കൊച്ചി: മോളിവുഡിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റർ വിജയങ്ങളിലൊന്നായ ‘മഞ്ഞുമ്മൽ ബോയ്‌സിന്’ ശേഷം സംവിധായകൻ ചിദംബരം ഒരുക്കുന്ന പുതിയ ചിത്രം ‘ബാലൻ- ദി ബോയ്’ ഈ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായും വൻ പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നതും എന്നാണ് സൂചന. കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ‘മാർഷേ ഡു ഫിലിമിൽ’ മുൻപ് പ്രദർശിപ്പിച്ച ഈ ചിത്രം രാജ്യാന്തര തലത്തിൽ തന്നെ വലിയ പ്രശംസ നേടിയിരുന്നു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രമുഖ നിർമ്മാണ കമ്പനിയായ കെ.വി.എൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിനും സോഷ്യൽ മീഡിയയിൽ തരംഗമായ ‘താക്കോൽ’ എന്ന ഗാനത്തിനും വലിയ വരവേൽപ്പാണ് ആസ്വാദകരിൽ നിന്ന് ലഭിക്കുന്നത്.
വ്യക്തിത്വം, സ്വത്വം, അതിജീവനം എന്നീ ഗൗരവമേറിയ വിഷയങ്ങളെ മുൻനിർത്തി, ആഴത്തിലുള്ള മാനുഷിക-വൈകാരിക തലങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ഗംഭീര സിനിമാനുഭവമായിരിക്കും ചിത്രമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. സസ്‌പെൻസും ത്രില്ലും ദുരൂഹതയും നിറഞ്ഞതാണ് ട്രെയിലറിന്റെ പശ്ചാത്തലം. പുതുമുഖ താരം ഫർസാന പാലത്തിങ്കലാണ് ചിത്രത്തിലെ നായിക. പ്രമുഖ താരങ്ങളായ ആദിശേഷൻ, മുഹമ്മദ് സിനാൻ, ഡോളി ജൂൺ, ജീൻ പോൾ ലാൽ, ഗിരീഷ് എ.ഡി, ബീന ആന്റണി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തെന്നിന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ച ‘മഞ്ഞുമ്മൽ ബോയ്‌സി’ന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം എന്നതുതന്നെയാണ് ‘ബാലന്റെ’ ഏറ്റവും വലിയ ആകർഷണം. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകൾക്കെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ ലഭിച്ചിരുന്നു. ഹിറ്റ് മേക്കർ സുഷിൻ ശ്യാം ഒരുക്കിയ പശ്ചാത്തല സംഗീതവും ഗാനങ്ങളും ചിത്രത്തിന്റെ വലിയ കരുത്താകുമെന്നുറപ്പാണ്. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങളിലൂടെ മലയാളികളെ ആവേശത്തിലാഴ്ത്തിയ സംവിധായകനും തിരക്കഥാകൃത്തുമായ ജിത്തു മാധവനും ചിദംബരവും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ബാലൻ ദ ബോയ്ക്കുണ്ട്. മലയാള സിനിമയിലെ രണ്ട് മുൻനിര യുവ പ്രതിഭകൾ ഒന്നിക്കുമ്പോൾ തിയേറ്ററുകളിൽ മറ്റൊരു ദൃശ്യവിരുന്ന് തന്നെ പ്രതീക്ഷിക്കാമെന്ന കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ.

