KeralaNews

വ്യാജമദ്യ മയക്കുമരുന്ന് ലോബികള്‍ക്ക് കേരളത്തില്‍ ഇടമുണ്ടാവില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: വ്യാജമദ്യ മയക്കുമരുന്ന് ലോബികള്‍ക്ക് കേരളത്തില്‍ ഇടമുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബദിയടുക്ക, മട്ടന്നൂര്‍, തങ്കമണി എക്‌സൈസ് റേഞ്ച് ഓഫീസുകളുടെയും ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റേയും പുതിയ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് വേരുറപ്പിക്കാന്‍ ലഹരി മാഫിയ വലിയ തോതില്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ എക്‌സൈസ്, പോലീസ് വിഭാഗങ്ങളുടെ ഫലപ്രദമായ ഇടപെടല്‍ മൂലമാണ് അവര്‍ക്ക് വിജയിക്കാന്‍ കഴിയാത്തത്. മയക്കുമരുന്നടക്കം ലഹരി പദാര്‍ത്ഥങ്ങള്‍ കടത്തുന്നവരെയും വിതരണക്കാരെയും സര്‍ക്കാര്‍ നിര്‍ദാക്ഷണ്യം നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമൂഹത്തിന്റെ ചടുലതയുടെ അടിസ്ഥാനമായ യുവാക്കളെയും വിദ്യാര്‍ത്ഥികളെയുമാണ് ലഹരിമാഫിയ ലക്ഷ്യമിടുന്നത്. യുവജനങ്ങളെ ലഹരിക്ക് അടിമപ്പെടുത്തിയാല്‍ അത് സമൂഹത്തെ പ്രതികൂലമായി ബാധിക്കും. ഇത്തരത്തിലുള്ള ലഹരിമാഫിയയുടെ പ്രവര്‍ത്തനം തടയാന്‍ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഫലപ്രദമായ ഇടപെടല്‍ നടത്താനായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകവ്യാപകമായ ലഹരി മാഫിയ വലിയ തോതില്‍ കരുത്ത് നേടാന്‍ കഴിഞ്ഞ ശക്തിയാണ്. നമ്മുടെ ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ അവര്‍ ശ്രമിക്കുമെന്നത് ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലഹരി വര്‍ജനത്തിലൂടെയുള്ള ലഹരിമുക്ത നവകേരളമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് വിമുക്തി മിഷന്‍ സര്‍ക്കാര്‍ ആരംഭിച്ചത്. വിപുലവും വൈവിധ്യമുള്ളതുമായ ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രവര്‍ത്തനമാണ് വിമുക്തി നടത്തുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, വനിത ശിശുവികസന വകുപ്പുകളുടെ സഹകരണത്തോടെ നടത്തിയ ഓണ്‍ലൈന്‍ കാമ്പയിന്‍ ഏറെ ഫലപ്രദമായിരുന്നു. എക്‌സൈസ് കമ്മീഷണറുടെ നിയന്ത്രണത്തില്‍ സംസ്ഥാനത്ത് സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നു. ജോയിന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ എക്‌സൈസ് ക്രൈംബ്രാഞ്ചും പ്രവര്‍ത്തിക്കുന്നുണ്ട്. ലഹരി വേട്ടയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

താലൂക്ക് തലത്തില്‍ ഡിഅഡിക്ഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കോഴിക്കോട് കിനാലൂരില്‍ കേന്ദ്രസഹായത്തോടെ ആധുനിക സംവിധാനങ്ങളോടെയുള്ള ഡിഅഡിക്ഷന്‍ സെന്റര്‍ ആരംഭിക്കും.138 വനിത സിവില്‍ എക്‌സൈസ് ഉദ്യോഗസരുടേത് ഉള്‍പ്പെടെ 384 പുതിയ തസ്തികകള്‍ സൃഷ്ടിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. പട്രോളിംഗിന് വനിതാ സ്‌ക്വാഡിനെ ഏര്‍പ്പെടുത്തി.

പട്ടികവര്‍ഗക്കാരായ 25 യുവതീയുവാക്കള്‍ക്ക് അധിക തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍, വനിത സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഓണ്‍ലൈന്‍ പരിശീലനത്തിന് തുടക്കം കുറിച്ചു. എക്‌സൈസ് വകുപ്പിലെ എല്ലാ ഒഴിവുകളും ഇതിനകം പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തു. എക്‌സൈസില്‍ വനിത പ്രാതിനിധ്യം ഉയര്‍ത്തുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker