ആന്തരികാവയവം ട്രോളുകള്‍ മകന്‍ കണ്ടപ്പോള്‍!അവയവങ്ങള്‍ അലമാരയില്‍ വച്ച് പൂട്ടിയെന്ന് നവ്യ
കൊച്ചി:മലയാളികളുടെ പ്രിയ നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. നന്ദനത്തിലെ ബാലാമണിയായി വന്ന് പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരം പിന്നീട് മലയാളത്തിലേയും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലേയും മുന്‍നിര നായികയായി മാറുകയായിരുന്നു. വിവാഹ ശേഷം നവ്യ സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയായിരുന്നു. നീണ്ട 10 വര്‍ഷത്തിന് ശേഷമാണ് നവ്യ ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നത്.
ഒരുത്തീ എന്ന വികെ പ്രകാശ് ചിത്രത്തിലൂടെയാണ് നവ്യ തിരിച്ചു വന്നത്. രണ്ടാം വരവില്‍ ഇരുകയ്യും നീട്ടിയാണ് മലയാളികള്‍ നവ്യ നായരെ സ്വീകരിച്ചത്. താരത്തിന്റെ ചിത്രം മികച്ച വിജയമായി മാറുകയും ചെയ്തു. പിന്നാലെ ഇപ്പോഴിതാ ടെലിവിഷന്‍ റിയാലിറ്റി ഷോയിലെ വിധികര്‍ത്താവായും നവ്യ തിളങ്ങുകയാണ്.
കിടിലം എന്ന ഷോയിലെ വിധി കര്‍ത്താക്കളില്‍ ഒരാളാണ് നവ്യ. മുകേഷ്, റിമി ടോമി എന്നിവരാണ് സഹ വിധി കര്‍ത്താക്കള്‍. ഒരിക്കല്‍ ഷോയില്‍ വച്ച് ആന്തരികാവയവങ്ങള്‍ പുറത്തെടുത്ത് കഴുകുന്ന സന്യാസിമാരെക്കുറിച്ചുള്ള നവ്യയുടെ പരാമര്‍ശവും അതിന് മുകേഷ് നല്‍കിയ മറുപടിയുമൊക്കെ വൈറലായിരുന്നു.
ആന്തരികാവയവങ്ങള്‍ കഴുകി, ഉണങ്ങി. ആ ഉണങ്ങിയ സാധനങ്ങളെടുത്ത് മടക്കി അലമാരയില്‍ വച്ച് പൂട്ടി. ഇനി എന്നോട് അതേക്കുറിച്ച് ചോദിക്കരുതെന്നാണ് നവ്യ നായര്‍ പറയുന്നത്. തന്നെക്കുറിച്ചുള്ള ട്രോളുകളെക്കുറിച്ചും നവ്യ സംസാരിക്കുന്നുണ്ട്. താന്‍ എപ്പോഴും ഓണ്‍ എയര്‍ ആണെന്നാണ് നവ്യ പറയുന്നത്. ബലുണ്‍ പോലെ എയറിലാണ്. താഴേക്ക് വരുമ്പോള്‍ ആരെങ്കിലും വീണ്ടും തട്ട് കൊടുക്കും. അപ്പോള്‍ വീണ്ടും പൊന്തി പോകുമെന്നും നവ്യ പറയുന്നുണ്ട്.
എന്തുകൊണ്ട് ഇത്രയും നാള്‍ അഭിനയിച്ചില്ല എന്നാണ് മകന്‍ തന്നോട് ചോദിക്കാറുള്ളതെന്നാണ് നവ്യ പറയുന്നത്. നിന്നെ വളര്‍ത്താന്‍ എന്ന് മറുപടി നല്‍കുമ്പോള്‍ അതിന്റെയൊന്നും ആവശ്യമൊന്നുമില്ല എന്നാണ് മകന്‍ പറയുകയെന്നും നവ്യ പറയുന്നു. മകന്‍ മുംബൈയില്‍ ജനിച്ച് വളര്‍ന്നതാണെങ്കിലും മലയാളം സിനിമകളും കാണാറുണ്ടെന്നാണ് നവ്യ പറയുന്നത്. പക്ഷെ സിനിമ കാണുന്ന കാര്യത്തില്‍ വളരെ സെലക്ടീവാണ് മകനെന്നും നവ്യ പറയുന്നു.
മകന്‍ തന്റെ പ്രകടനത്തെക്കുറിച്ച് അഭിപ്രായങ്ങള്‍ പറയാറുണ്ടോ എന്ന് ചോദിക്കുമ്പോള്‍ താന്‍ അതൊന്നും മൈന്റ് ചെയ്യാറില്ലെന്നാണ് നവ്യ തമാശരൂപേണ നല്‍കുന്ന മറുപടി. അങ്ങനെ പറഞ്ഞാലും ഞാന്‍ അതിന് വലിയ വില കൊടുക്കാറില്ലെന്നും താരം പറയുന്നു. ഒരുത്തീ കണ്ടപ്പോള്‍ നല്ല സിനിമയാണ് കുഴപ്പമില്ല എന്ന് പറഞ്ഞുവെന്നും നവ്യ പറഞ്ഞു. ഒരുത്തീ അവന്റെ ടൈപ്പ് സിനിമയല്ലെന്നും താരം പറയുന്നുണ്ട്.
ആന്തരികാവയവം ട്രോള്‍ മകനും കണ്ടിരുന്നു. മകന്‍ സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവല്ല. താനും ആക്ടീവല്ല. അത്ര വൈറല്‍ ആകുമ്പോള്‍ തനിക്ക് ഇതൊക്കെ വാട്‌സ് ആപ്പില്‍ കിട്ടുന്നത്. തനിക്ക് ഇഷ്ടപ്പെട്ടപ്പോള്‍ താന്‍ തന്നെ എല്ലാവര്‍ക്കും കാണിച്ചു കൊടുത്തിട്ടുണ്ടെന്നാണ് നവ്യ പറയുന്നത്. മകനും ആരോ അയച്ചു കൊടുത്തിരുന്നുവെന്നാണ് നവ്യ പറയുന്നത്.
താന്‍ പറഞ്ഞ കാര്യങ്ങള്‍ താനൊരു പുസ്തകത്തില്‍ വായിച്ചതാണെന്നും അത് തന്റെ വീട്ടുകാര്‍ക്കും അറിയാമെന്നും നവ്യ പറയുന്നു. അച്ഛനും അമ്മയ്ക്കും വരെ ട്രോള്‍ വീഡിയോ കിട്ടിയെന്നും നവ്യ പറയുന്നുണ്ട്. കോമഡിയ്ക്ക് വേണ്ടി താന്‍ ആ ത്യാഗം സഹിച്ചുവെന്നും താരം ചിരിച്ചു കൊണ്ട് പറയുന്നു. ട്രോളുകള്‍ തന്നെ വേദനിപ്പിച്ചിട്ടില്ലെന്നും താനും ആസ്വദിക്കുകയായിരുന്നുവെന്നാണ് നവ്യ പറയുന്നത്.