മണിച്ചേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ അമ്മയ്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്‌തേനെ; കുറിപ്പ് വൈറല്‍
നാടകത്തില്‍ നിന്നു സിനിമയിലെത്തി മികച്ച സ്വഭാവ നടി എന്ന അംഗീകാരം നേടിയ താരമാണ് മീന ഗണേഷ്. എന്നാല്‍ അവരിപ്പോള്‍ എവിടെയെന്നു പോലും സിനിമ മേഖലയില്‍ ഉള്ളവര്‍ക്ക് പോലും അറിയില്ല. നൂറിലധികം സിനിമകളില്‍ അഭിനയിച്ച മീന ഗണേഷ് വാസന്തിയും ലക്ഷ്മിയും എന്ന സിനിമയിലൂടെയാണ് മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയയായത്.
എന്നാല്‍ ഭര്‍ത്താവ് മരിച്ചത്തോടെ ജീവിതത്തില്‍ തനിച്ചായ മീന ഗണേഷ് ഇപ്പോള്‍ നടക്കുവാന്‍ പോലും വയ്യാത്ത അവസ്ഥയിലാണെന്നും കലാഭവന്‍ മാണി ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്കു വേണ്ട സഹായങ്ങള്‍ ലഭിക്കുമായിരുന്നുവെന്നും വിജയ ശങ്കര്‍ എന്ന സിനിമ പ്രവര്‍ത്തകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
കുറിപ്പ് വായിക്കാം
മീന ഗണേഷ് അമ്മയെക്കുറിച്ച് മലയാള സിനിമയില്‍ ഇപ്പോള്‍ ആരും ഓര്‍മ്മിക്കാറില്ല. എന്റെ കോണ്‍ടാക്ട് ലിസ്റ്റ്ല്‍ ഞാന്‍ വല്ലപ്പോഴും വിളിച്ച് സംസാരിക്കാറുള്ള ചുരുക്കം ചില പേരുകളില്‍ മീനാക്ഷി അമ്മയും ഉണ്ട് ഇപ്പോള്‍ നടക്കാന്‍ വയ്യാത്ത അവസ്ഥയിലാണ്. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയില്‍ ഔട്ട് സ്റ്റാന്‍ഡിങ് പെര്‍ഫോമന്‍സ് കാഴ്ചവെച്ച അമ്മ കലാഭവന്‍ മണി ചേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ അമ്മയ്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്‌തേനെ. സെല്ലുലോയ്ഡ് സിനിമയില്‍ ശ്രീനിവാസന്‍ പറഞ്ഞത് പോലെ മരിച്ചു കഴിഞ്ഞതിനുശേഷം നമ്മള്‍ അയാളെ അംഗീകരിക്കും, അതാണല്ലോ നമ്മുടെ ശീലവും.
അങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയില്‍.
അടുത്തിടെ ഒരു വ്ളോഗിന് നല്‍കിയ അഭിമുഖത്തില്‍ കലാഭവന്‍ മണിയുമായുള്ള സൗഹൃദത്തെക്കുറിച്ച് മീന ഗണേഷ് വെളിപ്പെടുത്തിയിരുന്നു. ‘മണി വളരെ സോഷ്യല്‍ ആയിരുന്നു. അഹംഭാവം ഇല്ലാത്ത മനുഷ്യന്‍. എന്നെ അമ്മയെന്നാണ് വിളിക്കുന്നത്. മണിയുടെ വണ്ടിയിലായിരുന്നു എന്നെ വീട്ടില്‍ കൊണ്ട് വിട്ടിരുന്നത്. എല്ലാ സഹായത്തിനും മുന്നിട്ട് നില്‍ക്കും. ആരെയും സഹായിക്കും. നല്ലവര്‍ക്കു ദൈവം ആയുസ്സ് കൊടുക്കില്ലല്ലോ’ ഇപ്രകാരമായിരുന്നു മീന ഗണേഷ് മണിയെക്കുറിച്ച് പറഞ്ഞത് .