KeralaNews

എറണാകുളം ജില്ലയിൽ വഴി തടഞ്ഞുള്ള സിനിമാ ചിത്രീകരണം അനുവദിക്കില്ല,നിലപാട് കടുപ്പിച്ച് യൂത്ത് കോൺഗ്രസ്

കൊച്ചി:ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയും ഗതാഗതം തടഞ്ഞും സർക്കാർ ഓഫീസുകൾ അടക്കമുള്ള സ്‌ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തിയുമുള്ള സിനിമ ചിത്രീകരണം എറണാകുളം ജില്ലയിൽ ഇനി അനുവദിക്കില്ലെന്ന് യൂത്ത് കോൺഗ്രസ്. ജില്ലയിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള സിനിമ ചിത്രീകരണം മുന്നറിയിപ്പില്ലാതെ തടയുമെന്ന് യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി അറിയിച്ചു.

സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തിനെതിരെയും യൂത്ത് കോൺഗ്രസ് പ്രചാരണവും പ്രക്ഷോഭവും ആരംഭിക്കുമെന്നും ടിറ്റോ ആന്റണി വാർത്താ കുറിപ്പിൽ വ്യക്തമാക്കി. ലൊക്കേഷനുകളിൽ ബൗൺസർമാരെയും ഗുണ്ടകളെയും അണിനിരത്തിയാണ് പലയിടത്തും ഷൂട്ടിംഗ് നടത്തുന്നത്. ഇവർ ജനങ്ങളെ ആട്ടിയകറ്റുകയാണ്. ചോദ്യം ചെയ്താൽ മർദനമടക്കം നേരിടേണ്ടി വരുന്ന സാഹചര്യവുമുണ്ടെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.

ഇന്ധനവില വർധനയ്ക്ക് എതിരായ കോൺഗ്രസിന്റെ വഴിതടയൽ സമരത്തിനിടെ നടൻ ജോജു ജോർജ് പ്രതിഷേധിച്ചതും പിന്നാലെയുണ്ടായ സംഘർഷങ്ങളും കാർ തകർത്തതുമടക്കമുള്ള വിഷയങ്ങളാണ് യൂത്ത് കോൺഗ്രസിനെ പുതിയ തീരുമാനത്തിന് കാരണം. കാർ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ കോൺഗ്രസിന്റെ മുൻ മേയർ ടോണി ചമ്മിണി അടക്കമുളള പ്രതികൾ റിമാൻഡിലാണ്. ജോജുവിന്‍റെ കാർ തങ്ങൾ ആക്രമിച്ചിട്ടില്ലെന്നും കോൺഗ്രസ് സമരത്തിനിടയിലേക്ക് നടൻ മനപൂർവം നുഴഞ്ഞുകയറി പ്രശ്നങ്ങളുണ്ടാക്കിയെന്നുമാണ് കോൺഗ്രസ് നിലപാട്. ഇക്കാര്യം കോടതിയിലും ആവർത്തിക്കാനാണ് നീക്കം.

നേരത്തെ സിനിമാ ഷൂട്ടിംഗ് സൈറ്റുകളിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ശ്രീനിവാസൻ നായകനായ കീടം സിനിമയുടെ എറണാകുളത്തെ ഷൂട്ടിംഗ് സെറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചു. നടൻ ജോജു ജോർജ്ജിനെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായാണ് സിനിമാ ചിത്രീകരണ നടക്കുന്ന പുത്തൻകുരിശ് പിഡബ്ല്യൂഡി റസ്റ്റ് ഹൗസിലേക്ക് മാർച്ച് നടത്തിയത്. കാഞ്ഞിരപ്പള്ളിയിൽ ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്ക് വഴി തടഞ്ഞു ചിത്രീകരണം നടത്തിയെന്നാരോപിച്ചും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. കാഞ്ഞിരപള്ളി കുന്നുംഭാഗത്ത് റോഡിൽ ഗതാഗതം തടസപ്പെടുത്തി സിനിമ ചിത്രീകരണം നടത്തുന്നതിനെതിരെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിക്ഷേധ സമരം സംഘടിപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker