വിദ്യാർഥിനിയുടെ കഴുത്തറക്കാൻ ശ്രമിച്ചു, തടഞ്ഞപ്പോൾ കുത്തി’ 16 കാരി അപകടനില തരണം ചെയ്തു

‘കഴുത്തറക്കാൻ ശ്രമിച്ചു, തടഞ്ഞപ്പോൾ കുത്തി’; വിദ്യാർഥിനി അപകടനില തരണം ചെയ്തു

തിരുവനന്തപുരം: വെമ്പായത്ത് വീടിന് സമീപം വെച്ച് യുവാവ് ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച സ്കൂൾ വിദ്യാർഥിനി അപകടനില തരണം ചെയ്തു. തന്നെ കഴുത്തറത്ത് കൊലപ്പെടുത്താനായിരുന്നു സഹദിന്റെ ശ്രമമെന്ന് പെൺകുട്ടി മൊഴി നൽകി. കഴുത്തറുക്കാനുള്ള നീക്കം കൈകൊണ്ട് തടയുന്നതിനിടയിലാണ് കുട്ടിയുടെ മുഖത്തും കഴുത്തിന്റെ മുൻഭാഗത്തും പിൻഭാഗത്തുമായി ആഴത്തിൽ മുറിവുകളേറ്റത്.

നെടുവേലി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ പതിനാറുകാരിക്ക് നേരെയാണ് പനവൂർ സ്വദേശിയായ സഹദ് (21) ആക്രമണം നടത്തിയത്. പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ചു കിടന്ന കുട്ടിയെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ആക്രമണത്തിന് ശേഷം തന്റെ കാറിൽ അമിതവേഗതയിൽ രക്ഷപ്പെട്ട സഹദ്, പോകുന്നതിനിടെ എതിർദിശയിൽ വന്ന മറ്റൊരു വാഹനത്തിലും ഇടിച്ചിരുന്നു. പോക്സോ കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സഹദ്. കൃത്യം നടത്തി മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ പ്രതിയെ വട്ടപ്പാറ പോലീസ് അതിസാഹസികമായാണ് പിടികൂടിയത്. പ്രതിയും പെൺകുട്ടിയും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നെങ്കിലും പെട്ടെന്നുള്ള പ്രകോപനത്തിന് പിന്നിലെ കാരണം പോലീസ് പരിശോധിച്ചു വരികയാണ്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ കന്യാകുളങ്ങരയ്ക്ക് സമീപമുള്ള വിജനമായ പ്രദേശത്ത് വെച്ചായിരുന്നു സംഭവം. പുസ്തകം വാങ്ങാനായി വീട്ടിൽ നിന്നും പുറത്തേക്കിറങ്ങി നടന്നു വരികയായിരുന്ന പെൺകുട്ടിയെ, കാറിൽ കാത്തുനിന്ന പ്രതി അടുത്തേക്ക് എത്തി കത്തിയുപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News