തിരുവനന്തപുരം: വട്ടിയൂർക്കാവ് വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതനെതിരെ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ക്രിമിനൽ കേസുകളുടെ വിശദവിവരങ്ങൾ പുറത്തുവന്നു. വധശ്രമം, ലഹളയുണ്ടാക്കൽ, പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ തുടങ്ങി 19 ഓളം കേസുകളാണ് വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ മാത്രം ഇയാൾക്കെതിരെ നിലവിലുള്ളത്.
വധശ്രമവും കൊലപാതക ശ്രമവും: കൗൺസിലർക്കെതിരെ മൂന്ന് നരഹത്യാ ശ്രമക്കേസുകളും (PS 1687/19, PS 253/25, PS 334/26) ഒരു കൊലപാതക ശ്രമക്കേസും (PS 357/2016) രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഐ.പി.സി (IPC), ഭാരതീയ ന്യായ സംഹിത (BNS) എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഈ കേസുകൾ.
കലാപശ്രമവും അക്രമവും: പൊതുസ്ഥലത്ത് ലഹളയുണ്ടാക്കാൻ ശ്രമിച്ചതിന് 2014-ൽ ഇയാൾക്ക് കോടതി 4000 രൂപ പിഴ ചുമത്തിയിരുന്നു (PS 644/2014). കൂടാതെ ഭീഷണിപ്പെടുത്തി കലാപം സൃഷ്ടിച്ച് ദേഹോപദ്രവം ഏൽപ്പിച്ചതിനും (PS 22/2021), അക്രമം നടത്തണമെന്ന ഉദ്ദേശത്തോടെ നാശനഷ്ടങ്ങൾ വരുത്തിയതിനും (PS 1012/2020) കേസുകളുണ്ട്.
ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ: ലഹളയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പോലീസ് ഉദ്യോഗസ്ഥന്റെ കർത്തവ്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിന് ഇയാൾക്കെതിരെ നിലവിൽ കോടതിയിൽ കേസ് നടക്കുന്നുണ്ട് (PS 1183/2020 – CC 179/2021).
ഭീഷണിയും വഴിതടയലും: തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുക, അസഭ്യം പറയുക, വസ്തുവകകൾ നശിപ്പിക്കുക എന്നിവയുമായി ബന്ധപ്പെട്ട് 2023, 2025 വർഷങ്ങളിലായി നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് (PS 677/23, Crime 678/23, Crime 723/25).
പൊതുജന മധ്യത്തിലെ നിയമലംഘനങ്ങൾ: പൊതുയോഗങ്ങൾ ഭീഷണിപ്പെടുത്തി തടസ്സപ്പെടുത്തിയതിനും (PS 93/26), അനുവാദമില്ലാതെ ഉച്ചഭാഷിണി പ്രവർത്തിപ്പിച്ചതിനും (PS 1106/25), നിയമവിരുദ്ധമായി കൂട്ടം കൂടി പൊതുസ്ഥലത്ത് തടസ്സം സൃഷ്ടിച്ചതിനും (PS 273/26) പുതിയ നിയമപ്രകാരം കേസുകൾ നിലവിലുണ്ട്.
മുൻകരുതൽ നടപടികൾ (Section 107 CRPC): പ്രദേശത്ത് ഇരുവിഭാഗങ്ങൾക്കിടയിൽ സംഘർഷങ്ങൾക്കോ കലാപങ്ങൾക്കോ സാധ്യതയുണ്ടെന്ന പോലീസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, മുൻകരുതൽ നടപടിയുടെ ഭാഗമായി ഒരു വർഷം വരെ സമാധാനം പാലിക്കണമെന്ന ബോണ്ട് ഒപ്പിട്ടു നൽകാൻ മുൻ വർഷങ്ങളിൽ (2014, 2016, 2019, 2020) മജിസ്‌ട്രേറ്റ് ഇയാളോട് ആവശ്യപ്പെട്ടിരുന്നു.
പൊതുസമൂഹത്തിന് ഭീഷണിയാകുന്ന തരത്തിൽ നിരന്തര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പശ്ചാത്തലത്തിൽ കൗൺസിലർ സുഗതനെതിരെ ഗുണ്ടാ നിയമപ്രകാരം (KAAPA) തിരുവനന്തപുരം ജില്ലാ കളക്ടർ TVM 6127/26/C5 നമ്പർ ഉത്തരവിലൂടെ കർശന നടപടി സ്വീകരിച്ചിരുന്നു. വധശ്രമക്കേസിൽ പ്രതിയായ ബി.ജെ.പി. കൗൺസിലറെ കഴിഞ്ഞദിവസം അർധരാത്രിയിൽ വീടുവളഞ്ഞാണ് പോലീസ് അറസ്റ്റ് ചെയ്ത് പോലീസ്.
കഴിഞ്ഞമാസം വട്ടിയൂർക്കാവിനടുത്തുള്ള ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാളെ കൊല്ലാൻ ശ്രമിച്ചുവെന്നാണ് കേസ്. ഈ കേസിൽ ഹൈക്കോടതിയിൽനിന്ന് ജാമ്യത്തിനു ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ ഏഴാം തീയതി ഇയാൾ അന്വേഷണ ഉദ്യോഗസ്ഥനായ വട്ടിയൂർക്കാവ് എസ്.എച്ച്.ഒ.യ്ക്കു മുന്നിൽ കീഴടങ്ങേണ്ടതായിരുന്നു. എന്നാൽ, സുഗതൻ പോലീസിനുമുന്നിൽ ഹാജരായില്ല. ഇതേത്തുടർന്നാണ് വട്ടിയൂർക്കാവ് പോലീസ് സുഗതനെ വീടുവളഞ്ഞ് കസ്റ്റയിലെടുത്തത്.

