അടിക്ക് തിരിച്ചടി ആവേശം….! ഇറാൻ-ന്യൂസീലൻഡ് മത്സരം സമനിലയിൽ;എലിജാ ജസ്റ്റിന് ഇരട്ട ഗോൾ

ന്യൂസീലൻഡിന്റെ അപ്രതീക്ഷിത ആക്രമണത്തിന് ഇറാന്റെ മറുപടി; ആദ്യപകുതി ഒപ്പത്തിനൊപ്പം

ലോസ് ആഞ്ജലീസ്: അടിക്ക് തിരിച്ചടിയെന്ന വിധത്തിൽ അടിമുടി ആവേശം വിതറിയ മത്സരത്തിന് പര്യവസാനം. ഫിഫ ലോകകപ്പ് ഗ്രൂപ്പ് ജി-യിൽ ആവേശം വാനോളമുയർന്ന മത്സരത്തിൽ ഇറാനും ന്യൂസീലൻഡും രണ്ട് ഗോളുകൾ വീതം (2-2) അടിച്ച് സമനിലയിൽ പിരിഞ്ഞു. ന്യൂസീലൻഡിനായി എലിജാ ജസ്റ്റ് ഇരട്ട ഗോളുകൾ നേടിയപ്പോൾ ഇറാനുവേണ്ടി റാമിൻ റെസയാനും മുഹമ്മദ് മൊഹിബിയും ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ തന്നെ ഇറാൻ കളംനിറഞ്ഞു കളിക്കുന്ന കാഴ്ചയാണ് കണ്ടത്. കിക്കോഫിന് പിന്നാലെ തുടരെത്തുടരെയുള്ള ആക്രമണങ്ങളുമായി അവർ ന്യൂസീലൻഡ് ബോക്‌സിലേക്ക് ഇരച്ചുകയറി. എന്നാൽ കളിയുടെ ഗതിക്ക് വിപരീതമായി, ഏഴാം മിനിറ്റിൽ ന്യൂസീലൻഡ് ഗോൾ നേടി. ഗോൾക്കീപ്പർ മാക്‌സ് ക്രോകോംബ് നൽകിയ ലോങ് പാസ് സ്വീകരിച്ച്, സൂപ്പർ താരം ക്രിസ് വുഡ് നൽകിയ മനോഹരമായ അസിസ്റ്റിൽനിന്ന് എലിജാ ജസ്റ്റ് പന്ത് ഇറാന്റെ വലയിലെത്തിക്കുകയായിരുന്നു (1-0).

എന്നാൽ ഇറാന്റെ നിരന്തരമായ പോരാട്ടങ്ങൾക്ക് 32-ാം മിനിറ്റിൽ ഫലം കണ്ടു. ബോക്‌സിനുള്ളിൽ ലഭിച്ച ഒരു ലൂസ് ബോൾ കൃത്യമായി വിനിയോഗിച്ച് റാമിൻ റെസയാൻ സമനില കണ്ടെത്തി (1-1). ഇന്ത്യൻ വംശജനായ ന്യൂസീലൻഡ് താരം സർപ്രീത് സിങ് മത്സരത്തിൽ മധ്യനിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. ആദ്യപകുതി 1-1 എന്ന നിലയിൽ അവസാനിച്ചു.

രണ്ടാം പകുതിയുടെ 54-ാം മിനിറ്റിൽ ക്രിസ് വുഡ്-എലിജ ജസ്റ്റ് സഖ്യം വീണ്ടും തിളങ്ങി. ജസ്റ്റ് തന്റെ രണ്ടാം ഗോളിലൂടെ ന്യൂസീലൻഡിന് 2-1 ന്റെ ലീഡ് സമ്മാനിച്ചു. പതറാതെ പോരാടിയ ഇറാൻ 64-ാം മിനിറ്റിൽ മുഹമ്മദ് മൊഹെബ്ബിയുടെ ഹെഡ്ഡറിലൂടെ വീണ്ടും സമനില (2-2) പിടിച്ചെടുത്തു. റെസായന്റെ ക്രോസിൽ നിന്നായിരുന്നു ഈ ഗോൾ പിറന്നത്. തുടക്കം മുതൽ ഒടുക്കം വരെ ഇരു ടീമുകളും ആക്രമണ ഫുട്‌ബോൾ പുറത്തെടുത്ത മത്സരം ഒടുവിൽ രണ്ട് ഗോളുകൾ വീതം പങ്കിട്ട് സമനിലയിൽ അവസാനിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News