പ്രതിഷേധങ്ങള്‍ക്കിടയിലും അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് തീയതികള്‍ പ്രഖ്യാപിച്ച് സൈന്യം; കരസേനയില്‍ വിജ്ഞാപനം നാളെ
ന്യൂഡല്‍ഹി: ഹ്രസ്വകാല സൈനികസേവന പദ്ധതിയായ അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റ് സ്‌കീമിലേക്കുള്ള റിക്രൂട്ട്‌മെന്റ് തീയതികളായി. കരസേനയിലെ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം നാളെയിറങ്ങും. റിക്രൂട്ട്‌മെന്റ് റാലി ഓഗസ്റ്റ് പകുതിയോടെ നടക്കുമെന്നും സൈനികകാര്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി അറിയിച്ചു. കരസേനയില്‍ ഡിസംബര്‍ ആദ്യവാരവും ഫെബ്രുവരി 23നുമായി രണ്ടു ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം.
വ്യോമസേനയില്‍ അഗ്‌നിപഥ് രജിസ്‌ട്രേഷന്‍ ജൂണ്‍ 24-നാണ്. ആദ്യബാച്ചിന്റെ പരിശീലനം ഡിസംബര്‍ 30-ന് തുടങ്ങും. ഓണ്‍ലൈന്‍ പരീക്ഷ ജൂലൈ പത്തിന് നടക്കും. അതായത് ഓണ്‍ലൈന്‍ പരീക്ഷ ഒരു മാസത്തിനുള്ളില്‍ നടത്തുമെന്നര്‍ത്ഥം.
നാവികസേനയില്‍ 25-നായിരിക്കും റിക്രൂട്ട്‌മെന്റ് പരസ്യം നല്‍കുക. നാവികസേനയിലും ഓണ്‍ലൈന്‍ പരീക്ഷ ഒരു മാസത്തിനുള്ളില്‍ത്തന്നെ നടക്കും. നവംബര്‍ 21-ന് നാവികസേനയില്‍ പരിശീലനം തുടങ്ങും.
പദ്ധതി പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്ന് പ്രതിരോധ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇനി സൈന്യത്തിലേക്ക് റിക്രൂട്ട്‌മെന്റ് അഗ്‌നിപഥ് വഴി മാത്രമായിരിക്കും. രാജ്യത്തിന്റെ സൈന്യത്തിലേക്ക് കൂടുതല്‍ യുവാക്കളെത്തേണ്ടത് അത്യാവശ്യമാണെന്ന് സൈനികകാര്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി പറയുന്നു. സേനയിലെ ശരാശരി പ്രായം 26 ആക്കുകയാണ് പ്രധാനലക്ഷ്യം. രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനം പേരും 35 വയസ്സിന് താഴെയാണ്. അതിനാല്‍ത്തന്നെ ഈ രാജ്യത്ത് സേനയും ചെറുപ്പമാകേണ്ടത് അത്യാവശ്യമാണെന്നും അനില്‍പുരി വ്യക്തമാക്കി. അഗ്‌നിപഥ് പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ മൂന്ന് സേനകളും സംയുക്തമായി വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് ലഫ്റ്റനന്റ് ജനറലിന്റെ വിശദീകരണം.
നാല് വര്‍ഷത്തിന് ശേഷം ഒരു അഗ്‌നിവീറിന് മുന്നിലുള്ള അവസരങ്ങളെന്തൊക്കെയാണ്? വിവിധ മന്ത്രാലയങ്ങളിലെ ജോലി സംവരണം ഉള്‍പ്പടെ അഗ്‌നിവീറുകള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് കേന്ദ്ര പ്രതിരോധമന്ത്രാലയം പറയുന്നതിങ്ങനെ:
സേനയുടെ ശരാശരി പ്രായം കുറയ്‌ക്കേണ്ടതുണ്ട് എന്നത് ഇന്നും ഇന്നലെയും തുടങ്ങിയ ചര്‍ച്ചയല്ലെന്ന് ലഫ്. ജനറല്‍ അനില്‍ പുരി വ്യക്തമാക്കുന്നു. കാര്‍ഗില്‍ യുദ്ധകാലത്തിന് ശേഷം തുടങ്ങിയ ചര്‍ച്ചയാണിത്. ജനറല്‍ ബിപിന്‍ റാവത്തിന്റെ നേതൃത്വത്തില്‍ രണ്ട് വര്‍ഷത്തെ ചര്‍ച്ചയ്ക്കു ശേഷം തയ്യാറാക്കിയതാണ് പദ്ധതി.
നിലവില്‍ 14,000 പേര്‍ കരസേനയില്‍ നിന്ന് ഓരോ വര്‍ഷവും പുറത്തേക്ക് വരുന്നുണ്ട്. ഇവരില്‍പ്പലരും സര്‍വീസ് പൂര്‍ത്തിയാക്കുന്നതിന് മുമ്പേ വിരമിക്കുന്നവരാണ്. ഇവരുടെയും ശരാശരി പ്രായം 35 വയസ്സാണ്. അതിനാല്‍ത്തന്നെ തൊഴില്‍ ഇല്ലാതാകും എന്ന വാദത്തിന് അര്‍ത്ഥമില്ലെന്നും അനില്‍ പുരി പറയുന്നു.
നാല്‍പ്പത്തിയാറായിരം പേരെ എടുക്കുന്നത് തുടക്കത്തില്‍ മാത്രമാണെന്നാണ് അനില്‍ പുരി അറിയിക്കുന്നത്. പിന്നീടിത് പ്രതിവര്‍ഷം അറുപതിനായിരം മുതല്‍ ഒന്നേകാല്‍ ലക്ഷം വരെയാകും. കഴിഞ്ഞ രണ്ട് വര്‍ഷമായി റിക്രൂട്ട്‌മെന്റ് ഇല്ലാത്തതിനാല്‍ നിലവില്‍ പദ്ധതി നടപ്പാക്കാന്‍ നല്ല അവസരമാണെന്നും അനില്‍ പുരി വ്യക്തമാക്കുന്നു.
11.74 ലക്ഷം മാത്രമല്ല ഒരു അഗ്‌നിവീറിന്റെ വരുമാനം. സര്‍വീസ് അടക്കമുള്ള കാലഘട്ടത്തിലേതും ചേര്‍ത്ത് ആകെ ഒരു അഗ്‌നിവീറിന് 23.24 ലക്ഷം രൂപ വരുമാനം കിട്ടും. സേവനകാലത്തിനിടെ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്താല്‍ ഇന്‍ഷൂറന്‍സ് സേവാനിധി ഉള്‍പ്പടെ ഒരു കോടി രൂപയാണ് ഒരു അഗ്‌നിവീറിന് ആകെ ലഭിക്കുക. സിയാച്ചിനില്‍ ഉള്‍പ്പടെ ജോലി ചെയ്യുന്ന സൈനികര്‍ക്ക് കിട്ടുന്ന അതേ തരത്തിലുള്ള ശമ്പളവും ആനുകൂല്യങ്ങളുമാണ് അഗ്‌നിവീറുകള്‍ക്കും ലഭിക്കുക. ഒരു തരത്തിലുള്ള വിവേചനവുമുണ്ടാവില്ല.
വിവിധ മന്ത്രാലയങ്ങളില്‍ അഗ്‌നിവീറുകള്‍ക്ക് നല്‍കുന്ന സംവരണം നേരത്തേ ചര്‍ച്ച ചെയ്ത് തീരുമാനിച്ചതാണെന്നും, അക്രമങ്ങളോ സമരങ്ങളോ കണ്ട് നടപ്പാക്കിയതല്ല എന്നും ലഫ്റ്റനന്റ് ജനറല്‍ വ്യക്തമാക്കി. ചില സംസ്ഥാന സര്‍ക്കാരുകള്‍ മടങ്ങിവരുന്ന അഗ്‌നീവീറുകള്‍ക്കാകെ തൊഴില്‍ നല്കും എന്നറിയിച്ചിട്ടുണ്ട്. ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും പിന്തുണയ്ക്കും എന്നറിയിച്ചു.
അച്ചടക്കമില്ലായ്മയ്ക്ക് സൈന്യത്തില്‍ സ്ഥാനമില്ലെന്ന് ലഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി വ്യക്തമാക്കുന്നു. കോച്ചിംഗ് സെന്ററുകളും അക്രമി സംഘങ്ങളും അക്രമത്തിനു പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അക്രമങ്ങളില്‍ പങ്കുള്ളവര്‍ക്ക് സേനയില്‍ സ്ഥാനമുണ്ടാവില്ല. പ്രതിഷേധങ്ങള്‍ നിറുത്തി റിക്രൂട്ട്‌മെന്റിന് തയ്യാറെടുക്കണം.
അഗ്‌നിപഥ് പദ്ധതി വഴി കപ്പലുകളിലേക്കും വനിതകളെ നിയമിക്കുമെന്ന് നാവികസേന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുന്നു. വനിതകളെ സെയിലര്‍മാരായി നിയമിക്കുമെന്നാണ് അറിയിപ്പ്.
#WATCH | Ministry of Defence briefs the media on Agnipath recruitment scheme https://t.co/JRgzkQyuOn
— ANI (@ANI) June 19, 2022