ആലപ്പുഴയില്‍ വീട്ടുമുറ്റത്ത് നിന്ന് റോഡിലേക്ക് ഇഴഞ്ഞിറങ്ങിയ ഒമ്പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് കാറിടിച്ച് മരിച്ചു
ആലപ്പുഴ: വീട്ടുമുറ്റത്ത് നിന്ന് റോഡിലേക്ക് മുട്ടിലിഴഞ്ഞിറങ്ങിയ ഒമ്പതു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് കാറിടിച്ച് മരിച്ചു. ആലപ്പുഴ നഗരസഭ സനാതനം വാര്‍ഡില്‍ സായികൃപ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന രാഹുല്‍ ജി. കൃഷ്ണ-കാര്‍ത്തിക ദമ്പതികളുടെ മകള്‍ ശിവാംഗിയാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. കുട്ടിയുടെ മാതാവ് സന്ധ്യാവിളക്ക് കൊളുത്തുന്നതിനിടെ മുറ്റത്തായിരുന്ന കുട്ടി റോഡിലേക്ക് ഇഴഞ്ഞത് ശ്രദ്ധയില്‍പെട്ടില്ല.
ഇടുങ്ങിയ വഴിയും വീടിന് മുന്നിലെ വളവും കാരണം കാര്‍ യാത്രികന് കുട്ടി റോഡില്‍ കയറിയത് കാണാന്‍ കഴിഞ്ഞില്ല. സമീപത്തെ വീട്ടിലെ താമസക്കാരനാണ് കാറോടിച്ചിരുന്നത്. കാര്‍ തട്ടി കുട്ടി തെറിച്ചു വീഴുന്നത് കണ്ട് മാതാവ് ബഹളം വച്ചത് കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ അപകടമുണ്ടാക്കിയ അതേ കാറില്‍ കുട്ടിയെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.