സംഘപരിവാര്‍ വെട്ടിക്കൊല്ലുന്നതിനെക്കാളും ബോംബ് ഉണ്ടാക്കുന്നതിനെക്കാളും നല്ലത് സിനിമ എടുക്കുന്നത് : ആഷിഖ് അബു
കൊച്ചി:സംഘപരിവാര്‍ വെട്ടിക്കൊല്ലുന്നതിനെക്കാളും ബോംബ് ഉണ്ടാക്കുന്നതിനെക്കാളും നല്ലത് അവര്‍ സിനിമ എടുക്കുന്നതാണെന്ന് സംവിധായകന്‍ ആഷിഖ് അബു. അതിനെ ചെറുത്തുതോല്പിക്കാന്‍ കേരളത്തിലെ മതേതര പക്ഷത്തുള്ള സംവിധായകര്‍ക്ക് സാധിക്കുമെന്നും ആഷിഖ് അബു പറഞ്ഞു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് ആഷിഖ് അബുവിന്റെ പ്രതികരണം. സംഘപരിവാർ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന സിനിമകൾ വരുന്നു എന്നതിനോട് ആഷിഖിന് എന്താണ് പ്രതികരിക്കാനുള്ളതെന്നായിരുന്നു അവതാരകന്റെ ചോദ്യം.
ആഷിഖ് അബുവിന്റെ പ്രതികരണം:
”അങ്ങനത്തെ സിനിമകളോട് മത്സരിക്കാന്‍ ഞങ്ങളും സിനിമകളുണ്ടാക്കും. അവര്‍ സിനിമകളുണ്ടാക്കട്ടെ. ഇവിടെ യുദ്ധമോ ബോംബോ ഉണ്ടാക്കുന്നതിന് പകരം അവര്‍ സിനിമ ഉണ്ടാക്കട്ടെ. അതിനോട് എതിര്‍ത്ത് നില്‍ക്കാന്‍ പുരോഗമന രാഷ്ട്രീയം ഉള്ള കലാകാരന്മാര്‍ക്ക് പറ്റില്ലേ. എണ്ണത്തില്‍ കൂടുതല്‍ അവരല്ലേ. പോയി വെട്ടിക്കൊല്ലുന്നതിനെക്കാളും നല്ലത് സിനിമ ചെയ്യുന്നതാണ്. അതിനെ എതിര്‍ക്കാന്‍ മറ്റ് സിനിമകളുണ്ടാവും.’- ആഷിഖ് അബു പറഞ്ഞു.
മലയാള സിനിമയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് നടക്കുന്നതെന്നും എന്നാല്‍ മലബാറിലെ നവാഗത കൂട്ടായ്മയില്‍ പിറക്കുന്ന സിനിമകളിലെ സ്വത്വ രാഷ്ട്രീയ വാദം തനിക്ക് യോജിക്കാന്‍ പറ്റാത്തതാണെന്നും ആഷിഖ് അബു പറഞ്ഞു. ”കേരളത്തിലെ പലയിടങ്ങളിലും ചെറിയ കൂട്ടായ്മകളിലൂടെ മികച്ച സിനിമകള്‍ ഉടലെടുക്കുന്നു.
വിപ്ലവകരമായ മാറ്റമാണ് മലയാള സിനിമയില്‍ നടക്കുന്നത്. പക്ഷേ മലബാറിലെ നവാഗത കൂട്ടായ്മയില്‍ പിറക്കുന്ന സിനിമകളിലെ സ്വത്വ രാഷ്ട്രീയ വാദം യോജിക്കാന്‍ പറ്റാത്തതാണ്. അത്തരം സിനിമകള്‍ കൊണ്ടുവരുന്നവരോട് വിയോജിച്ച് തന്നെ സഹകരിക്കും’- ആഷിഖ് പറഞ്ഞു.
മലപ്പുറം-മലബാര്‍ മേഖലകളില്‍ നിന്ന് വരുന്ന, അണ്ടര്‍ പ്രിവിലേജ്ഡ് എന്ന് പൊതുവെ വിചാരിച്ചിരുന്ന കുറച്ച് ആളുകള്‍ നല്ല സിനിമകള്‍ ഉണ്ടാക്കാന്‍ വന്നതാണ്. അവരെല്ലാം തന്നെ കൃത്യമായ രാഷ്ട്രീയബോധമുള്ള ആളുകളാണെന്നും, അവര്‍ ചെയ്യുന്ന പ്രവര്‍ത്തികളില്‍ അവരുടേതായ രാഷ്ട്രീയപ്രവര്‍ത്തനം കൊണ്ട് വരുമെന്നും ആഷിഖ് അബു പറഞ്ഞു. അവര്‍ ആദ്യകാലഘട്ടങ്ങളില്‍ ചെയ്ത സിനിമകളില്‍ അതുണ്ട്. ഇനിയും ആ സ്വഭാവമുണ്ടാകും എന്ന് പറയാന്‍ കഴിയില്ല, അത് കണ്ട് തന്നെ അറിയണം എന്നും ആഷിഖ് അബു പറയുന്നു.
എഡിറ്റിങ് കാണണമെന്ന് ആവശ്യപ്പെടുന്നതടക്കം സിനിമയിൽ ഇടപെടുന്ന അഭിനേതാക്കൾ പണ്ടുമുണ്ടായിട്ടുണ്ടെന്നും അതിനിയും ഉണ്ടാകുമെന്നും സംവിധായകൻ ആഷിഖ് അബു.
സംവിധായകൻ ആരെയും എഡിറ്റ് ചെയ്ത ഭാഗങ്ങൾ കാണിക്കേണ്ട ആവശ്യമില്ല. അക്കാര്യത്തിൽ സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നു. എഡിറ്റ് കാണിക്കണമെങ്കിൽ നിർമാതാക്കളെ മാത്രമേ കാണിക്കേണ്ട ആവശ്യമുള്ളൂ. ഇത്തരം ആവശ്യമുന്നയിക്കുന്നത് മനുഷ്യരുടെ ഒരു കൂട്ടമാണ്. അതുകൊണ്ട് എല്ലാവരുടെയും അച്ചടക്കം ഒരുപോലെയാകണമെന്നില്ലെന്നും ആഷിഖ് അബു പറഞ്ഞു
കല്ലേറും പൂമാലയും മുന്നിൽക്കണ്ട് തന്നെയാണ് ഞാൻ സിനിമയെടുക്കാറ്. എന്റെ സിനിമയിൽ രാഷ്ട്രീയ നിലപാടുകളുണ്ടോ എന്ന് പ്രേക്ഷകരാണ് പറയേണ്ടത്. ഒരു രാഷ്ട്രീയമുദ്രാവാക്യം എന്റെ സിനിമയിൽ ഉയർത്തിപ്പിടിക്കാനല്ല ശ്രമിക്കുന്നത്. യാതൊരു അവകാശവാദവുമില്ലാതെ പുറത്തേയ്ക്ക് വരുന്ന സിനിമകളാണവ. നാട്ടുകാരെല്ലാവരും കാണുന്ന സിനിമകൾ ഉണ്ടാക്കാനാണ് ഞാൻ ശ്രമിക്കുന്നത്.
ഭാർഗവീനിലയം പുനർനിർമിച്ചതല്ല. തങ്ങളുടേതായ ഭാഷയിൽ സങ്കൽപിച്ചതാണ് നീലവെളിച്ചം. വൈക്കം മുഹമ്മദ് ബഷീറിന്റെ ഒറിജിനൽ തിരക്കഥയാണ് നീലവെളിച്ചത്തിൽ പ്രവർത്തിച്ച എല്ലാവരെയും പ്രചോദിപ്പിച്ചത്. ഒറിജിനൽ തിരക്കഥയിൽ നിന്ന് ഏറെ മാറ്റങ്ങളോടെയാണ് എ. വിൻസന്റ് ഭാർഗവീനിലയം ഒരുക്കിയത്. ഒറിജിനലിനെ അടിസ്ഥാനമാക്കിയുണ്ടാക്കിയതാണ് നീലവെളിച്ചം. ഇനിയും ഏറെ സിനിമകൾ ചെയ്യാനുള്ള അക്ഷയപാത്രമാണ് ആ തിരക്കഥയെന്നും ആഷിഖ് അബു പറഞ്ഞു.
വൈക്കം മുഹബദ് ബഷീറിന്റെ തിരക്കഥയെ അടിസ്ഥാനമാക്കി ഒരുക്കിയ ‘നീലവെളിച്ചം’ ആണ് ഒടുവില്‍ പുറത്തിറങ്ങിയ ആഷിഖ് അബു ചിത്രം. ചിത്രം ഏപ്രില്‍ 20 ന് തിയേറ്റുകളിൽ എത്തി. റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.