FeaturedHome-bannerKeralaNews

വനംവകുപ്പിന്റെ വാഹനം തകർത്ത് അരിക്കൊമ്പൻ; മേഘമലയിൽ നിരോധനാജ്ഞ, സഞ്ചാരികൾക്ക് നിയന്ത്രണം

മേഘമല: ജനവാസ മേഖലയില്‍ സ്ഥിരമായിറങ്ങി ശല്യമുണ്ടാക്കിയതിനെത്തുടര്‍ന്ന് ചിന്നക്കനാലില്‍നിന്ന് നാടുകടത്തിയ അരിക്കൊമ്പനെക്കൊണ്ട് തമിഴ്‌നാടും പൊറുതിമുട്ടുന്നു. പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടശേഷം നടന്ന് മേഘമലയിലെത്തിയ അരിക്കൊമ്പന്‍ അവിടെ കൃഷി ഉള്‍പ്പെടെ നശിപ്പിച്ചു. വനം വകുപ്പിന്റെ വാഹനവും തകര്‍ത്തു. ഇതോടെ മേഘമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞ രണ്ടു ദിവസമായി മേഘമലയില്‍ തമ്പടിച്ചിരിക്കുകയാണ് അരിക്കൊമ്പന്‍. കൃഷിയിടവും തമിഴ്‌നാട് വനം വകുപ്പിന്റെ വാഹനവും കഴിഞ്ഞ ദിവസം രാത്രി തകര്‍ത്തു. വാഴക്കൃഷി നശിപ്പിക്കാനാണ് ശ്രമിച്ചത്. വനപാലകര്‍ ആനയെ തുരത്തിയോടിക്കാന്‍ ശ്രമിച്ചു. ഇതോടെ വനംവകുപ്പിന്റെ വാഹനത്തിനു നേരെ തിരിയുകയും തകര്‍ക്കുകയുമായിരുന്നു. നിലവില്‍ വനപാലകരും നാട്ടുകാരും ചേര്‍ന്ന് തമിഴ്‌നാട്ടിലെത്തന്നെ വനമേഖലയിലേക്ക് അരിക്കൊമ്പനെ ഓടിച്ചിരിക്കുകയാണ്.

പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ മേഘമലയിലെത്തും. തുടര്‍ന്ന് ആനെയ പെരിയാര്‍ കടുവാ സങ്കേതത്തിലേക്കുതന്നെ തിരികെയെത്തിക്കാനായി ശ്രമം നടത്തും. 120 പേരടങ്ങുന്ന സംഘത്തെ തമിഴ്‌നാട് വനംവകുപ്പും അരിക്കൊമ്പനെ തുരത്താനായി നിയോഗിച്ചിട്ടുണ്ട്. പ്രദേശത്ത് ഇന്നു രാവിലെ എട്ടു മണി മുതലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

റേഡിയോകോളര്‍ ഘടിപ്പിച്ചിട്ടും രണ്ടു ദിവസം അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലെ ജനവാസ മേഘലയില്‍ നിലയുറപ്പിച്ചു. ഇതേപ്പറ്റി കൃത്യമായ വിവരം തമിഴ്‌നാടിന് കൈമാറാന്‍ കേരളത്തിന് സാധിച്ചില്ല. കാലാവസ്ഥാ വ്യതിയാനം മൂലം റേഡിയോ കോളര്‍ കൃത്യമായി പ്രവര്‍ത്തിക്കാത്തതാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തല്‍. ചില സമയങ്ങളില്‍ സിഗ്നലുകള്‍ ലഭിക്കുന്നില്ലെന്ന് വനംവകുപ്പ് തന്നെ പറയുന്നുണ്ട്.

നേരത്തേ മണലൂര്‍ എസ്‌റ്റേറ്റില്‍നിന്നുള്ള അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട ശേഷം അരിക്കൊമ്പന്റേതായി പുറത്തുവന്ന ആദ്യ ദൃശ്യമായിരുന്നു ഇത്. മേഖലയില്‍നിന്ന് വെള്ളം കുടിച്ച ശേഷം പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് തന്നെ തിരികെപ്പോകുന്ന ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്.

മേഘമല ഭാഗത്ത് ആനയുടെ ആക്രമണം നടന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. വീടിന്റെ ചില ഭാഗങ്ങള്‍ തകര്‍ത്തതിന്റെ വിവരണങ്ങളും ചിത്രങ്ങളും പത്രത്തില്‍ നല്‍കിയിരുന്നു. തോട്ടം തൊഴിലാളിയുടെ വീടിന്റെ വാതില്‍ തകര്‍ക്കുകയും അരിച്ചാക്ക് ഉള്‍പ്പെടെ നശിപ്പിക്കാന്‍ ശ്രമിച്ചതുമായിരുന്നു വാര്‍ത്ത. എന്നാല്‍ ഇത് അരിക്കൊമ്പന്‍ തന്നെയാണോ എന്നതില്‍ സ്ഥിരീകരണമുണ്ടായിരുന്നില്ല. അതേസമയം അരിക്കൊമ്പന്‍ അതേ മേഖലയില്‍ വിഹരിക്കുന്നതിനിടെത്തന്നെയാണ് ഈ പത്രവാര്‍ത്തയും പ്രചരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker