കൊവിഡ് നാലാം തരംഗം, ചൈനയിൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു
ബീജിംഗ്: ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാഴ്ത്തി ചൈനയിലെ (China) കൊവിഡ് (Covid) നാലാം തരംഗം. ഷാങ്ഹായിക്ക് പിറകെ തലസ്താനമായ ബീജിംഗിലും ചൈനീസ് സർക്കർ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഒമിക്രോൺ വകഭേദമാണ് കൊവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്ത ചൈനയിൽ ഇപ്പോൾ ആശങ്ക പടർത്തുന്നത്.
കഴിഞ്ഞ മാസമാണ് ചൈനയിൽ കൊവിഡ് നാലാം തരംഗം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മാർച്ച് 28 ന് വ്യാവസായിക തലസ്ഥാനമായ ഷാങ്ഹായിയിൽ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വന്ന് ഒരമാസമാകുമ്പോഴും കൊവിഡ് വ്യാപനം കുറയാത്തതാണ് ആശങ്ക വർധിപ്പിക്കുന്നത്. ഇന്ന് മാത്രം ചൈനയിൽ ഇരപത്തിരണ്ടായിരത്തിനടുത്ത് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 39 പേർ ഇന്ന് മരണപ്പെട്ടു. നാലാം തരംഗം സ്ഥിരീകരിച്ചതിന് ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന മരണ സംഖ്യയാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ അധിക പേർക്കും ലക്ഷണങ്ങൾ ഇല്ലായിരുന്നു. ഇതാണ് രോഗ ബാധ കൂടുതലാകാൻ കാരണമെന്നാണ് ചൈനീസ് ആരോഗ്യ മന്ത്രാലയം പറയുന്നത്. ഷാങ്ഹായിയിൽ 23370 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. നാല് ലക്ഷത്തി അരുപത്തി ആറായിരം പേർക്കാണ് മാർച്ച് മുതൽ ഇതുവരെ ഇവിടെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം 87 പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്.
ഷാങ്ഹായിക്ക് പിറകെയാണ് രാജ്യ തലസ്ഥാനമായ ബീജിംഗിലും കൊവിഡ് പടരുന്നത്. ബീജിംഗിൽ മാത്രം 22 പുതിയ സാമൂഹിക വ്യാപന കേന്ദ്രങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 10 പ്രൈമറി സ്കൂൾ വിദ്യാർത്ഥികളിലും കൊവിഡ് സ്ഥിരീകരിച്ചതോടെ വരും ദിവസങ്ങളിൽ വ്യാപന തോത് ഉയരാൻ സാദ്യതയെന്നാണ് വിദഗ്ധർ പറയുന്നത്. നഗരപ്രാന്ത പ്രദേശങ്ങളിൽ സ്കൂളുകളിലും വിനോദ സഞ്ചാര സംഘങ്ങളിലും വീടുകളും കേന്ദ്രീകരിച്ചാണ് ലക്ഷണങ്ങളില്ലാതെ രോഗം വ്യാപിക്കുന്നത്. ഈ മേഖലകളിൽ വ്യാപക പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. സാഹചര്യം ചർച്ച ചെയ്യുന്നതിനായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ബീജിംഗ് ഘടകവും സിറ്റി മേയറും ഉന്നത ഉദോയഗസ്ഥരും രണ്ട് തവണ യോഗം ചേർന്നു. പരിശോധനയും വാക്സീൻ വിതരണവും കൂട്ടുന്നതിനൊപ്പം കടുത്ത നിയന്ത്രണങ്ങളും കൊണ്ട് വരാനാണ് നീക്കം. വൈറസ് സ്ഥിരീകിച്ച സ്കൂളുകൾ ഒരാഴ്ചത്തേക്ക് അടച്ചിടാൻ നിർദേശം നൽകിയിട്ടുണ്ട്.
ഷാങ്ഹായിക്കും ബീജിംഗിനും പുറമെ മറ്റു 16 പ്രവിശ്യകളിലും കൊവിഡ് പടരുന്നുണ്ട്. ജിലിനിൽ 60 പേർക്കും ഹെലോങ്ജിയാംഗി. 30 പേർക്കും ഇന്ന് കൊവിഡ് സ്ഥികരിച്ചിട്ടുണ്ട്. നിലവിൽ മുപ്പതിനായിരം പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ചൈനയിൽ ചികിത്സയിൽ തുടരുന്നത്. ലോക്ക് ഡൗണും നിരീക്ഷണവും ശക്തമാക്കിയിട്ടും കൊവിഡ് വർധിക്കുന്നത് ചൈനീസ് സർക്കാറിനേയും പ്രതിസന്ധിയിലാക്കുന്നുണ്ട്. നീളുന്ന നിയന്ത്രണങ്ങളിൽ ജനങ്ങളും അസ്വസ്ഥരാണ്. ചൈന ഈ വർഷം ആഥിത്യം വഹിക്കാനിരുന്നു ഏഷ്യൻ ഗെയിംസ് ഇവിടെ നിന്നും മാറ്റുന്നതിനെ കുറിച്ച് ഏഷ്യൻ ഒളിംപിക് കമ്മിറ്റി ആലോചിക്കുന്നുണ്ട്. ഭീമൻ വ്യവസായ സംരംഭങ്ങളും ഉൽപ്പാദന ശാലകൾ ചൈനയിൽ നിന്നും മാറ്റുന്നതിനെകുറിച്ച് ചർച്ച ചെയ്യുന്നുണ്ട്.