ചുണ്ടിൽ മുട്ടുസൂചി കുത്തിത്തറച്ച നിലയിൽ മൃതദേഹം; മാതാപിതാക്കൾ എത്തും മുൻപ് തിടുക്കത്തിൽ പോസ്റ്റ്മോർട്ടം; നഴ്‌സിങ് വിദ്യാർത്ഥിനി ഫെബിനയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം; ക്രൈംബ്രാഞ്ച് അന്വേഷണം

തുറവൂർ: കൊല്ലത്ത് നഴ്‌സിങ് വിദ്യാർത്ഥിനി ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിലെ ചുരുളഴിക്കാൻ സംസ്ഥാന ക്രൈംബ്രാഞ്ച്. തുറവൂർ പഞ്ചായത്ത് പതിനേഴാം വാർഡ് പള്ളിത്തോട് പടിഞ്ഞാറേ മനക്കോടം പാല്ല്യത്തൈയ്യിൽ സാജൻ ആന്റണിയുടെ മകൾ ഫെബിന സാജന്റെ (23) മരണമാണ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം ഏറ്റെടുത്തു. കൊല്ലം ബെൻസിഗർ നഴ്‌സിങ് കോളേജിലെ വിദ്യാർത്ഥിനിയായിരുന്ന ഫെബിനയെ കഴിഞ്ഞ ജനുവരി 18-നാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

പരീക്ഷയ്ക്കായി കൊട്ടിയത്തുള്ള ബന്ധുവിന്റെ വീട്ടിൽ താമസിച്ച് വരികയായിരുന്നു ഫെബിന. മകളുടെ മരണത്തിൽ കടുത്ത ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മാതാപിതാക്കൾ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നൽകിയ പരാതിയെത്തുടർന്നാണ് കേസ് ഇപ്പോൾ സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവായത്. മഹാരാഷ്ട്ര സ്വദേശിയും നിലവിൽ കൊല്ലത്ത് സ്വർണ്ണക്കട നടത്തുകയും ചെയ്യുന്ന പ്രതീപ് എന്നയാളിൽ നിന്ന് ഫെബിനയ്ക്ക് നിരന്തരമായി പീഡനവും ഭീഷണിയും നേരിടേണ്ടി വന്നിരുന്നതായി ബന്ധുക്കൾ പരാതിയിൽ പറയുന്നു.

ഇയാൾ മുൻപ് പലതവണ ഫെബിനയെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഇയാളുടെ നിരന്തര ശല്യം സഹിക്കവയ്യാതെ പഠനം പോലും പാതിവഴിയിൽ ഉപേക്ഷിച്ചിരിക്കുകയായിരുന്നു ഫെബിന. പിന്നീട് പരീക്ഷ എഴുതാൻ വേണ്ടി മാത്രമായാണ് കൊല്ലത്ത് എത്തിയത്. ഈ സമയത്തായിരുന്നു മരണം സംഭവിച്ചത്. ആലപ്പുഴയിൽ നിന്ന് മാതാപിതാക്കൾ കൊല്ലത്ത് എത്തുന്നതിനു മുൻപ് തന്നെ അധികൃതർ തിടുക്കത്തിൽ പോസ്റ്റ്മോർട്ടവും മറ്റ് ഇൻക്വസ്റ്റ് നടപടികളും പൂർത്തിയാക്കിയിരുന്നു.

ഇത് മരണത്തിലെ ദുരൂഹത ഇരട്ടിയാക്കി. ഇതിനുപുറമെ, ഫെബിനയുടെ മൃതദേഹത്തിന്റെ വിവിധ ഭാഗങ്ങളിൽ മുട്ടുസൂചികൊണ്ട് കുത്തിയ പാടുകളുണ്ടായിരുന്നതായും ചുണ്ടിൽ മുട്ടുസൂചി കുത്തിത്തറച്ച നിലയിലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മകളുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു.

തുടർന്ന് അന്വേഷണം ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയ്ക്ക് കൈമാറി. ഈ അന്വേഷണത്തിലാണ് ഫെബിനയുടെ മരണത്തിൽ വലിയ അസ്വാഭാവികതയുണ്ടെന്നും കൊട്ടിയം പോലീസിന്റെ ഭാഗത്തുനിന്ന് അന്വേഷണത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായും കണ്ടെത്തിയത്. കേസ് അട്ടിമറിക്കാൻ ലോക്കൽ പോലീസ് ശ്രമിച്ചതായും റിപ്പോർട്ടിൽ സൂചനയുണ്ടായിരുന്നു. ഈ കണ്ടെത്തലുകൾക്ക് പിന്നാലെയാണ് കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് അടിയന്തര തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News