നാളെ ഭാരത് ബന്ദെന്ന് വ്യാപക പ്രചരണം, സംസ്ഥാനത്തെ മുഴുവന്‍ പൊലീസുകാരോടും സന്നദ്ധരായിരിക്കാൻ ഡി ജി പി യുടെ നിര്‍ദ്ദേശം
തിരുവനന്തപുരം:അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടും.
അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനയും നാളെ മുഴുവന്‍ സമയവും സേവനസന്നദ്ധരായിരിക്കാനും നിര്‍ദ്ദേശമുണ്ട്.
കോടതികള്‍, വൈദ്യുതിബോര്‍ഡ് ഓഫീസുകള്‍, കെ.എസ്.ആര്‍.ടി.സി, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും. സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കും പൊലീസ് സുരക്ഷ ഉറപ്പാക്കും.
പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം ഞായാറാഴ്ച രാത്രി മുതല്‍തന്നെ പൊലീസ് പിക്കറ്റിംഗും പട്രോളിംഗും ഏര്‍പ്പെടുത്തും. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ റെയ്ഞ്ച് ഡി.ഐ.ജിമാരും മേഖലാ ഐ.ജിമാരും സുരക്ഷാക്രമീകരണങ്ങൾ ഏകോപിപ്പിക്കും. അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ക്രമസമാധാനവിഭാഗം എ.ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കി.
സമൂഹമാദ്ധ്യമങ്ങളില്‍ ബന്ദ് പ്രചാരണം വ്യാപകമാണ്. എന്നാൽ ഒരു സംഘടനയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മുന്നറിയിപ്പെന്ന നിലയ്ക്കാണ് പൊലീസ് നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
ചൊവ്വാഴ്‌ച കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് സ്‌കീമിൽ പ്രതിഷേധങ്ങൾ തുടരവെ റിക്രൂട്ട്മെന്റ് തീയതികളിൽ തീരുമാനമായി. കരസേന അഗ്നിവീർ വിജ്ഞാപനം നാളെ പ്രഖ്യാപിക്കും. ഓഗസ്‌റ്റ് പകുതിയോടെ റിക്രൂട്ട്മെന്റ് റാലി നടക്കും. പരിശീലനം ഡിസംബർ ആദ്യവാരവും ഫെബ്രുവരി 23നും രണ്ട് ബാച്ചായി നടത്തുമെന്ന് സൈനികകാര്യ വകുപ്പ് അഡി. സെക്രട്ടറി ലഫ്.ജനറൽ അനിൽ പുരി പറഞ്ഞു.
അതേസമയം വ്യോമസേനയിൽ ഈ മാസം 24നാണ് രജിസ്‌ട്രേഷൻ. ഓൺലൈൻ പരീക്ഷ ജൂലായ് 10ന് നടത്തും. ഡിസംബർ 30ന് ആദ്യ ബാച്ച് പരിശീലനം ആരംഭിക്കും. നാവികസേനയിൽ ജൂൺ 25നാണ് വിജ്ഞാപനം നൽകുക. ഒരുമാസത്തിനകം പരീക്ഷ നടത്തും. നവംബർ 21ന് പരിശീലനം ആരംഭിക്കും.
സിയാച്ചിനിലും മറ്റും ജോലിനോക്കുന്ന സൈനികർക്ക് ലഭിക്കുന്ന അതേ അലവൻസുകൾ അഗ്‌നിവീരർക്കും ലഭിക്കുമെന്നും അനിൽ പുരി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വനിതകൾക്കും അഗ്നിപഥിലൂടെ തൊഴിൽ ലഭിക്കും. നാവികസേനയിൽ സെയിലർ ആയാകും നിയമനം.
അടുത്ത നാലഞ്ച് വർഷത്തിനകം സൈനികരുടെ എണ്ണം 50000-60000 ആക്കും. തുടർന്ന് 90,000മുതൽ ഒരു ലക്ഷംവരെ ഇത് വർദ്ധിക്കും. ഇപ്പോൾ 46,000 പേരെയാണ് ജോലിയ്ക്ക് നിശ്ചയിച്ചിരിക്കുന്നതെങ്കിലും വരുംകാലത്ത് ഇത് 1.25 ലക്ഷമായി ഉയർത്തുമെന്ന് ലഫ്. ജനറൽ അനിൽ പുരി അറിയിച്ചു. അഗ്‌നിപഥിനെതിരെ പ്രക്ഷോഭത്തിന് പിന്നിലുളളവർക്ക് സേനയിൽ ഇടമുണ്ടാകില്ലെന്നും സൈനിക ഓഫീസർമാർ സംയുക്ത വാർത്താസമ്മേളനത്തിനിടെ അറിയിച്ചു.