മണിപ്പുരില്‍ ഭീകരാക്രമണം; കമാന്‍ഡിങ് ഓഫീസറും കുടുംബവും കൊല്ലപ്പെട്ടു; നാല് സൈനികര്‍ക്കും വീരമൃത്യു
ചുർചൻപുർ: മണിപ്പുരിലെ ചുർചൻപുർ ജില്ലയിൽ സൈന്യത്തിന് നേരെ ഭീകരാക്രമണം. അസം റൈഫിൾസ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഏഴ് പേർ മരിച്ചു. 46 അസം റൈഫിൾസ് കമാൻഡിങ് ഓഫീസർ കേണൽ വിപ്ലവ് ത്രിപാഠിയും കുടുംബവും ആക്രമണത്തിൽ കൊല്ലപ്പെട്ടു. നാല് സൈനികരും വീരമൃത്യുവരിച്ചു.
ത്രിപാഠിയും കുടുംബവും വാഹനവ്യൂഹവുമാണ് സംഘത്തിലുണ്ടായിരുന്നത്. ത്രിപാഠിയും ഭാര്യയും മകനും തൽക്ഷണം മരിച്ചു. ആക്രമണത്തിൽ കൂടുതൽ സൈനികർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഭീകരാക്രമണമുണ്ടായത്. പീപ്പിൾസ് ലിബറേഷൻ ആർമി ആണ് സംഭവത്തിന് പിന്നിൽ എന്നാണ് സൂചന.
മണിപ്പുർ മുഖ്യമന്ത്രി ബൈറൺ സിങ് ഭീകരാക്രമണത്തെ അപലപിച്ചു. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ഇത്തരം ചതിപ്രയോഗങ്ങളിലൂടെയുള്ള ആക്രമണങ്ങൾ നടത്തുന്നവരെ വെറുതേ വിടില്ലെന്നും നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം ആക്രമണങ്ങൾ കണ്ട് ഇനിയും മിണ്ടാതിരിക്കാൻ കഴിയില്ലെന്നും മണിപ്പുർ മുഖ്യമന്ത്രി പറഞ്ഞു.