KeralaNationalNews

അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ കേന്ദ്രം അന്വേഷണത്തിന്‌ ; നീതി ഉറപ്പാക്കുമെന്ന് മന്ത്രി

കൊച്ചി: 26-കാരിയായ ചാർട്ടേഡ് അക്കൗണ്ടന്‍റ് അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം. തൊഴിലിടത്തെ ചൂഷണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ശോഭാ കരന്തലജെ എക്സ് പ്ലാറ്റ്ഫോമിൽകുറിച്ചു. മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരന്റെ എക്സ് പ്ലാറ്റ് ഫോമിലെ കുറിപ്പ് പങ്കുവെച്ചായിരുന്നു കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിയുടെ പ്രതികരണം.

പുണെയിലെ ഏണസ്റ്റ് ആന്‍ഡ് യങ് (ഇ.വൈ) കമ്പനിയിൽ ജോലിചെയ്യുന്ന മകളുടെ മരണം ജോലിഭാരം മൂലമാണ് സംഭവിച്ചതെന്നും ജോലിഭാരം കാരണം ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും കഴിയാത്ത സാഹചര്യമായിരുന്നുവെന്നും അച്ഛന്‍ സിബി ജോസഫ് ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം അന്നയുടെ അമ്മ ഇ.വൈ കമ്പനി സി.ഇ.ഒയ്ക്ക് അയച്ച കത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

സംഭവിച്ചത് ദുഃഖകരമായ കാര്യമാണെന്നും ഇത് അസ്വസ്ഥപ്പെടുത്തുന്നുവെന്നും രാജീവ് ചന്ദ്ര ശേഖൻ എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചിരുന്നു. സംഭവത്തേക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം.

തൊഴിലിടത്തെ സുരക്ഷിതമല്ലാത്ത അന്തരീക്ഷത്തെക്കുറിച്ചുള്ള ആരോപണത്തിൽ അന്വേഷണം നടക്കുമെന്നും തൊഴിൽ മന്ത്രാലയം നീതി ഉറപ്പാക്കുമെന്നും മന്ത്രി എക്സിൽ കുറിച്ചു.

അന്നയുടെ മരണം ദുഃഖകരമാണെന്നും തീരാനഷ്ടമാണെന്നും ഇ.വൈ അനുശോചനസന്ദേശത്തിൽ കുടുംബത്തെ അറിയിച്ചു. ആരോഗ്യകരമായ തൊഴിലിടം ഒരുക്കുന്നതിൽ കമ്പനി പ്രധാന്യം നൽകുന്നു. ഇതിനുവേണ്ട നടപടി സ്വീകരിക്കുമെന്ന് കമ്പനി കത്തിലൂടെ അറിയിച്ചതായി അന്നയുടെ പിതാവ് സിബി ജോസഫ് പറഞ്ഞു.

പുണെയിലെ ഏണസ്റ്റ് ആന്‍ഡ് യങ് (ഇവൈ) കമ്പനിയിലെ ജോലിഭാരം താങ്ങാന്‍ കഴിയാത്തതാണ് മകള്‍ അന്ന സെബാസ്റ്റ്യന്റെ മരണത്തിന് കാരണമെന്ന് അച്ഛന്‍ സിബി ജോസഫ് വ്യക്തമാക്കിയിരുന്നു. ജോലിഭാരം കാരണം ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും കഴിയാത്ത സാഹചര്യമായിരുന്നുവെന്നും അച്ഛന്‍ പറയുന്നു. കഴിഞ്ഞ ദിവസം അന്നയുടെ അമ്മ ഇവൈ കമ്പനി സി.ഇ.ഒയ്ക്ക് അയച്ച കത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ ചര്‍ച്ചയാവുകയാണ്.

രാജ്യത്തെ നാലാമത്തെ പ്രമുഖ ബഹുരാഷ്ട്ര അക്കൗണ്ടിങ് സ്ഥാപനമാണ് ഇവൈ. എന്നാല്‍, ഇവിടെ ജോലിയില്‍ പ്രവേശിച്ചതിനുശേഷം അമിത
ജോലിഭാരമാണ് തന്റെ മകള്‍ക്ക് അനുഭവിക്കേണ്ടിവന്നതെന്നും ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും കഴിയാത്ത അത്രയും ജോലിഭാരമാണ് തന്റെ മകള്‍ക്ക് നേരിടേണ്ടിവന്നതെന്നും അച്ഛന്‍ പറഞ്ഞു.

