ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിലെ ചോര്‍ച്ച, യൂത്ത് കോണ്‍ഗ്രസിൽ പൊട്ടിത്തെറി, ഷാഫി പറമ്പിലിനെതിരെ ദേശീയ നേതൃത്വത്തിന് കത്ത്
തിരുവനന്തപുരം: ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിലെ ചോര്‍ച്ചയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ ഭിന്നത.
ശബരീനാഥന്റെ അറസ്റ്റ് ചൂണ്ടിക്കാട്ടി ഒരു വിഭാഗം ഭാരവാഹികള്‍ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റിന് കത്ത് നല്‍കി.
വിവരങ്ങള്‍ നിരന്തരം ചോരുന്നത് സംസ്ഥാന പ്രസിഡന്റിന് ഗൌവത്തോടെ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെന്നും വിഷയത്തില്‍ ദേശീയ നേതൃത്വം അന്വേഷണം നടത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. കത്തിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റിനെതിരെ ഒരുവിഭാഗം നീങ്ങുകയാണ്. ഷാഫി പറമ്ബിലിനെതിരെ ദേശീയ നേതൃത്വത്തിനാണ് ഒരുവിഭാഗം ഭാരവാഹികള്‍ പരാതി നല്‍കിയത്. നാല് വൈസ് പ്രസിഡന്‍റുമാരും നാല് ജനറല്‍ സെക്രട്ടറിമാരും നാല് സെക്രട്ടറിമാരും ഒപ്പിട്ട കത്താണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസന് നല്‍കിയത്. മുന്‍പും ഔദ്യോഗിക ചര്‍ച്ചകള്‍ ചോര്‍ന്നപ്പോള്‍ സംസ്ഥാന അധ്യക്ഷന്‍റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടിയെടുത്തില്ലെന്ന് കത്തില്‍ ആരോപിക്കുന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുടെ വാട്സ് ആപ്പ് ഗ്രൂപ്പിലെ കെ എസ് ശബരീനാഥന്റെ ആഹ്വാനമാണ് വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന് കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം. ചോദ്യംചെയ്യലിന് വിളിച്ചുവരുത്തിയ ശബരീനാഥനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം ജില്ലാ കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിച്ചു.തുടര്‍ച്ചയായി മൂന്ന് ദിവസം ചോദ്യംചെയ്യലിനായി ഹാജരാകണം, ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറണം, 50,000 രൂപയുടെ ബോണ്ട് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.