CrimeKeralaNews

ലൊക്കേഷൻ കണ്ടെത്താതിരിക്കാൻ മൊബൈൽ വീട്ടിൽവെക്കാൻ പറഞ്ഞു,പാറക്കെട്ടുകള്‍ക്കിടയില്‍ മൃതദേഹം,ആതിരയുടെ കൊലപാതകം ആസൂത്രിതം

അതിരപ്പിള്ളി: വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് ആനയും പുലിയുമിറങ്ങുന്ന വനമേഖലയില്‍ നിന്നും ആതിരയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതി കുറ്റസമ്മതം നടത്തിയതോടെ കാട്ടില്‍ രാത്രിതന്നെ തിരച്ചില്‍ നടത്താന്‍ കാലടി പോലീസ് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് വനമേഖല ഉള്‍പ്പെടുന്ന കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെത്തി വിവരം അറിയിച്ച് ടോര്‍ച്ചും ആന വന്നാല്‍ ഓടിക്കാനുള്ള സജ്ജീകരണങ്ങളുമായി നടന്നാണ് സംഘം മലകയറിയത്. കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും ഒപ്പം ചേര്‍ന്നു. ആനമല റോഡില്‍ നിന്ന് അര കിലോമീറ്ററിലേറെ അകലെ വനത്തിനുള്ളിലെ പാറക്കെട്ടുകള്‍ക്കിടയില്‍ നാലടിയോളം താഴ്ചയിലാണ് മൃതദേഹം ഒളിപ്പിച്ചിരുന്നത്.

മൃതശരീരം രണ്ട് പാറകളുടെ ഇടയില്‍ കിടത്തി കരിയിലകള്‍ കൊണ്ട് മൂടിയിരുന്നെങ്കിലും കാലുകള്‍ പുറത്ത് കാണാവുന്ന നിലയിലായിരുന്നു. വ്യാഴാഴ്ച വൈകീട്ടോടെ കാലടി പോലീസ് അഖിലിനെ വെറ്റിലപ്പാറ മേഖലയില്‍ എത്തിച്ചെങ്കിലും ആതിര ബസ് കയറി ചാലക്കുടി ഭാഗത്തേക്ക് പോയി എന്ന് പറഞ്ഞതിനാല്‍ തിരികെ കൊണ്ടുപോയി. രാത്രി വീണ്ടും ചോദ്യം ചെയ്തപ്പോള്‍ പ്രതി സംഭവങ്ങള്‍ വിവരിച്ചു.

പുലര്‍ച്ചെ തന്നെ അതിരപ്പിള്ളി പോലീസും വനപാലകരും വീണ്ടുമെത്തി പ്രദേശം റിബണ്‍ കെട്ടി തിരിച്ചു. സംഭവമറിഞ്ഞ് നാട്ടുകാരുള്‍പ്പെടെ നിരവധി ആളുകള്‍ തുമ്പൂര്‍മുഴിയില്‍ എത്തിയെങ്കിലും റോഡില്‍ നിന്ന് ആരെയും വനത്തിലേക്ക് കയറ്റി വിട്ടില്ല. പ്രതിയെ രാവിലെ എട്ടോടെ സ്ഥലത്തെത്തിച്ചു. ആതിരയുടെ മൃതദേഹം വൈകീട്ട് വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. അന്‍വര്‍ സാദത്ത് എം.എല്‍.എ. സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്തു.

ആതിരയുടെ മരണത്തില്‍ അമ്പരന്നു നില്‍ക്കുകയാണ് നാട്ടുകാര്‍. കഠിനാധ്വാനിയായിരുന്ന ആതിരയെക്കുറിച്ച് അവര്‍ക്ക് നല്ലതുമാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. സൂപ്പര്‍മാര്‍ക്കറ്റില്‍ പണിക്ക് പോയിത്തുടങ്ങിയിട്ട് അഞ്ചുമാസമേ ആയിട്ടുള്ളൂ. അതിനു മുന്‍പ് പശുവളര്‍ത്തലിലായിരുന്നു ശ്രദ്ധ. പുല്ലുവെട്ടും കറവയുമെല്ലാമായി വെറുതെയിരിക്കുന്ന പ്രകൃതക്കാരിയായിരുന്നില്ല ആതിരയെന്ന് അയല്‍വാസികള്‍ പറഞ്ഞു. കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.

കൂടെജോലിചെയ്യുന്നയാള്‍ സഹായം ചോദിച്ചപ്പോള്‍ പണയപ്പെടുത്താന്‍ സ്വര്‍ണം നല്‍കിയതാകാമെന്നാണ് കരുതുന്നത്. പെട്ടെന്ന് തിരിച്ചു തരുമെന്ന പ്രതീക്ഷയാകും ഉണ്ടായിരുന്നത്. അതിനാലാകും സ്വര്‍ണം നല്‍കിയ വിവരം വീട്ടുകാരോടുപോലും പറയാതിരുന്നതെന്ന് കരുതുന്നു. കാണാതാകുന്നതിന് രണ്ടു ദിവസം മുന്‍പ് മകള്‍ വീട്ടില്‍ വന്നിരുന്നുവെങ്കിലും സ്വര്‍ണം നല്‍കിയ വിവരം പറഞ്ഞില്ലെന്ന് ആതിരയുടെ അച്ഛന്‍ പറഞ്ഞു.

ആതിരയെ കാണാതായപ്പോഴും ഇങ്ങനെ ഒരു ദുരന്തം പ്രതീക്ഷിച്ചില്ല. വീടുവിട്ടുപോകേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. പിന്നെ എന്തുപറ്റിയെന്ന ആധിയായിരുന്നു. ബന്ധുവീടുകളിലൊക്കെ അന്വേഷിച്ചശേഷം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പറക്കമുറ്റാത്ത രണ്ടുകുട്ടികളെ ഓര്‍ത്താണ് ഏവരുടെയും ദുഃഖം.

അഖിലുമായി സൂപ്പര്‍മാര്‍ക്കറ്റില്‍ തളിരിട്ട സൗഹൃദമാണ് ഒടുവില്‍ ആതിരയുടെ കൊലപാതകത്തില്‍ കലാശിച്ചത്. അങ്കമാലി എം.സി. റോഡിലുള്ള സൂപ്പര്‍മാര്‍ക്കറ്റിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. കാലടി ചെങ്ങല്‍ സ്വദേശിനിയായ ആതിര സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ് ഗേളായിരുന്നു. അഖില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ഫിഷ് സ്റ്റാള്‍ വാടകയ്ക്ക് എടുത്ത് നടത്തുകയായിരുന്നു.

അഞ്ചു മാസത്തെ സൗഹൃദമാണ് ഇരുവരും തമ്മിലുള്ളത്. നാലുവര്‍ഷം മുന്‍പാണ് അഖില്‍ സൂപ്പര്‍മാര്‍ക്കറ്റിലെത്തിയത്. ആതിര അഞ്ചു മാസം മുന്‍പും. ഇരുവരും തമ്മില്‍ അടുപ്പമുണ്ടായിരുന്നതായി അറിയില്ലെന്നാണ് സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ പറയുന്നത്. 10 ദിവസം മുന്‍പ് ആതിര ജോലി വേണ്ടെന്നുവെച്ച് പോയതായി സ്ഥാപന ഉടമ പറയുന്നു.

അഖിലിന്റെ കുട്ടി രോഗിയായതിനാല്‍ പണത്തിന് കൂടുതല്‍ ആവശ്യമുണ്ടായിരുന്നു. പണയം വെയ്ക്കുന്നതിനാണ് സ്വര്‍ണാഭരണങ്ങള്‍ അഖില്‍ ആതിരയില്‍ നിന്നും വാങ്ങിയതെന്നാണ് പോലീസ് പറയുന്നത്. ഇത് തിരികെ ചോദിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.

ആതിരയെ ഒഴിവാക്കാന്‍ അഖില്‍ ആസൂത്രിതമായാണ് കൊലയ്ക്ക് പദ്ധതിയിട്ടത്. ആതിരയോട് ഫോണ്‍ വീട്ടില്‍നിന്ന് എടുക്കേണ്ടെന്ന് പറഞ്ഞിരുന്നു. പോലീസ് മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ വേഗം പിടിക്കപ്പെടുമെന്ന് മനസ്സിലാക്കിയായിരുന്നു ഇത്. അഖിലും ഫോണ്‍ സ്വിച്ച് ഓഫ് ആക്കി വെച്ചു. എന്നാല്‍, കാര്‍ വാടകയ്ക്ക് കൊടുത്ത ആളുടെ മൊഴിയും സി.സി.ടി.വി. ദൃശ്യങ്ങളും പ്രതിയെ പിടികൂടാന്‍ പോലീസിനെ തുണച്ചു.

പ്രതി അഖിൽ ഇൻസ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമങ്ങളിൽ സജീവമാണ്. ‘അഖിയേട്ടൻ’ എന്ന ഇയാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിരവധി റീൽസ് വീഡിയോകളുണ്ട്. 11,000-ത്തിലധികം ഫോളോവർമാരുണ്ട്. ഭൂരിഭാഗവും സ്ത്രീ സുഹൃത്തുക്കളാണ്. അഖിലിന്റെ ബന്ധങ്ങളെക്കുറിച്ചും പോലീസ് അന്വേഷിക്കും. റീൽസുകളുടെ മറവിൽ ഇയാൾ കൂടുതൽപേരെ ചതിയിൽപ്പെടുത്തിയിട്ടുണ്ടോ എന്നും ആശങ്കയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker