NationalNews

സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിഞ്ഞിരുന്ന കശ്മീർ ജനതയുടെ കയ്യിൽ ഇന്ന് പേനയും പുസ്കങ്ങളും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിലെ റെക്കോര്‍ഡ് വോട്ടിംഗ് ശതമാനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കാലത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിഞ്ഞിരുന്ന ജമ്മു കശ്മീര്‍ ജനതയുടെ കയ്യില്‍ ഇപ്പോള്‍ പുസ്തകങ്ങളും പേനകളുമാണെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളായ പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ് എന്നിവരെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. ഇവര്‍ കാരണം കശ്മീരിലെ ഹിന്ദുക്കള്‍ക്ക് സ്വന്തം വീട് വിട്ട് ഇറങ്ങേണ്ടി വന്നെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. 

സമാനമായ രീതിയില്‍ അക്രമങ്ങളും അതിക്രമങ്ങളും സഹിച്ചവരാണ് കശ്മീരിലെ സിഖ് കുടുംബങ്ങള്‍ എന്ന് പ്രധാനമന്ത്രി പറഞ്ഞു. അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. കാശ്മീരി ഹിന്ദു, സിഖ് സമുദായങ്ങള്‍ക്കെതിരായ അനീതിയ്ക്ക് മൂന്ന് രാഷ്ട്രീയ പാര്‍ട്ടികളും കാരണക്കാരണെന്ന് അദ്ദേഹം ആരോപിച്ചു. 

അതേസമയം, പത്ത് വര്‍ഷത്തിനിടെ ആദ്യമായി നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിംഗാണ് ജമ്മു കശ്മീരില്‍ രേഖപ്പെടുത്തിയത്. ജമ്മു കശ്മീരില്‍ 60.21 ശതമാനം പോളിംഗാണ് ആദ്യ ഘട്ടത്തില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ ഏഴ് തെരഞ്ഞെടുപ്പുകളില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന പോളിംഗാണിത്. മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബര്‍ 25നാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ 1ന് മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും. ഒക്ടോബര്‍ 8നാണ് വോട്ടെണ്ണല്‍.

ആദ്യ ഘട്ടത്തില്‍ ഏഴ് ജില്ലകളിലായി 24 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് സമാധാനപൂര്‍ണമായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ചെറിയ തരത്തിലുള്ള സംഘര്‍ഷങ്ങള്‍ ചില പോളിംഗ് സ്‌റ്റേഷനുകളിലുണ്ടായിരുന്നു. എന്നാല്‍ ഗൗരവമേറിയ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നാല് ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍, മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ എന്നിവയേക്കാള്‍ കൂടുതല്‍ പോളിംഗ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്. പോളിംഗ് ശതമാനം വര്‍ധിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. കൂടുതല്‍ മികച്ച സുരക്ഷാ സാഹചര്യങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും സജീവ പങ്കാളിത്തം, മികച്ച പ്രചാരണം എന്നിവയെല്ലാം പോളിംഗ് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്ന് പോളി പറഞ്ഞു.

കിഷ്ത്വര്‍ ജില്ലയില്‍ ഇത്തവണ വമ്പന്‍ പോളിംഗ് രേഖപ്പെടുത്തിയത്. 75.04 ശതമാനമാണ് കിഷ്ത്വറില്‍ പോളിംഗ്. അതേസമയം പുല്‍വാമ ജില്ലയിലാണ് ഏറ്റവും കുറവ്. ഇവിടെ 46 ശതമാനമാണ് പോളിംഗ്. ഇന്ദര്‍വാള്‍, പാഡ്ഡര്‍-നാഗ്‌സേനി, ദോഡ എന്നിവിടങ്ങളിലെല്ലാം 75 ശതമാനമോ അതിലധികമോ പോളിംഗ് രേഖപ്പെടുത്തി.

കശ്മീരില്‍ പഹല്‍ഗാമിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. 67.86 ശതമാനമാണ് പോളിംഗ്. ഡിഎച്ച് പോരയില്‍ 65.21 ശതമാനം, കുല്‍ഗാം 59.58, കോകര്‍നാഗ് 58, ദൂരൂ 57.90 ശതമാനം എന്നിങ്ങനെയാണ് പോളിംഗ് ശതമാന കണക്ക്. ത്രാലിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. 50.58 ശതമാനമാണ് ഇവിടെ പോളിംഗ്.

പുല്‍വാമ ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ അവസാന ഘട്ടമെത്തിയിട്ടും പോളിംഗ് 50 ശതമാനം കടന്നിരുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. 2014ല്‍ നടന്ന അവസാന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയും പിഡിപിയും 25 സീറ്റുകള്‍ വീതം നേടിയിരുന്നു. ഇവര്‍ പിന്നീട് ഒരുമിച്ച് നിന്ന് സഖ്യസര്‍ക്കാരുണ്ടാക്കിയിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സില്‍ 12 സീറ്റും കോണ്‍ഗ്രസിന് നാല് സീറ്റുമാണ് ലഭിച്ചത്.

ജമ്മു മേഖലയിലെ ഇന്ദര്‍വാളിലാണ് കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. 80.06 ശതമാനമാണ് പോളിംഗ്. പാഡ്ഡര്‍-നാഗ്‌സേനി, 76.80 ശതമാനം, ദോഡ വെസ്റ്റ് 74.14 ശതമാനം എന്നിങ്ങനെയാണ് പോളിംഗ് രേഖപ്പെടുത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker