BusinessNationalNews

ടെലികോം മേഖലയില്‍ അദാനിയുടെ സര്‍പ്രൈസ് എന്‍ട്രി,ഞെട്ടിയത് ജിയോയും എയര്‍ടെല്ലും മാത്രമല്ല, ഗൂഗിളിനും ആമസോണിനും കനത്ത വെല്ലുവിളി

മുംബയ്: 5 ജി സ്‌പെക്‌ട്രം ലേലത്തിലേക്ക് ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിന്റെ കടന്നുവരവ് ട‌െലികോം മേഖലയിൽ ഉണ്ടാക്കുന്നത് വൻ മത്സരം. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വൊഡാഫോൺ-ഐഡിയ എന്നിവയുടെ വരുമാനത്തിനായും നിലനിൽപ്പിനായുമുള്ള വലിയ പോരാട്ടമാകും ഇനി കാണാൻ കഴിയുക. മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്‌ട്രീസിന്റെ റിലയൻസ് ജിയോ,​ ശതകോടീശ്വരൻ സുനിൽ മിത്തലിന്റെ ഭാരതി എയർടെൽ,​ വൊഡാഫോൺ-ഐഡിയ എന്നിവയാണ് അപേക്ഷിച്ച മറ്റ് കമ്പനികൾ.

ഉപഭോക്തൃ സേവനം നൽകുകയല്ല തങ്ങളുടെ ഇപ്പോഴത്തെ ലക്ഷ്യമെന്ന് അദാനിഗ്രൂപ്പ് പറയുന്നുണ്ടെങ്കിലും അധികം വൈകാതെ തന്നെ അവർ ഉപഭോക്തൃ സേനവങ്ങളിലേക്ക് തിരിയാൻ ഇടയുണ്ടെന്നാണ് ടെക്‌ലോകത്തെ വിലയിരുത്തലുകൾ. ഇനി അങ്ങനെ ഉണ്ടായില്ലെങ്കിലും അദാനിയുടെ കടന്നുവരവ് നിലവിലെ ടെലികോം ഭീമന്മാരായ പലരെയും കൊമ്പുകുത്തിക്കുമെന്നാണ് കരുതുന്നത്.

പണത്തിന് പഞ്ഞമില്ലാത്ത അദാനിഗ്രൂപ്പ് ലേലത്തിൽ പങ്കെടുക്കുന്നതോടെ നിലവിലെ ഭീമന്മാർക്ക് കൂടുതൽ പണം ഒഴുക്കേണ്ടിവരും. ഇതിന് തയ്യാറല്ലെങ്കിൽ 5 ജി എന്ന സേവനം അവർക്ക് ഒരിക്കലും നടക്കാത്ത സ്വപ്നമായി അവശേഷിക്കും. ഇപ്പോഴത്തെ നിലയിൽ കൂടുതൽ പണം മുടക്കുന്നതിൽ ജിയോയ്ക്ക് വലിയ കുഴപ്പമുണ്ടാകില്ല. പക്ഷേ, മറ്റുള്ളവരുടെ കാര്യം അങ്ങനെയായിരിക്കണമെന്നില്ല.

അങ്ങനെയെങ്കിലും ഭീഷണിതന്നെ

ഉപഭോക്താക്കൾക്ക് ടെലികോം സേവനം നൽകുന്ന ബിസിനസിലേക്ക് കടക്കാനല്ല തങ്ങൾ 5 ജി സ്‌പെക്‌ട്രം ലേലത്തിൽ പങ്കെടുക്കുന്നതെന്നാണ് അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നത്. പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് മേഖലയിലാകും അദാനി ഗ്രൂപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നാണ് വിവരം. സൂപ്പർ ആപ്പ്, എഡ്ജ് ഡേറ്റ സെന്റർ, വ്യവസായമേഖലയിലെ നിയന്ത്രണസംവിധാനങ്ങൾ എന്നിങ്ങനെ ഡിജിറ്റൽ പ്ലാറ്റ്ഫോമിലും ഇത് പ്രയോജനപ്പെടുത്തും അങ്ങനെയെങ്കിലും മറ്റ് കമ്പനികൾക്ക് പ്രശ്നം തന്നെയാണെന്ന് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.