അന്നയുടെ മരണാനന്തര ചടങ്ങുകളില്‍ ഒരു കമ്പനി പ്രതിനിധിപോലും പങ്കെടുത്തില്ലെന്നും അച്ഛന്‍ ആരോപിക്കുന്നു. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഇവരുടെ കമ്പനിയുടെ യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിട്ടും ഒരാളെപ്പോലും മരണാനന്തര ചടങ്ങില്‍ കമ്പനി പങ്കെടുപ്പിച്ചില്ല.

രണ്ടാമത്തെ ചാന്‍സിലാണ് മകള്‍ക്ക് സി.എ കിട്ടിയത്. മാര്‍ച്ച് അവസാനത്തോടെയാണ് അന്നക്ക് ഇവൈയില്‍ ജോലി ലഭിച്ചത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റാകണമെന്നതായിരുന്നു അവളുടെ ആഗ്രഹം. എന്നാല്‍ കമ്പനിയില്‍ പുതിയതായി ജോയിന്‍ ചെയ്തുവെന്നതുകൊണ്ടും ഒന്നിനോടും നോ പറയാത്ത രീതിക്കാരിയായിരുന്നതുകൊണ്ടും മകള്‍ക്ക് രാത്രി വൈകിയും അധികജോലി നല്‍കുകയായിരുന്നു. വൈകുന്നേരങ്ങളിലാണ് മിക്കപ്പോഴും ജോലി അസൈന്‍ ചെയ്തിരുന്നത്. ക്രിക്കറ്റ് മത്സരങ്ങളുടെ സമയം അനുസരിച്ചാണ് മാനേജര്‍ മീറ്റിങ്ങുകള്‍ മാറ്റിവെച്ചിരുന്നത്. ഒരുതവണ രാത്രിയില്‍ വര്‍ക്ക് അസൈന്‍ ചെയ്ത് രാവിലെ തീര്‍ക്കണമെന്നാണ് മാനേജര്‍ മകളോട് ആവശ്യപ്പെട്ടത്. കൂടുതല്‍ സമയം അന്ന ആവശ്യപ്പെട്ടെങ്കിലും അത് അനുവദിച്ചില്ലെന്നും അച്ഛന്‍ പറഞ്ഞു.

അതേസമയം, കത്തില്‍ പറഞ്ഞതിനേക്കാള്‍ വലിയ പീഡനമാണ് നടന്നിരുന്നത് എന്നാണ് കൂടെ ജോലിചെയ്തവര്‍ പറയുന്നത്. അന്ന പലപ്പോഴും ഇക്കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു. ജോലി രാജിവെച്ച് തിരികെ വരാന്‍ മകളോട് പറഞ്ഞിരുന്നു. എന്നാല്‍, ഒരു വര്‍ഷം അവിടെ ജോലിചെയ്താല്‍ മകള്‍ക്ക് നല്ല എക്‌സ്‌പോഷര്‍ കിട്ടുമെന്ന കൂട്ടുകാരുടെ ഉപദേശംകൂടി കണക്കിലെടുത്താണ് അവള്‍ അവിടെ പിടിച്ചുനിന്നതെന്നും അച്ഛന്‍ പറയുന്നു.

മരിക്കുന്നതിന് രണ്ടാഴ്ചമുന്‍പ് നെഞ്ചുവേദനയുമായി അന്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഉറക്കമില്ലായ്മയും സമയംതെറ്റിയുള്ള ഭക്ഷണവുമാണ് കാരണമെന്ന് അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. പുണെയില്‍ നടന്ന അന്നയുടെ സി.എ. ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അച്ഛനും അമ്മയുമൊത്ത് സമയം ചെലവഴിക്കാന്‍പോലും ജോലിത്തിരക്കു കാരണം അന്നയ്ക്ക് സാധിച്ചില്ല. ചടങ്ങിന് വൈകിയാണ് അന്ന എത്തിയതെന്നും അമ്മ എഴുതിയ കത്തില്‍ പറയുന്നു.

അന്ന കുഴഞ്ഞുവീഴുകയായിരുന്നു. അതിനിടെ ആശുപത്രിയില്‍ എത്തിക്കുന്നതിനോ മകളെ തിരികെ വീട്ടിലെത്തിക്കുന്നതിനോ കമ്പനിയില്‍ നിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്നും അച്ഛന്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker