തൃശ്ശൂർ: തൃശ്ശൂർ വലപ്പാട് വിൽപ്പനയ്ക്കായി സൂക്ഷിച്ച മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി 21-കാരൻ പോലീസിന്റെ പിടിയിലായി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രാഹുൽ എന്ന യുവാവാണ് വലപ്പാട് പോലീസിന്റെ വലയിലായത്. വലപ്പാട് തിരുപഴഞ്ചേരി ക്ഷേത്രത്തിന് സമീപത്ത് വെച്ച് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ പ്രതിയെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ഇയാളിൽ നിന്നും ഹാഷിഷ് ഓയിൽ കണ്ടെടുത്തത്.
മേഖലയിലെ സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കൗമാരക്കാരെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചതെന്ന് പോലീസ് വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് ചെറിയ പാക്കറ്റുകളിലാക്കി വൻ തുകയ്ക്കാണ് ഇയാൾ ഹാഷിഷ് ഓയിൽ വിറ്റിരുന്നത്.
വധശ്രമം അടക്കം 4 കേസുകളിലെ പ്രതി
ഇപ്പോൾ മയക്കുമരുന്നുമായി പിടിയിലായ രാഹുൽ പ്രദേശത്തെ സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറഞ്ഞു. വലപ്പാട് പോലീസ് സ്‌റ്റേഷൻ പരിധിയിൽ മാത്രം ഇയാൾക്കെതിരെ നിലവിൽ നാല് ക്രിമിനൽ കേസുകളുണ്ട്. ഇതിൽ ഒരു വധശ്രമക്കേസും, മയക്കുമരുന്ന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട രണ്ട് കേസുകളും, നിരോധിത പുകയില ഉത്പന്നങ്ങൾ (ഹാൻസ് അടക്കമുള്ളവ) വിൽപ്പനക്കായി സൂക്ഷിച്ച മറ്റൊരു കേസും ഉൾപ്പെടുന്നു.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ പ്രത്യേക നിർദ്ദേശപ്രകാരം വലപ്പാട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അനിൽകുമാറും സംഘവുമാണ് പ്രതിയെ തന്ത്രപൂർവ്വം പിടികൂടിയത്. പ്രതിയുടെ മയക്കുമരുന്ന് ശൃംഖലയെക്കുറിച്ചും ഇതിന് പിന്നിൽ പ്രവർത്തിച്ച മറ്റ് ഉറവിടങ്ങളെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
English Summary
A 21-year-old youth was arrested with hashish oil meant for sale near Tirupazhanchery temple in Valapad, Thrissur. The accused, identified as Rahul, is a history-sheeter and was targeting local students and youngsters for the drug trade. According to the police, Rahul is already an accused in four criminal cases within the Valapad police station limits, including an attempt-to-murder case, two drug abuse cases, and another case for possessing banned tobacco products. The arrest was made by Valapad Police SHO Anilkumar and his team, under the guidance of Thrissur Rural District Police Chief B. Krishnakumar.


