ചെന്നൈ: വ്യക്തിജീവിതത്തിലെ പ്രതിസന്ധികളെ തുടർന്ന് സിനിമയിൽ നിന്നും താൽക്കാലികമായി ഇടവേള എടുക്കുന്നുവെന്ന മുൻ തീരുമാനം തിരുത്തി തമിഴ് താരം രവി മോഹൻ (ജയം രവി) വീണ്ടും അഭിനയരംഗത്തേക്ക്. തെന്നിന്ത്യൻ സിനിമാലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ലോകേഷ് കനകരാജിന്റെ ‘ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ’ (LCU) ഭാഗമായ ‘ബെൻസ്’ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് താരം ജോയിൻ ചെയ്തത്.
ഭാര്യ ആർതിയുമായുള്ള വിവാഹമോചന നടപടികൾ പൂർത്തിയാകുന്നതുവരെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുമെന്നായിരുന്നു താരം നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ആരാധകർക്ക് വലിയ ആവേശം നൽകിക്കൊണ്ട് താരം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുകയാണ്.
ജയം രവിയെ സ്വാഗതം ചെയ്ത് ലോകേഷ് കനകരാജ്
‘ബെൻസ്’ സിനിമയുടെ ഷൂട്ടിങ് സെറ്റിലേക്ക് ജയം രവിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ചിത്രങ്ങൾ സംവിധായകനും നിർമ്മാതാവുമായ ലോകേഷ് കനകരാജ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. എൽ.സി.യു പോലുള്ള ഒരു ബ്രഹ്മാണ്ഡ പ്രൊജക്റ്റിന്റെ ഭാഗമായി ശക്തമായൊരു കഥാപാത്രത്തിലൂടെ താരം തിരിച്ചെത്തിയത് സിനിമാ ലോകത്തും ചർച്ചയായിട്ടുണ്ട്.
നേരത്തെ തന്റെ ഭാര്യ ആർതിക്കും കുടുംബത്തിനുമെതിരെ ജയം രവി വാർത്താസമ്മേളനത്തിൽ പരസ്യമായി പൊട്ടിത്തെറിച്ചത് വലിയ വാർത്തയായിരുന്നു. കൂടാതെ, തന്റെ സുഹൃത്തായ കെനീഷ ഫ്രാൻസിസിനെതിരെ ഉയർന്ന സൈബർ ആക്രമണങ്ങൾക്കെതിരെയും നടൻ ശക്തമായി പ്രതികരിച്ചിരുന്നു. തുടർന്ന് ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തും വരെ സിനിമകളിൽ നിന്നും ഇടവേള എടുക്കുന്നുവെന്ന് താരം പ്രഖ്യാപിച്ചെങ്കിലും ആ തീരുമാനം മാറ്റിയാണ് ഇപ്പോൾ ‘ബെൻസി’ലേക്ക് എത്തിയിരിക്കുന്നത്.
രാഘവ ലോറൻസ് നായകൻ; വില്ലനായി നിവിൻ പോളി
ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ രാഘവ ലോറൻസ് ആണ് നായകനാകുന്നത്. മലയാളികളുടെ പ്രിയതാരം നിവിൻ പോളി ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ‘ബെൻസി’നുണ്ട്. ‘റെമോ’, ‘സുൽത്താൻ’ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ഭാഗ്യരാജ് കണ്ണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ലോകേഷ് കനകരാജിന്റേതാണ് ചിത്രത്തിന്റെ കഥ.
പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ലോകേഷ് കനകരാജിന്റെ ‘ജി സ്ക്വാഡ്’, ജഗദീഷ് പളനിസ്വാമിയുടെ ‘ദി റൂട്ട്’ എന്നിവർ ചേർന്നാണ് വമ്പൻ ബജറ്റിൽ ഈ ചിത്രം നിർമിക്കുന്നത്. നിലവിലെ മ്യൂസിക് സെൻസേഷനായ സായ് അഭ്യങ്കർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഗൗതം ജോർജ് ഛായാഗ്രഹണവും ഫിലോമിൻ രാജ് എഡിറ്റിംഗും നിർവഹിക്കുന്നു.
English Summary
Putting an end to his temporary acting hiatus rumors, actor Ravi Mohan (Jayam Ravi) has officially joined the sets of the upcoming Tamil movie ‘Benz’. The film is a part of Lokesh Kanagaraj’s famous Lokesh Cinematic Universe (LCU). Jayam Ravi had earlier announced a break from films until his ongoing divorce proceedings with wife Aarti were settled. However, reversing his decision, the actor has returned to the silver screen. Filmmaker Lokesh Kanagaraj welcomed Jayam Ravi to the sets by sharing pictures on social media. Directed by Bakkiyaraj Kannan, ‘Benz’ stars Raghava Lawrence in the lead, while Malayalam actor Nivin Pauly plays the antagonist. The film is produced by G Squad, Passion Studios, and The Route, with music by Sai Abhyankar.


