in Geneva, Switzerland, on June 19. Both nations have agreed to permanently halt all military operations across the region, including Lebanon. The US will immediately lift its naval blockade on Iran and the US President has ordered the reopening of the strategic Strait of Hormuz for international maritime trade. As part of the deal, the US will release $12 billion of frozen Iranian assets, which could potentially rise to $24 billion during the subsequent 60-day negotiation period focusing on Iran’s nuclear program and sanctions. UN Secretary-General Antonio Guterres hailed t

