ന്യൂഡൽഹി: 2026-ലെ നീറ്റ് (യുജി) പുനഃപരീക്ഷയ്ക്ക് മുന്നോടിയായി സോഷ്യൽ മീഡിയ വഴി ചോദ്യപേപ്പർ ചോർന്നുവെന്ന തരത്തിൽ വ്യാപകമായ വ്യാജ പ്രചാരണങ്ങളും വൻ സാമ്പത്തിക തട്ടിപ്പുകളും നടന്ന പശ്ചാത്തലത്തിലാണ് ടെലഗ്രാമിനെതിരെ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിച്ചത്. പരീക്ഷാ സുതാര്യത ഉറപ്പാക്കാനും വിദ്യാർത്ഥികളെ തട്ടിപ്പിൽ നിന്ന് സംരക്ഷിക്കാനുമായി ഐടി മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് ആപ്പിന് താൽക്കാലിക വിലക്കേർപ്പെടുത്തിയത്. പരീക്ഷ അവസാനിക്കുന്ന ജൂൺ 22 വരെ ഈ നിരോധനം തുടരും.
പരീക്ഷാ ചോദ്യപേപ്പർ തങ്ങളുടെ പക്കലുണ്ടെന്ന് അവകാശപ്പെട്ട് തട്ടിപ്പുകാർ ടെലഗ്രാമിൽ വലിയ ശൃംഖല തന്നെ സൃഷ്ടിച്ചിരുന്നു. “PAPER LEAKED NEET”, “Re-NEET 2026”, “Private Mafia”, “REE NEET MAFIAA” തുടങ്ങിയ ആകർഷകമായ പേരുകളിലുള്ള പ്രത്യേക ടെലഗ്രാം ചാനലുകൾ വഴിയാണ് തട്ടിപ്പ് സംഘങ്ങൾ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും വലയിലാക്കിയിരുന്നത്. ഒറിജിനൽ ചോദ്യപേപ്പറുകൾ മുൻകൂട്ടി നൽകാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പുകാർ ഇരകളിൽ നിന്നും ലക്ഷക്കണക്കിന് രൂപയാണ് ആവശ്യപ്പെട്ടിരുന്നത്.
ഇത്തരത്തിൽ ടെലഗ്രാം കേന്ദ്രീകരിച്ച് നടന്ന വൻ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് അഹമ്മദാബാദ് സൈബർ ക്രൈം ബ്രാഞ്ച് ഉൾപ്പെടെയുള്ള രാജ്യത്തെ പ്രമുഖ അന്വേഷണ ഏജൻസികൾ വിപുലമായ അന്വേഷണം നടത്തിവരികയായിരുന്നു. ചോദ്യപേപ്പർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിവിധ അക്കൗണ്ടുകൾ വഴി ഏകദേശം 1.5 കോടിയോളം രൂപയുടെ അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തിയ തട്ടിപ്പ് സംഘങ്ങളെ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാത്രം ആയിരത്തോളം മൊബൈൽ നമ്പറുകളിലേക്കാണ് ഈ മാഫിയ സംഘം ബന്ധപ്പെട്ടിട്ടുള്ളത്.
വിദ്യാർഥികളെയും രക്ഷിതാക്കളെയും കബളിപ്പിക്കാൻ ടെലഗ്രാം ആപ്പിലെ ‘എഡിറ്റ് ഫീച്ചർ’ (Edit Feature) ഈ തട്ടിപ്പുകാർ വളരെ ആസൂത്രിതമായി ദുരുപയോഗം ചെയ്തിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പരീക്ഷ നടക്കുന്നതിന് മുൻപ് തീയതിയും സമയവും കൃത്യമായി രേഖപ്പെടുത്തിക്കൊണ്ട് ഒരു സാധാരണ മെസ്സേജ് ഇവർ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യും. തുടർന്ന് പരീക്ഷ കഴിഞ്ഞയുടൻ യഥാർത്ഥ ചോദ്യപേപ്പർ ലഭിക്കുന്നതോടെ, തങ്ങൾ മുൻപ് അയച്ച പഴയ മെസ്സേജ് എഡിറ്റ് ചെയ്ത് ഈ ചോദ്യപേപ്പർ അതിലേക്ക് തിരുകിക്കയറ്റും. പരീക്ഷയ്ക്ക് മുൻപേ തങ്ങൾക്ക് ചോദ്യപേപ്പർ കിട്ടിയിരുന്നുവെന്ന് വരുത്തിതീർത്ത് അടുത്ത ഘട്ടത്തിൽ വലിയ തുക തട്ടിയെടുക്കാനാണ് ഇവർ ഈ വ്യാജ മാർഗ്ഗം സ്വീകരിച്ചിരുന്നത്.
ടെലഗ്രാം വഴിയുള്ള ഇത്തരം കൃത്രിമത്വങ്ങളും വ്യാജ വാർത്തകളും പരീക്ഷാർത്ഥികൾക്കിടയിൽ വലിയ മാനസിക സമ്മർദ്ദത്തിനും ആശയക്കുഴപ്പങ്ങൾക്കും കാരണമായിരുന്നു. പരീക്ഷാ മാഫിയകളുടെ ഈ നീക്കത്തിന് തടയിടാനാണ് പരീക്ഷ പൂർത്തിയാകുന്നതുവരെ ആപ്പ് പൂർണ്ണമായും ബ്ലോക്ക് ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. ഇത്തരം വ്യാജ ഗ്രൂപ്പുകളിലും ചാനലുകളിലും വീഴരുതെന്നും പരീക്ഷയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) വെബ്‌സൈറ്റ് മാത്രം ആശ്രയിക്കണമെന്നും അധികൃതർ വിദ്യാർത്ഥികൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
English Summary
The Government of India has imposed a temporary ban on the popular messaging app Telegram following reports of its widespread misuse by exam-leak mafias and fraudsters. The ban will remain in effect until June 22, the completion of the upcoming NEET (UG) 2026 re-examination. Scam syndicates operated multiple Telegram channels, such as “PAPER LEAKED NEET” and “Re-NEET 2026”, pretending to possess leaked question papers and extorting huge amounts of money from students and parents. The Ahmedabad Cyber Crime Branch arrested individuals tracking illegal financial transactions worth ₹1.5 crore across eight channels. Investigators also revealed that fraudsters manipulated Telegram’s ‘edit feature’ to deceptively prove they had the question paper prior to the exam to dupe future victims.

