കാഫിർ സ്ക്രീൻഷോട്ട്: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ, ആദ്യം വന്നത് 'വടകര സ്ക്വാഡ്' ഗ്രൂപ്പിൽ

കാഫിർ സ്ക്രീൻഷോട്ട്: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ, ആദ്യം വന്നത് 'വടകര സ്ക്വാഡ്' ഗ്രൂപ്പിൽ

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ ആണ് അറസ്റ്റിലായത്. പ്രത്യേകാന്വേഷണ സംഘമാണ് ജിതിൻ ഭാസ്കറെ അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം ആണ് ജിതിൻ ഭാസ്കർ.

കാഫിർ സ്ക്രീൻ ഷോട്ടുമായി ബന്ധപ്പെട്ട് ജിതിൻ ഭാസ്കറെ ചോദ്യം ചെയ്യാൻ ഇന്ന് വീണ്ടും വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. വടകര ക്രൈംബ്രാഞ്ച് സംഘത്തിന്റെ ഓഫീസിലാണ് ചോദ്യം ചെയ്യൽ.

കഴിഞ്ഞ രണ്ട് തവണയായി എസ്ഐടി ജിതിൻ ഭാസ്കറിനെ ചോദ്യം ചെയ്തിരുന്നു. ജിതിൻ ഭാസ്കർ ആണ് വടകര സ്ക്വാഡ് എന്ന വാട്സാപ്പ് ഗ്രൂപ്പിൽ സ്ക്രീൻ ഷോട്ട് ആദ്യം ഇട്ടത് എന്ന് പ്രത്യേകാന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസം വടകരയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജയ്‌ക്കെതിരേ കാഫിർ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചുവെന്നതാണ് വിവാദത്തിന് തുടക്കം. തുടർന്ന് എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പരാതിയിൽ എം.എസ്.എഫ്. നേതാവ് മുഹമ്മദ് കാസിമിന്റെ പേരിൽ കേസെടുത്തെങ്കിലും അദ്ദേഹത്തിന്റെ പങ്ക് തെളിയിക്കപ്പെട്ടില്ലെന്ന് ഹൈക്കോടതി കണ്ടെത്തി.

തുടർന്ന് കേസന്വേഷണം എങ്ങുമെത്താതായതോടെ അന്വേഷണം അവസാനിപ്പിക്കുന്നതായി വടകര ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണസംഘം റിപ്പോർട്ട് നൽകിയിരുന്നു. യുഡിഎഫ് സർക്കാർ വന്നതിന് പിന്നാലെ കേസന്വേഷണം പുനരാരംഭിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News