പ്രത്യേക ലൈസന്‍സ് നേടിയാല്‍ മറ്റുസ്ഥാപനങ്ങള്‍ക്കുവേണ്ടിയും പ്രൈവറ്റ് നെറ്റ്‌വര്‍ക്കുകള്‍ നിര്‍മിച്ചുനല്‍കാന്‍ അദാനി ഗ്രൂപ്പിനാകും. ഇത് മറ്റുള്ളവരുടെ സാദ്ധ്യത കുറയ്ക്കുകയും അവർക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്യും. ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യയുടെ (ട്രായ്) ശുപാര്‍ശ പരിഗണിച്ച്, പ്രൈവറ്റ് നെറ്റ്‌വര്‍ക്കുകള്‍ ആരംഭിക്കാന്‍ ടെക് കമ്പനികള്‍ക്ക് 5-ജി സ്പെക്ട്രം നേരിട്ടുനല്‍കാന്‍ അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. നിലവില്‍ ഏതെങ്കിലും ടെലികോം കമ്പനിയില്‍നിന്ന് സ്പെക്ട്രം വാങ്ങിയാണ് ടെക് സ്ഥാപനങ്ങള്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്കുകള്‍ നിര്‍മിക്കുന്നത്.

ഉപഭോക്താക്കൾക്ക് സേവനം നൽകാൻ തീരുമാനിച്ചാൽ ഇപ്പോഴുള്ള ചില കമ്പനികൾക്കെങ്കിലും കളം വിടേണ്ടിവരും. വിലക്കുറവ് ഉൾപ്പടെയുള്ള വൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചുകൊണ്ടാണ് നിലവിലുണ്ടായിരുന്ന കമ്പനികളെ തകർത്തെറിഞ്ഞ് ജിയോ ടെലികോം മേഖലയിൽ ഒന്നാമതെത്തിയത്. അതോടെ മറ്റ് കമ്പികളും കോൾ റേറ്റ് ഉൾപ്പടെ കുറയ്ക്കാൻ നിർബന്ധിതരാക്കി. ഇതുപോലൊരു തന്ത്രം അദാനി ഗ്രൂപ്പും പയറ്റിയാൽ പലർക്കും അടിപതറും എന്നകാര്യത്തിൽ സംശയം വേണ്ട.

ഇപ്പോൾ പറയുന്നത്

സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിനൊപ്പം ഗ്രാമീണമേഖലകളിൽ അദാനി ഫൗണ്ടേഷൻ മുഖേന നടപ്പാക്കാൻ അടുത്തിടെ പ്രഖ്യാപിച്ച വിദ്യാഭ്യാസം,​ ഹെൽത്ത്‌കെയർ,​ വൈദഗ്ദ്ധ്യവികസനം എന്നിവ കൂടുതൽ മികവോടെ പ്രാവർത്തികമാക്കാനും 5ജി സഹായിക്കുമെന്നുമാണ് കമ്പനി വ്യക്തമാക്കുന്നത്.ടെക് ഭീമന്മാരായ ഗൂഗിൾ,​ ആമസോൺ എന്നിവയ്ക്ക് വെല്ലുവിളിയെന്നോണം ഡേറ്റാ സെന്ററുകൾ സ്ഥാപിക്കാനുള്ള ഒരുക്കവുമുണ്ട്. എഡ്ജ്കണക്‌സ് എന്ന കമ്പനിയുമായി ചേർന്ന് ചെന്നൈ,​ നവിമുംബയ്,​ വിശാഖപട്ടണം,​ നോയിഡ,​ ഹൈദരാബാദ് എന്നിവിടങ്ങളിലാണിത്.

5ജി ലേലം

ഈമാസം 26നോ 27നോ ലേലം ആരംഭിക്കും. 20 വർഷക്കാലാവധിയുള്ള 72 ജിഗാഹെട്‌സ് സ്‌പെക്‌ട്രമാണ് ലേലത്തിനുള്ളത്. മൊത്തം വില്പനമൂല്യം ₹4.5 ലക്ഷം കോടി. ഒരുലക്ഷം കോടി രൂപയെങ്കിലും സമാഹരിക്കാനാകുമെന്നാണ് കേന്ദ്ര പ്രതീക്ഷ. ലേലത്തിൽ പങ്കെടുക്കുന്ന കമ്പനികളുടെ ഉടമസ്ഥാവകാശ വിവരങ്ങൾ ജൂലായ് 12ന് ടെലികോംവകുപ്പ് പുറത്തുവിടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker