തിരുവനന്തപുരം: താൻ കാൻസർ ബാധിച്ച് അത്യാസന്ന നിലയിലാണെന്നും ശബ്ദം നഷ്ടപ്പെട്ടെന്നുമുള്ള രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് നടിയും അവതാരകയുമായ ജുവൽ മേരി. തെറ്റായ ക്യാപ്ഷനുകളോടെ തന്നെ കൊന്നടക്കാൻ നോക്കുന്ന ഓൺലൈൻ ചാനലുകൾക്ക് തഗ്ഗ് മറുപടിയുമായാണ് താരം ഔദ്യോഗിക വീഡിയോയിലൂടെ രംഗത്തെത്തിയത്.
തനിക്ക് 2023-ൽ അർബുദം സ്ഥിരീകരിച്ചിരുന്നുവെന്നത് സത്യമാണെന്നും എന്നാൽ കൃത്യമായ ചികിത്സയ്ക്ക് ശേഷം ഇപ്പോൾ താൻ പൂർണ്ണ ആരോഗ്യവതിയായി സന്തോഷത്തോടെ ജീവിച്ചിരിപ്പുണ്ടെന്നും ജുവൽ മേരി വ്യക്തമാക്കി.
‘എന്റെ അടിയന്തരത്തിന്റെ കാർഡ് അടിച്ചുകൊണ്ടിരിക്കുന്നു’
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ ജുവൽ മേരിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു:
“രണ്ടു ദിവസമായി എന്റെ ശ്രദ്ധയിൽപ്പെട്ട ഒരു കാര്യത്തിന്റെ സത്യാവസ്ഥ നിങ്ങളെ ഒന്ന് ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ഈ വിഡിയോ ഇടുന്നത്. ചത്തിട്ടില്ല മക്കളെ ഞാൻ ചത്തിട്ടില്ല! രണ്ടു ദിവസമായി ‘എന്റെ ശബ്ദം നഷ്ടപ്പെട്ടു, ഞാൻ മരണം കാത്തു കിടക്കുകയാണ്, എനിക്ക് അനങ്ങാൻ പറ്റില്ല’ എന്നൊക്കെ പറഞ്ഞ് കുറച്ചു പേർ എന്നെ കൊന്ന് എന്റെ അടിയന്തരത്തിന്റെ കാർഡ് അടിച്ചു കൊണ്ടിരിക്കുന്നുണ്ട്. പക്ഷേ, നമ്മൾ ഫിനിഷ്ഡ് അല്ല.
2023-ൽ എനിക്കുവന്ന കാൻസറിനെക്കുറിച്ച് ഞാൻ പൊതുപരിപാടിയിൽ പറഞ്ഞിരുന്നു. അവിടെ പറഞ്ഞ കാര്യങ്ങൾ എടുത്ത് ഇപ്പോൾ ഞാൻ അങ്ങനെയാണെന്നുള്ള ധ്വനിയോട് കൂടി, തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്ഷൻസ് കൊടുത്ത് എന്നെ കൊന്നടക്കാൻ വേണ്ടി തയാറെടുത്തുകൊണ്ടിരിക്കുന്ന ഓൺലൈൻ സഹോദരന്മാരോട്, എന്റെ മരിപ്പിനുള്ള ചായ എവിടെയും കൊടുക്കാറായിട്ടില്ല. ഞാൻ മരിച്ചിട്ടില്ല. നല്ല ജീവനോടെ സന്തോഷത്തോടെ ഇവിടെ തന്നെയുണ്ട്. അപ്പോൾ ഇനി ആ വാർത്ത അങ്ങോട്ട് വിട്ടേര്! എന്നെ സ്നേഹിക്കുന്ന ഒരുപാടുപേർ എനിക്കുവേണ്ടി ടെൻഷൻ അടിക്കുകയും വിളിക്കുകയും, എനിക്ക് എന്തുപറ്റി എന്ന് അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. ഒന്നും പറ്റിയില്ല, ഹാപ്പിയാണ്! അപ്പോൾ നിങ്ങൾ ഹാപ്പി ആയിട്ട് ഇരിക്കുക.”
2023-ൽ കീഴ്പ്പെടുത്തിയത് തൈറോയ്ഡ് കാൻസർ
മൂന്നുവർഷങ്ങൾക്ക് മുൻപ് ഒരു പരിപാടിയിൽ പങ്കെടുത്ത് തന്റെ മുൻകാല രോഗാവസ്ഥയെക്കുറിച്ച് സംസാരിച്ച കാര്യങ്ങളെടുത്താണ് താരം ഇപ്പോൾ ഗുരുതരാവസ്ഥയിലാണെന്ന രീതിയിൽ ചില ഓൺലൈൻ മാധ്യമങ്ങൾ തരംതാണ പ്രചാരണം നടത്തിയത്.
2023-ലാണ് ജുവൽ മേരിക്ക് തൈറോയ്ഡ് കാൻസർ (Thyroid Cancer) ആണെന്ന് കണ്ടെത്തുന്നത്. ഒരു സാധാരണ ചെക്കപ്പിന് പോയപ്പോഴാണ് രോഗലക്ഷണങ്ങളിൽ സംശയം തോന്നിയതും തുടർന്ന് പരിശോധനകളിൽ അർബുദം സ്ഥിരീകരിച്ചതും. പിന്നീട് വിദഗ്ദ്ധ ചികിത്സയും ശസ്ത്രക്രിയയും വിജയകരമായി പൂർത്തിയാക്കി. സമാനമായ അവസ്ഥകളിലൂടെ കടന്നുപോകുന്ന മറ്റുള്ളവർക്ക് ഒരു വെളിച്ചമേകാനും ആത്മവിശ്വാസം നൽകാനുമാണ് അന്ന് താൻ രോഗവിവരം തുറന്നുപറഞ്ഞതെന്നും, നിലവിൽ യാതൊരു വിധ ആരോഗ്യപ്രശ്നങ്ങളും തനിക്കില്ലെന്നും ജുവൽ മേരി വ്യക്തമാക്കി.
English Summary
Popular actress and television host Jewel Mary has lashed out at online media platforms for circulating fake news claiming she is terminally ill and has lost her voice due to cancer. Clarifying the reality through a video message, Jewel stated, “I am not dead yet, my children!” She explained that she was diagnosed with thyroid cancer back in 2023, but after a successful surgery and treatment, she is now completely healthy and happy. Some online portals misused an old clip from a talk she gave three years ago about her past battle with cancer to create misleading, clickbait thumbnails. Jewel requested her well-wishers not to panic and put an end to these baseless rumors.


