CrimeKeralaNews

അയല്‍വാസിയുടെ കാലൊടിക്കാൻ നാലാം ഭർത്താവ് മുഖേന ക്വട്ടേഷൻ: അമ്മയും മകളും ഒളിവിൽ

തൊടുപുഴ: രാവിലെ നടക്കാനിറങ്ങിയ ഗൃഹനാഥനെ മുളകുപൊടിയെറിഞ്ഞ് ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ കേസിൽ പ്രതികളായ അമ്മയും മകളും ഒളിവിൽ. തൊടുപുഴ ഇഞ്ചിയാനി സ്വദേശികളായ മിൽക്ക, മകൾ അനീറ്റ എന്നിവരാണ് ഒരാഴ്ചയിലേറെയായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുന്നത്. ഇവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇരുവരും ഹൈക്കോടതിയിൽ നിന്നു മുൻകൂർ ജാമ്യത്തിനും ശ്രമിച്ചു വരികയാണെന്നും പൊലീസിനു വിവരം ലഭിച്ചു.  

ഇഞ്ചിയാനി പുറക്കാട്ട് ഓമനക്കുട്ടന് (44) നേരെയാണ് കഴിഞ്ഞയാഴ്ച ആക്രമണമുണ്ടായത്. ഓമനക്കുട്ടനോടുള്ള വൈരാഗ്യം നിമിത്തം കാൽ തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകിയത് ഇവരുടെ അയൽവാസിയായ മിൽക്കയും മകൾ അനീറ്റയുമാണെന്നാണ് പൊലീസ് കണ്ടെത്തിയത്.

സംഭവത്തിൽ കൊച്ചിയിലെ ക്വട്ടേഷൻ സംഘാംഗങ്ങളും പത്തോളം ക്രിമിനൽ കേസുകളിൽ പ്രതികളുമായ ചേരാനല്ലൂർ അമ്പലക്കടവ്  ചൂരപ്പറമ്പിൽ സന്ദീപ് (27), വരാപ്പുഴ മുട്ടിനകം ചുള്ളിപ്പറമ്പിൽ ശ്രീജിത്ത് (25) എന്നിവരെ ചേരാനല്ലൂർ  പൊലീസിന്റെ സഹായത്തോടെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ 26നായിരുന്നു സംഭവം. വീടിനു സമീപമുള്ള ഇടറോഡിൽ കൂടി നടന്നു വരികയായിരുന്ന ഓമനക്കുട്ടനെ സ്‌കൂട്ടറിലെത്തിയ പ്രതികൾ ആക്രമിക്കുകയായിരുന്നു. ഇടതു കാലിന് കല്ലുകൊണ്ടിടിച്ചു പരുക്കേൽപിക്കുകയും ചെയ്തു. ഓമനക്കുട്ടന്റെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ തട്ടിയെടുത്താണ് പ്രതികൾ കടന്നത്. പ്രതികൾ വാഹനത്തിൽ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു.

അയൽവാസികളായ മിൽക്കയും ഓമനക്കുട്ടനുമായി വിവിധ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ തർക്കമുണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇതോടെ അനീറ്റയുടെ ഫോൺ പൊലീസ് പരിശോധിച്ചിരുന്നു. ഇതിൽ നിന്നു ക്വട്ടേഷൻ സംഘത്തെ ബന്ധപ്പെട്ടതിന്റെ തെളിവുകൾ ലഭിച്ചു.

മിൽക്കയുടെ എറണാകുളത്തുള്ള നാലാം ഭർത്താവു മുഖേനയാണ് ക്വട്ടേഷൻ സംഘവുമായി ഇവർ ബന്ധപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം ഊർജിതമാക്കിയതോടെയാണ് ഇരുവരും ഒളിവിൽ പോയത്. തൊടുപുഴ ഡിവൈഎസ്പി എം.ആർ.മധു ബാബു, എസ്എച്ച്ഒ വി.സി.വിഷ്ണുകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker