സൈബര്‍ ആങ്ങളമാര്‍ക്ക് ഇനിമുതല്‍ മറുപടികൊണ്ടാകില്ല പ്രതികരണം; നിലപാട് കടുപ്പിച്ച് അഹാന കൃഷ്ണ

സൈബര്‍ ആക്രമണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുന്ന താരമാണ് അഹാന കൃഷ്ണ. എന്ത് പോസ്റ്റിട്ടാലും മോശം കമന്റുകള്‍ പങ്കുവയ്ക്കുന്നവര്‍ക്കെതിരെ എ ലവ് ലെറ്റര്‍ ടു സൈബര്‍ ബുള്ളീസ് എന്ന പേരില്‍ യൂട്യൂബ് വീഡിയോയുമായി താരം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇനി അഹാനയുടെ പ്രതികരണം ഇങ്ങനെയല്ല.

സൈബര്‍ ബുള്ളീസിനോട് നിലപാട് കടുപ്പിച്ചിരിക്കുകയാണ് അഹാന. മോശം കമന്റുകള്‍ കണ്ടാല്‍ ഉടനെ അവരെ ബ്ലോക്ക് ചെയ്യും എന്നാണ് താരം വ്യക്തമാക്കുന്നത്. പിന്നെ ഈ കമന്റുകള്‍ പരസ്യമായി വെളിപ്പെടുത്തുകയും ചെയ്യും എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി താരം പങ്കുവച്ചിരിക്കുന്നത്. അസഭ്യമായ ഒരു കമന്റ് അടക്കം പങ്കുവച്ചാണ് അഹാനയുടെ പോസ്റ്റ്.

മാസ്‌ക്കോ സാനിറ്റൈസറോ ഉപയോഗിച്ച് തടുക്കാന്‍ കഴിയാത്ത മഹാമാരിയാണ് സൈബര്‍ അതിക്രമം. താന്‍ ഒരു ഇരയല്ലെന്നും മോശം വാക്കുകള്‍ ഉപയോഗിച്ച് തന്നെ ആക്രമിച്ചവര്‍ സ്വയം ലജ്ജിക്കണമെന്നും അഹാന എ ലവ് ലെറ്റര്‍ ടു സൈബര്‍ ബുള്ളീസ് എന്ന വീഡിയോയില്‍ പറഞ്ഞിരുന്നു.

അടുത്തിടെ സ്വര്‍ണവേട്ടയെ കുറിച്ച് അഹാന പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. അതില്‍ ചിലര്‍ വളരെ മോശമായ രീതിയില്‍ അഹാനയെയും കുടുംബത്തേയും മാധ്യമങ്ങളിലൂടെ കടന്നാക്രമിക്കുകയും ചെയ്തിരുന്നു.