KeralaNews

രണ്ടു ദിവസം ഊട്ടിയിൽ തങ്ങി,ഗോവയിൽ പോകാൻ ലക്ഷ്യമിട്ടു, തുണയായത് ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ ഇടപെടൽ

കോയമ്പത്തൂർ:ആലത്തൂരിൽനിന്ന് അഞ്ച് ദിവസം മുമ്പ് കാണാതായ സ്കൂൾ വിദ്യാർഥികളുടെ അടുത്ത യാത്ര ഗോവയിലേക്കായിരുന്നുവെന്ന് ഇവരെ കണ്ടെത്തിയ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ ഉദ്യോഗസ്ഥർ. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് കുട്ടികളെ കോയമ്പത്തൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയത്. തീവണ്ടിയുടെ സമയം അന്വേഷിച്ച് നിൽക്കുന്നതിനിടെയാണ് മലയാളി ആർ.പി.എഫ്. ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പതിഞ്ഞത്.

ബോംബ് ഡിറ്റക്ഷൻ സ്ക്വാഡ് കോൺസ്റ്റബിൾ അനീഷും കോൺസ്റ്റബിൾ സുജിത്തും പതിവ് പരിശോധനക്കായാണ് സബ്ഇൻസ്പെക്ടർ ആലിസ് ആന്റണിയുടെ കൂടെ സ്റ്റേഷൻ വരാന്തയിൽ നിന്നിരുന്നത്. സ്റ്റേഷനിലെത്തി തീവണ്ടി സമയം ചോദിച്ചിരുന്ന കുട്ടികളുടെ ചിത്രം ആർ.പി.എഫ്. ഗ്രൂപ്പുകളിൽ ഉണ്ടായിരുന്നത് സഹായകമായി. എങ്കിലും യൂണിഫോമിൽ അല്ലാതിരുന്ന ഉദ്യോഗസ്ഥർ ഇവരുമായി സാധാരണഗതിയിൽ സംസാരിച്ച് കാണാതായ കുട്ടികൾ ആണെന്ന് ഉറപ്പിച്ചിരുന്നു.

പെൺകുട്ടികൾ ഇരട്ടകൾ ആണെന്നത് കണ്ടുപിടിക്കാൻ എളുപ്പമായി. കാര്യങ്ങൾ പറഞ്ഞു വരുന്നതിനിടെ ഊട്ടിയിൽ നിന്ന് വരികയാണെന്നും ദൂരയാത്ര പ്ലാൻ ചെയ്തിരിക്കുകയാണെന്നും ആണ് ഇവർ ആദ്യം പറഞ്ഞത്. ഉടൻതന്നെ ശിശു സംരക്ഷണ സമിതിയെ അറിയിച്ച് പ്രത്യേക മുറിയിലേക്ക് മാറ്റിയിരുത്തി. അവരുടെ നിർദ്ദേശപ്രകാരം കേരള പോലീസിന് വിവരം കൈമാറുകയായിരുന്നു. പിന്നീട് കുട്ടികളെ ആർ.പി.എഫ്. ഓഫീസിലേക്ക് മാറ്റി. വൈകിട്ട് ആറരയോടെ ആർ.പി.എഫ് ആലത്തൂർ പോലീസിന് കുട്ടികളെ കൈമാറി.

ഊട്ടിയിൽ നിന്ന് കോയമ്പത്തൂരിൽ തിരിച്ചെത്തിയ കുട്ടികൾ ഇവിടെ മുറിയെടുക്കാൻ ശ്രമിച്ചിരുന്നു എന്നാണ് കരുതുന്നത്. ഇതേത്തുടർന്നാണ് കുട്ടികൾ റെയിൽവേ സ്റ്റേഷനിൽ എത്തി ദൂരെ യാത്രക്കുള്ള തീവണ്ടിയെ കുറിച്ച് സംശയങ്ങൾ മറ്റുള്ളവരോട് ചോദിച്ചിരുന്നത്. ഇവരെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴും വീട്ടിലെ പ്രശ്നങ്ങൾ ആണെന്ന് മാത്രമാണ് ആദ്യഘട്ടത്തിൽ പറഞ്ഞത്. ആദ്യഘട്ടത്തിൽ നേരിയ പരിഭ്രമം കാണിച്ചുവെങ്കിലും ഉദ്യോഗസ്ഥരും ശിശു സംരക്ഷണ സമിതിയും കുട്ടികളോട് അനുകമ്പയോടെ സംസാരിച്ചതോടെ സാധാരണ നിലയിലായി.

ഗോപാലപുരം ചെക്പോസ്റ്റ് വഴി പൊള്ളാച്ചിയിലേക്ക് കടന്ന കുട്ടികൾ രണ്ടുദിവസമായി ഊട്ടിയിൽ തങ്ങിയ ശേഷമാണ് കോയമ്പത്തൂരിൽ വൈകിട്ടോടെ എത്തിയത്. ഇതിനിടെ കയ്യിലുള്ള ഒരു മൊബൈലും ആഭരണവും വിറ്റിരുന്നു. ഇവരെ കണ്ടെത്തുമ്പോൾ കുട്ടികളുടെ കയ്യിൽ 9,110 രൂപയും 40,000 രൂപ വിലമതിക്കുന്ന ആഭരണവും മാത്രമാണ് കൈയിലുണ്ടായിരുന്നത്. ഊട്ടിയിൽ ഇവർ തങ്ങിയിരുന്ന ലോഡ്ജിലെ വിലാസം ഇവരുടെ കൈവശം ഉണ്ടായിരുന്നു. കുട്ടികൾക്ക് മുറി ലഭ്യമാക്കിയവരെ കുറിച്ചുള്ള അന്വേഷണത്തിന് വേണ്ട തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker