അമൃത്‌സർ : പഞ്ചാബിലെ അമൃത്‌സറിൽ പോലീസ് സ്‌റ്റേഷനിൽ സ്‌ഫോടനം. ബുധനാഴ്ച രാവിലെ മുൻ ഉപമുഖ്യമന്ത്രി സുഖ്‌ബീർ ബാദലിന് നേരെ ആക്രമണം നടന്ന് ഏകദേശം 12 മണിക്കൂറിന് ശേഷമാണ് അമൃത്‌സർ ജില്ലയിലെ മജിത പോലീസ് സ്‌റ്റേഷനിൽ വൻ സ്ഫോടനം നടന്നത്.
സ്‌ഫോടനത്തിൽ സ്‌റ്റേഷൻ ഇൻചാർജിൻ്റെ മുറി ഉൾപ്പെടെ തകർന്നു. രണ്ട് പോലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശക്തമായ പൊട്ടിത്തെറിയുടെ ശബ്‌ദം കേട്ട് സമീപത്തെ വീടുകളിൽ നിന്ന് ആളുകൾ പുറത്തിറങ്ങി പോലീസ് സ്‌റ്റേഷന് ചുറ്റും തടിച്ചുകൂടി. സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ ഇവർ വീഡിയോയിൽ പകർത്താൻ ആരംഭിച്ചതോടെ പോലീസും ജനങ്ങളും തമ്മിൽ സംഘർഷം ഉണ്ടായി.
പഞ്ചാബിൽ പോലീസ് സ്റ്റേഷനുകൾ ആക്രമിക്കപ്പെടുന്നത് ഇപ്പോൾ തുടർക്കഥയാവുകയാണ്. നവംബർ 24ന് അജ്‌നാല പോലീസ് സ്‌റ്റേഷനിൽ ഐഇഡി ഉപയോഗിച്ച് സ്‌ഫോടനം നടത്താൻ ശ്രമം നടന്നിരുന്നു. കൂടാതെ നവംബർ 26 ന് അമൃത്‌സറിലെ ഗുർബക്ഷ് നഗറിൽ അടച്ചിട്ട പോലീസ് പോസ്റ്റിന് പുറത്ത് ഹാൻഡ് ഗ്രനേഡ് സ്‌ഫോടനവും നടന്നിരുന്നു.