KeralaNews

തെരച്ചിൽ 36 മണിക്കൂർ പിന്നിട്ടു;മഹാരാജൻ 90 അടിയോളം താഴ്ചയിൽ, പ്രതീക്ഷ കൈവിടാതെ കുടുംബാംഗങ്ങൾ

തിരുവനന്തപുരം: വിഴിഞ്ഞത്ത് കിണറ്റിൽ മണ്ണിടിഞ്ഞുവീണു കുടുങ്ങിയ തൊഴിലാളിക്ക് വേണ്ടിയുള്ള തെരച്ചിൽ 36 മണിക്കൂർ പിന്നിട്ടു. വെങ്ങാനൂർ നീലകേശി റോഡ് നെല്ലിത്തറ വീട്ടിൽ മഹാരാജൻ (55) ആണ് ജോലിക്കിടെ മണ്ണിടിഞ്ഞ് 90 അടിയോളം താഴ്ചയുള്ള കിണറ്റിനുള്ളിൽ അകപ്പെട്ടത്.

90 അടി താഴ്ചയിലാണ് മഹാരാജൻ കുടുങ്ങിയത് എന്നാണ് ഫയർ ഫോഴ്‌സ് പറയുന്നത്. ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം നടന്നത്. ഫയർ ഫോഴ്സ്, പോലീസ്, സ്പെഷ്യൽ ടാസ്ക് ഫോഴ്സ് തുടങ്ങിയവരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

കിണറിന്റെ വ്യാസക്കുറവും ഉറപ്പില്ലാത്ത മണ്ണും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. നിലവിൽ ബ്രീത്തിങ് അപ്പാരറ്റസ്, ഓക്സിജൻ സിലിൻഡർ, ആംബുലൻസ് അടക്കമുള്ള രക്ഷാസന്നാഹങ്ങളൊരുക്കിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ശനിയാഴ്ച രാവിലെ 10ന് തുടങ്ങിയ രക്ഷാപ്രവർത്തനമാണ് ഇപ്പോഴും നടക്കുന്നത്. തൊഴിലാളി മണ്ണിനടിയിൽപ്പെട്ടിട്ട് 36 മണിക്കൂർ പിന്നിട്ടുവെങ്കിലും ഇപ്പോഴും കുടുംബാംഗങ്ങൾ പ്രതീക്ഷയിലാണ്‌.

വിഴിഞ്ഞം മുക്കോല ശക്തിപുരം റോഡിൽ അശ്വതിയിൽ സുകുമാരന്റെ വീട്ടുവളപ്പിലെ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടം. 90 അടി ആഴമുള്ള കിണറ്റിൽ 20 ഉറകൾ സ്ഥാപിച്ചിരുന്നു. അതിന് മുകളിൽ കിണറ്റിൽ പകുതിയോളം ആഴത്തിൽ ഇറങ്ങിനിന്നായിരുന്നു ജോലി. കിണറിനു പുറത്ത് മൂന്നുപേർ മണ്ണ് മാറ്റുന്ന ജോലികളിൽ ഏർപ്പെട്ടിരുന്നു.

ചെറിയ തോതിൽ മണ്ണിടിയുന്നത് കണ്ട് വേഗം കരയ്ക്കുകയറാൻ മുകളിലുണ്ടായിരുന്നവർ വിളിച്ചുപറഞ്ഞെങ്കിലും കിണറിന്റെ മധ്യഭാഗത്തെ പഴയ കോൺക്രീറ്റ് ഉറ തകർന്ന് മഹാരാജൻ വീഴുകയായിരുന്നു. കയറിൽ പിടിച്ചുനിന്നിരുന്ന സഹായി മണികണ്ഠൻ മുകളിലേക്ക് കയറി രക്ഷപെട്ടു.

മണ്ണിനൊപ്പം കോൺക്രീറ്റ് ഉറകളും വീണതാണ് അപകടം രൂക്ഷമായത്‌. ഫയർ ഫോഴ്സ് ഉടൻ എത്തിയെങ്കിലും രക്ഷാപ്രവർത്തനം ദുർഘടമായിരുന്നു. പുതുതായി ഇറക്കിയ 15 കോൺക്രീറ്റ് ഉറകളും പഴയ ഉറകളും ഇടിഞ്ഞു. പുതിയ ഉറകൾ വീഴാതിരിക്കാൻ കെട്ടിനിർത്തിയാണ് രക്ഷാപ്രവർത്തനം. ഇവ ഓരോന്നും പൊട്ടിച്ച് ആ ഭാഗത്തെ മണ്ണുൾപ്പെടെ പുറത്തെടുക്കുകയാണ്.

കിണറിൽ ഇറങ്ങി മണ്ണ് നീക്കൽ പുരോഗമിക്കുകയാണ്. വിഴിഞ്ഞം, ചാക്ക യൂണിറ്റുകളിലെ ഫയർ ഫോഴ്സും സ്പെഷൽ ടാസ്ക് ഫോഴ്സും പോലീസും നാട്ടുകാരും രംഗത്തുണ്ട്‌. വീതികുറഞ്ഞ കിണറിൽ ഉറപ്പില്ലാത്ത മണ്ണും പൊട്ടിയ കോൺക്രീറ്റ് ഉറകളും വെളിച്ചക്കുറവും രക്ഷാദൗത്യം ദുഷ്കരമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker