EntertainmentKeralaNews

ലാല്‍ മാജിക്;ബറോസില്‍ ഉഗ്രന്‍ അടിയും, ആവേശമുണര്‍ത്തി വീഡിയോ

കൊച്ചി:പ്രേക്ഷകരെ അതിശയിപ്പിക്കാന്‍ മോഹന്‍ലാല്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. അഭിനയത്തില്‍ മറ്റൊരാള്‍ക്കും എത്തിപ്പിടിക്കാന്‍ സാധിക്കാത്തത്ര ചെയ്തുവെച്ച അദ്ദേഹം ഇപ്പോള്‍ സംവിധാനത്തിലേയ്ക്കും കടക്കുകയാണ്. ബറോസ് എന്ന സിനിമ അതിൻ്റെ പ്രഖ്യാപന ദിവസം മുതല്‍ ആരാധകരെ ഒന്നാകെ ആവേശത്തിലാഴ്ത്തുകയാണ്. ചിത്രത്തെക്കുറിച്ചുള്ള ഓരോ വിവരവും ഇതേ ആകാംക്ഷ നിലനിര്‍ത്തുകയുമാണ്. കഴിഞ്ഞ ദിവസം ബറോസ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ പാക്കപ്പ് വിളിച്ചിരുന്നു. ഇപ്പോള്‍ ചിത്രത്തിൻ്റെ മറ്റൊരു വിശേഷമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

സിനിമ ആനിമേറ്റഡ് ആകുമോ എന്നുള്ള സംശയങ്ങളൊക്കെ തുടക്കം മുതലേ കേട്ടിരുന്നു. കുട്ടികള്‍ക്കായുള്ള ചിത്രമാവും എത്തുക എന്നും പ്രചരിക്കപ്പെട്ടിരുന്നു. എന്നാല്‍ നല്ല ഗംഭീര ഫൈറ്റ് സീനുകളും അടങ്ങുന്നതാണ് സിനിമയെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന വീഡിയോ. ബറോസിൻ്റെ പ്രീവിഷ്വലൈസേഷന്‍ വീഡിയോയാണത്.

ചിത്രത്തിനായി ഒരുക്കിയിരിക്കുന്ന ഫൈറ്റ് സീനുകള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഒരുപക്ഷേ ഈ വീഡിയോ നമുക്ക് സിനിമയില്‍ കാണാന്‍ സാധിച്ചെന്നുവരില്ല. വീഡിയോ സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ചിരുന്നെന്നും പക്ഷേ എഡിറ്റില്‍ ഒഴിവാക്കി എന്നുമാണ് ആക്ഷന്‍ ഡയറക്ടര്‍ ജയ് ജെ ജക്രിത് പറയുന്നത്. അതുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.

സോഷ്യല്‍മീഡിയ വഴിയാണ് ചിത്രം പാക്കപ്പായ വിവരം മോഹന്‍ലാല്‍ പ്രേക്ഷകരെ അറിയിച്ചത്. ഫാൻ്റസി ചിത്രമായ ബറോസിൻ്റെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അനീഷ് ഉപാസന ഫേസ്ബുക്കില്‍ എഴുതിയ ഒരു കുറിപ്പും കഴിഞ്ഞ ദിവസം വൈറലായിരുന്നു. ബറോസിൻ്റെ ഷൂട്ടിങ് അവസാനിച്ചപ്പോള്‍ എല്ലാവരും പ്രതീക്ഷിച്ച ഒരു പാക്കപ്പ് വിളി ഉണ്ടായിരുന്നു.

ആ സമയം പലരുടെയും മൊബൈല്‍ ക്യാമറകളും ഓണ്‍ ആയിരുന്നു. പക്ഷേ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ദൈവത്തോട് നന്ദി പറയുന്ന മോഹന്‍ലാലിനെയാണ് കണ്ടത്… അനീഷ് ഉപാസന കുറിച്ചത് ഇങ്ങനെയാണ്. മറ്റാരും കാണാതെ സ്വകാര്യതയുടെ ഒരു സെക്കൻ്റിനുള്ളില്‍ തീര്‍ത്തതാണ് ഈ പ്രാര്‍ത്ഥന എന്ന ക്യാപ്ഷനോടെയാണ് മോഹന്‍ലാല്‍ ആകാശങ്ങളിലേക്ക് നോക്കി നില്‍ക്കുന്ന ചിത്രം അനീഷ് ഉപാസന പങ്കുവെച്ചത്.

ബറോസിൻ്റെ ചിത്രീകരണച്ചെലവുകള്‍ നിര്‍മാതാവ് ആൻ്റണി പെരുമ്പാവൂര്‍ വെളിപ്പെടുത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ മുന്‍പ് പുറത്ത് വന്നിരുന്നു. 100 കോടി രൂപയിലേറെ ചെലവഴിച്ചാണ് ബറോസ് ഒരുങ്ങുന്നതെന്നാണ് സൂചന. 3ഡിയില്‍ ഒരുങ്ങുന്ന ചിത്രത്തിന് മരയ്ക്കാറിനേക്കാള്‍ കുറഞ്ഞ ചിത്രീകരണ ചിലവാണ് ചിത്രത്തിനെന്നാണ് വിവരം. നാല് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തില്‍ ആദ്യമായി മോഹന്‍ലാല്‍ സംവിധായക വേഷമണിയുന്ന സിനിമയാണ് ബറോസ്. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ പ്രണവ് മോഹന്‍ലാലും എത്തുന്നുണ്ടെന്നാണ് സൂചനകള്‍.

പാക്കപ്പ് ചിത്രത്തില്‍ അണിയറപ്രവര്‍ത്തകരോടൊപ്പം പ്രണവും ഉണ്ടായിരുന്നു. മോഹന്‍ലാല്‍ ‘ബറോസ്’ആയി എത്തുമ്പോള്‍ പാസ് വേഗ, ഗുരു സോമസുന്ദരം, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. ജിജോ പുന്നൂസിൻ്റെയാണ് രചന. സന്തോഷ് ശിവന്‍ ഛായാഗ്രഹണവും പ്രൊഡക്ഷന്‍ ഡിസൈന്‍ സന്തോഷ് രാമനുമാണ് നിര്‍വഹിക്കുന്നത്. ചിത്രം വിവിധ ഭാഷകളില്‍ വേള്‍ഡ് വൈഡ് റിലീസ് ചെയ്തേക്കും.

https://youtu.be/2osU3RTlGG0
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker