തൃശൂര്‍ : കോടതിയില്‍ അക്രമാസക്തനായ തടവുകാരന്റെ അടിയേറ്റ് പോലീസുകാരന് പരിക്ക്. കോടതി സമുച്ചയത്തിലെ രണ്ടാംനിലയിലെ തൃശൂര്‍ ഒന്നാം അഡീഷണല്‍ സബ്‌കോടതിയിലാണ് സംഭവം. ഉച്ചയ്ക്ക് രണ്ടരയോടെയാണ് പ്രതിക്കൂട്ടില്‍ നിന്നയാള്‍
വിലങ്ങിട്ട കൈകളെ കൊണ്ട് പോലീസുകാരന്റെ തലയ്ക്കടിച്ചത്.
ജില്ലാ സായുധ സേനയിലെ ഗ്രേഡ് എ.എസ്.ഐ ജോണി.കെ ജോസിനെ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. തലപൊട്ടി ചോരയൊഴുകിയതിനാല്‍ പലരും ഭയന്നു. കോടതിയിലെ പ്രവര്‍ത്തനം ഭാഗികമായി തടസ്സപ്പെട്ടു.
നിരവധി കവര്‍ച്ച കേസിലെ പ്രതിയും കായ്ക്കുരു രാജേഷ് സംഘാംഗവും സെന്‍ട്രല്‍ജയിലിലെ തടവുകാരനുമായ എറണാകുളം ചിറനെല്ലൂര്‍ മുട്ടിക്കപറമ്പില്‍ ഏണസ്റ്റ് (30) ആണ് പ്രതി. ഇയാളെ മറ്റു പോലീസുകാര്‍ ബലമായി പിടിച്ചുമാറ്റി വെസ്റ്റ് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് ജയിലിലേക്ക് മാറ്റി.
ബാത്ത് റൂമില്‍ വെച്ച് പുകവലിക്കാന്‍ സമ്മതിക്കാത്ത വിരോധമാണ് കാരണമെന്നറിയുന്നു. അസഭ്യം വിളിച്ചും, ഭീഷണി മുഴക്കിയും തുടര്‍ന്ന പ്രതിയുടെ ചെയ്തികള്‍ എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലെ പോലീസുകാര്‍ ജഡ്ജിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. വെസ്റ്റ് പോലീസ് കോടതി നിര്‍ദ്ദേശാനുസരണം കേസെടുത്ത് അന്വേഷണമാരംഭിച്ചു.