27.8 C
Kottayam
Thursday, April 25, 2024

വിമാന ടിക്കറ്റ് നിരക്ക് ആറിരട്ടിയോളം കൂട്ടി; പ്രവാസികളുടെ പെരുന്നാള്‍ സ്വപ്‌നത്തില്‍ കരിനിഴല്‍

Must read

അബുദാബി: പെരുന്നാളും അവധിക്കാലവും പ്രമാണിച്ച് വിമാന കമ്പനികള്‍ മത്സരിച്ച് നിരക്ക് ഉയര്‍ത്തിയതോടെ നാട്ടിലേക്ക് പോകാന്‍ കഴിയാതെ സാധാരണക്കാരായ പ്രവാസികള്‍. നേരിട്ടുള്ള വിമാനങ്ങളില്‍ സിറ്റ് കിട്ടാനില്ലാത്തതും കണക്ഷന്‍ വിമാനങ്ങളില്‍ ടിക്കറ്റിന് ആറിരട്ടി നിരക്ക് ഈടാക്കുന്നതുമാണ് പ്രവാസികളെ വലയ്ക്കുന്നത്. കൊവിഡ് മൂലം നാട്ടിലേക്ക് പോകാന്‍ കഴിയാതെ വിഷമിച്ച പലരും പെരുന്നാള്‍ ആഘോഷിക്കാനെങ്കിലും നാട്ടില്‍ പോകാമെന്ന് കരുതിയിരുന്നു. എന്നാല്‍ ടിക്കറ്റ് വര്‍ധന ആ പ്രതീക്ഷയും തകിടം മറിച്ചു.

യു എ ഇയില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ സീറ്റില്ലാത്തതാണ് പ്രധാന പ്രശ്‌നം. ചില വിദേശ എയര്‍ലൈനില്‍ പരിമിത സീറ്റ് ലഭ്യമാണെങ്കിലും വന്‍ തുക നല്‍കണം. എന്നാല്‍ മറ്റ് രാജ്യങ്ങള്‍ വഴി കണക്ഷന്‍ വിമാനത്തില്‍ പോകുകയാണെങ്കിലും ഏതാണ്ട് ഇതേ നിരക്ക് തന്നെ നല്‍കേണ്ടി വരും. യു എ ഇ യില്‍ പെരുന്നാളിന് ഒന്‍പത് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ഇതോടെ നാട്ടിലേക്ക് പോകാനായി ടിക്കറ്റ് ബുക്ക് ചെയ്ത് പലരുടെയും കീശ കാലിയായി. ഒമാനിലും ഒമ്പത് ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അഞ്ചിരട്ടി വരെയായിരുന്നു കഴിഞ്ഞ ആഴ്ചത്തെ വര്‍ധന. ഇന്നലെ ടിക്കറ്റിനായി സമീപിച്ചവരോട് 2550 ദിര്‍ഹം (53126 രൂപ) മുടക്കാമെങ്കില്‍ ഒരു വണ്‍വേ ടിക്കറ്റ് ഒപ്പിക്കാം എന്നായിരുന്നു ട്രാവല്‍ ഏജന്റുമാരുടെ മറുപടി. പത്ത് ദിവസം മുന്‍പ് 350 ദിര്‍ഹത്തിന് (7291 രൂപ) ലഭിച്ചിരുന്ന ടിക്കറ്റാണിത്. മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, കൊളംബൊ തുടങ്ങി സ്ഥലങ്ങള്‍ വഴി കണക്ഷന്‍ വിമാനത്തിന് 2100 ദിര്‍ഹത്തിന് (43751 രൂപ) മുകളിലാണ് ശരാശരി നിരക്ക് ഈടാക്കുന്നത്.

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് വര്‍ധന ശനിയാഴ്ച മുതല്‍ നിലവില്‍ വന്നിട്ടുണ്ട്. പ്രവാസികളുടെ മടക്കയാത്ര ലക്ഷ്യമിട്ട് മെയ് ആദ്യവാരം മുതല്‍ കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്കും വര്‍ധിപ്പിക്കും. ഷാര്‍ജ, അബുദാബി, ദുബായ് എന്നിവിടങ്ങളില്‍നിന്ന് കരിപ്പൂരിലേക്ക് 8000 രൂപയായിരുന്നത് 40,000 വരെയാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍ നിരക്കിലും ഗണ്യമായ വര്‍ധനയുണ്ട്.

എല്ലാ വിമാന കമ്പനികളും നിരക്ക് കുത്തനെ കൂട്ടിയിട്ടുണ്ട്. സൗദി സര്‍വീസില്‍ മൂന്നിരട്ടിയാണ് വര്‍ധന. 12,000 ത്തിനും 15,000 ത്തിനും ഇടയിലായിരുന്ന ടിക്കറ്റ് നിരക്ക് 38,000 രൂപ വരെയാക്കി. ഖത്തര്‍, കുവൈത്ത്, ഒമാന്‍ രാജ്യങ്ങളില്‍നിന്ന് 9000 രൂപയായിരുന്നത് 39,000 മുതല്‍ 41,000 വരെ ആക്കിയിരിക്കുകയാണ്. വിഷു, ഈസ്റ്റര്‍ അവധിക്കാലം പ്രമാണിച്ച് തന്നെ നിരക്ക് വര്‍ധന വിമാന കമ്പനികള്‍ നടപ്പാക്കിയിരുന്നു.

അതേസമയം ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് ഉള്ള വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച വിമാന കമ്പനികളുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി പറഞ്ഞു. പെരുന്നാള്‍ പ്രമാണിച്ച് കൂടുതല്‍ പ്രവാസി മലയാളികള്‍ നാട്ടില്‍ എത്തുന്ന സമയത്താണ് തോന്നിയ പോലെ വിമാന ടിക്കറ്റ് ചാര്‍ജ് കൂട്ടിയിട്ടുള്ളത് എന്ന് കേരള പ്രവാസി സംഘം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരും സിവില്‍ വ്യോമ മന്ത്രാലയവും നല്‍കിയ അനുമതിയുടെ ബലത്തിലാണ് പ്രവാസികളെ വലയ്ക്കുന്ന വര്‍ധന വരുത്തിയിട്ടുള്ളതെന്നും രാജ്യത്തിന് വിദേശ നാണ്യ ശേഖരം വന്‍തോതില്‍ എത്തിക്കുന്ന പ്രവാസികളെ കൊള്ളയടിക്കുന്ന നിലപാട് തിരുത്തണമെന്നും പ്രവാസി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week