ട്രംപ് കുറ്റവിമുക്തൻ: രണ്ടാം തവണയും കുറ്റവിചാരണ അതിജീവിച്ചു
വാഷിങ്ടൻ: മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രണ്ടാം തവണയും കുറ്റവിചാരണ അതിജീവിച്ചു. കുറ്റം ചുമത്തി ശിക്ഷവിധിക്കാൻ സെനറ്റ് മൂന്നിൽ രണ്ടു ഭൂരിപക്ഷമായ 67 വോട്ടു വേണമെന്നിരിക്കെ ഇന്നലെ വിചാരണയ്ക്കു ശേഷം ട്രംപ് കുറ്റക്കാരനെന്നു വോട്ടു ചെയ്തത് ആകെയുള്ള 50 ഡമോക്രാറ്റ് അംഗങ്ങളും 7 റിപ്പബ്ലിക്കൻ അംഗങ്ങളും.
പാർലമെന്റ് മന്ദിരത്തിനുനേരെ കലാപകാരികൾ ആക്രമണം നടത്തിയതിനു കാരണക്കാരൻ ട്രംപാണെന്ന ആരോപണമാണ് 5 ദിവസം നീണ്ട കുറ്റവിചാരണയ്ക്കു ശേഷം സെനറ്റ് തള്ളിയത്.വാഷിങ്ടൻ സമയം ഇന്നലെ വൈകിട്ട് (ഇന്ത്യൻ സമയം ഇന്നു പുലർച്ചെ) വോട്ടെടുപ്പു നടന്നു. സാക്ഷികളെ ഹാജരാക്കുന്ന നടപടി ഒഴിവാക്കിയതോടെയാണ് സെനറ്റ് വോട്ടെടുപ്പിലേക്ക് വേഗം നീങ്ങിയത്.
യുക്രെയ്ൻ പ്രസിഡന്റുമായി ഗൂഢാലോചന നടത്തി ഡമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരെ കേസന്വേഷണത്തിനു ശ്രമിച്ചെന്ന ആരോപണത്തിലായിരുന്നു ട്രംപിന്റെ ആദ്യത്തെ കുറ്റവിചാരണ.