കൊച്ചി: കരൺ ജോഹറിന്റെ പ്രശസ്ത നിർമാണ കമ്പനിയായ ‘ധർമ്മ പ്രൊഡക്ഷൻസ്’ മലയാള സിനിമയിലേക്ക് ചുവടുവെക്കുന്നു. പ്രഥ്വിരാജ് സുകുമാരനും ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ’ എന്ന ചിത്രത്തിലൂടെയാണ് ധർമ്മ പ്രൊഡക്ഷൻസിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. കേരളത്തിന്റെ നാടോടിക്കഥകളെയും ഐതിഹ്യങ്ങളെയും പശ്ചാത്തലമാക്കിയുള്ള ഒരു പിരീഡ് ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്.
‘ഭൂതകാലം’, ‘ഭ്രമയുഗം’, ‘ഡീയസ് ഇറേ’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക-ശ്രദ്ധയും നിരൂപക പ്രശംസയും പിടിച്ചുപറ്റിയ രാഹുൽ സദാശിവനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കരൺ ജോഹർ, അദാർ പൂനാവാല, അപൂർവ മേത്ത, സുപ്രിയ മേനോൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. ഇന്ത്യൻ സിനിമാലോകത്തെ വമ്പൻ നിർമാണ കമ്പനികളായ ധർമ്മ പ്രൊഡക്ഷൻസും പൃഥ്വിരാജ് പ്രൊഡക്ഷൻസും കൈകോർക്കുന്ന ഈ ചിത്രം കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലും പുരാണങ്ങളിലും അധിഷ്ഠിതമായ ഒരു കഥയാണ് ദൃശ്യാവിഷ്കരിക്കുന്നത്.
കേരളത്തിലെ നാടോടിക്കഥകളിൽ തലമുറകളായി കൈമാറിവരുന്ന, രൂപം മാറാൻ കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ‘ഒടിയൻ’ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ഈ സിനിമയുടെ കഥ വികസിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിലെ കേരളത്തിന്റെ പശ്ചാത്തലത്തിൽ, ഒരു തറവാട്ടിലേക്ക് ഈ നിഗൂഢ കഥാപാത്രം എത്തുന്നതും, തുടർന്ന് യാഥാർത്ഥ്യവും മിഥ്യയും തിരിച്ചറിയാനാകാത്ത വിധം അവിടെ അരങ്ങേറുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. കേരളത്തിന്റെ സാംസ്കാരിക സ്വത്വത്തിന്റെ പ്രധാന ഭാഗമായ ഒടിയൻ എന്ന ഐതിഹ്യത്തെ അതിന്റെ എല്ലാ വ്യാപ്തിയോടും കൂടി സിനിമയാക്കാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്.
വെറുമൊരു പുതിയ നിർമാണ സംരംഭം എന്നതിലുപരി മലയാള സിനിമയോടുള്ള തന്റെ വലിയ ആദരവാണ് ഈ പ്രോജക്റ്റിലൂടെ വ്യക്തമാകുന്നതെന്ന് കരൺ ജോഹർ പറഞ്ഞു. മലയാള സിനിമയിലെ കഥപറച്ചിൽ ശൈലിയെയും സിനിമാ നിർമാണ രീതികളെയും താൻ ഏറെക്കാലമായി അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നതെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. തന്റെ അടുത്ത സുഹൃത്തുകൂടിയായ പൃഥ്വിരാജ് സുകുമാരനുമായി ഈ ചിത്രത്തിലൂടെ കൈകോർക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും കരൺ ജോഹർ കൂട്ടിച്ചേർത്തു.
“ഞാൻ വളരെക്കാലമായി മലയാള സിനിമയുടെ വലിയൊരു ആരാധകനാണ്. എപ്പോഴും ഈ സിനിമാലോകത്തിന്റെ ഭാഗമാകാൻ ഞാൻ ആഗ്രഹിച്ചിരുന്നു. മലയാള സിനിമയുടെ ക്രാഫ്റ്റും, അവിടുത്തെ സംവിധായകരുടെ ധീരതയും, അവർ തങ്ങളുടെ പ്രേക്ഷകരിൽ അർപ്പിക്കുന്ന വിശ്വാസവുമെല്ലാം എന്നെ എന്നും അത്ഭുതപ്പെടുത്തിയിട്ടുള്ള കാര്യങ്ങളാണ്. രാഹുൽ സദാശിവന്റെ കാഴ്ചപ്പാടും പൃഥ്വിരാജിന്റെ നേതൃത്വവും ഒത്തുചേർന്നപ്പോൾ ഒടിയന്റെ കഥ ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയമിതാണെന്ന് തോന്നി. ഏറ്റവും വലിയ കാൻവാസിൽ ചെയ്യേണ്ട ചിത്രമാണിത്”– കരൺ ജോഹർ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തിന്റെ പൈതൃകവുമായി ഏറെ ബന്ധമുള്ളതിനാൽ ഈ സിനിമയ്ക്ക് തന്റെ ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ടെന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ പറഞ്ഞു. “ഒടിയൻ എന്നത് വെറുമൊരു കെട്ടുകഥയല്ല, അത് കേരളത്തിന്റെ സ്വത്വത്തിന്റെ ഭാഗമാണ്. തലമുറകളായി സഞ്ചരിച്ച് നമ്മുടെ സാംസ്കാരിക ബോധത്തിൽ ഇന്നും ശക്തമായ സ്വാധീനമുറപ്പിച്ച ഒരു ഐതിഹ്യമാണത്. ഈ കഥയെ അതിന്റെ സംസ്കാരത്തോടും പുരാണങ്ങളോടും പൂർണ്ണമായി നീതി പുലർത്തിക്കൊണ്ട് വെള്ളിത്തിരയിൽ എത്തിക്കുക എന്നത് എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒരു ആഗ്രഹമായിരുന്നു”– പൃഥ്വിരാജ് വ്യക്തമാക്കി.
Karan Johar’s Dharma Productions is set to enter the Malayalam film industry with an upcoming big-budget project directed by Rahul Sadasivan. Titled ‘Odiyan: The Age of Illusion’, the film will feature superstar Prithviraj Sukumaran and Lady Superstar Manju Warrier in the lead roles. Following the massive success of Bramayugam, director Rahul Sadasivan is expected to deliver a high-concept psychological thriller backed by top-notch Bollywood production values.

