മെക്സിക്കോ സിറ്റി: നാല് വർഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ആഗോള കാൽപ്പന്ത് മാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്ന മെക്സിക്കോ സിറ്റിയിൽ ആവേശം അണപൊട്ടി ഒഴുകുകയാണ്. ഈ ലോകകപ്പ് ടൂർണമെന്റിലുടനീളം കളി നിയന്ത്രിക്കുകയും താരങ്ങളുടെ മികവ് നിർണ്ണയിക്കുകയും ചെയ്യുക അഡിഡാസിന്റെ ‘ട്രിയോണ്ട’ എന്ന സ്മാർട്ട് പന്തായിരിക്കും. മൂന്ന് ആതിഥേയ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ‘ട്രൈ’ (Tri), സ്പാനിഷ് ഭാഷയിൽ ‘തിരമാല’ എന്നർത്ഥം വരുന്ന ‘ഓണ്ട’ (Onda) എന്നീ വാക്കുകൾ കൂട്ടിച്ചേർത്താണ് ഈ പന്തിന് ‘ട്രിയോണ്ട’ എന്ന പേരിട്ടിരിക്കുന്നത്.
ആതിഥേയ രാജ്യങ്ങളായ അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവയുടെ ദേശീയ പ്രതീകങ്ങളും നിറങ്ങളും പന്തിന്റെ രൂപകൽപ്പനയിൽ കൃത്യമായി ഉൾക്കൊള്ളിച്ചിട്ടുണ്ട്. പന്തിൽ ആലേഖനം ചെയ്തിരിക്കുന്ന നീല നക്ഷത്രം അമേരിക്കയെയും, ചുവന്ന മേപ്പിൾ ഇല കാനഡയെയും, പച്ച നിറത്തിലുള്ള പരുന്തിന്റെ ചിത്രം മെക്സിക്കോയെയുമാണ് പ്രതിനിധീകരിക്കുന്നത്. നീല, പച്ച, ചുവപ്പ് നിറങ്ങളുടെ മനോഹരമായ ഈ സമന്വയം സ്റ്റേഡിയത്തിലെ കാണികൾക്കും ടെലിവിഷൻ പ്രേക്ഷകർക്കും ഒരുപോലെ ദൃശ്യഭംഗി സമ്മാനിക്കുന്ന രീതിയിലാണ് അഡിഡാസ് ഒരുക്കിയിരിക്കുന്നത്.
നിർമ്മാണ മികവിലും ഏറെ പ്രത്യേകതകളുള്ള പന്താണ് ട്രിയോണ്ട. പരമ്പരാഗത പന്തുകളിൽ നിന്നും വ്യത്യസ്തമായി തുന്നലുകൾ പൂർണ്ണമായും ഒഴിവാക്കി, ചൂടുകൊണ്ട് പരസ്പരം ഒട്ടിച്ചുചേർത്ത (Thermally Bonded) വെറും നാല് പാനലുകൾ മാത്രമാണ് ഇതിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇത് പന്തിന് കൂടുതൽ മിനുസവും കൃത്യമായ ഗോളാകൃതിയും നൽകുന്നു. പാനലുകൾ ഇത്തരത്തിൽ ഒട്ടിച്ചെടുക്കുന്നതിനാൽ കനത്ത മഴയുള്ള സമയത്ത് പോലും ഒട്ടും വെള്ളം പന്തിനുള്ളിലേക്ക് കടക്കില്ലെന്നും ഇതിന്റെ ഭാരം കൃത്യമായി നിലനിൽക്കുമെന്നും നിർമ്മാതാക്കൾ അവകാശപ്പെടുന്നു.
വായുവിലൂടെ സഞ്ചരിക്കുമ്പോൾ പന്തിനുണ്ടാകുന്ന അസ്ഥിരതയും ദിശാവ്യതിയാനങ്ങളും പൂർണ്ണമായും ഒഴിവാക്കാൻ ട്രിയോണ്ടയ്ക്ക് കഴിയും. ലോംഗ് ബോളുകളും കൃത്യതയാർന്ന ഷോട്ടുകളും ഉതിർക്കുമ്പോൾ പന്തിന്റെ സഞ്ചാരപാത കൃത്യമായിരിക്കാൻ ഇതിന്റെ എയറോഡൈനാമിക് സവിശേഷതകൾ സഹായിക്കും. കളിക്കാർക്ക് ബൂട്ട് കൊണ്ട് പന്തിൻമേൽ മികച്ച ഗ്രിപ്പ് ലഭിക്കുന്ന രീതിയിലാണ് ഇതിന്റെ ഉപരിതലം. ഇത് മികച്ച രീതിയിൽ പന്ത് സ്പിൻ ചെയ്യുന്നതിനും ഗോൾകീപ്പർമാരെ കബളിപ്പിച്ച് വായുവിൽ വളഞ്ഞുപോകാനുള്ള കൃത്യത നിലനിർത്തുന്നതിനും ഫോർവേഡ് കളിക്കാരെ സഹായിക്കും.
സാങ്കേതികവിദ്യയുടെ കാര്യത്തിലും ട്രിയോണ്ട ഏറെ മുന്നിലാണ്. അഡിഡാസിന്റെ ലോകപ്രശസ്തമായ ‘കണക്റ്റഡ് ബോൾ’ (Connected Ball Technology) സംവിധാനമാണ് ഈ പന്തിൽ വിന്യസിച്ചിരിക്കുന്നത്. പന്തിന്റെ ഉള്ളിൽ സ്ഥാപിച്ചിരിക്കുന്ന അത്യാധുനിക സെൻസറുകൾ സെക്കൻഡിൽ 500 തവണ എന്ന തോതിൽ ചലനങ്ങൾ രേഖപ്പെടുത്തും. ഇത് വീഡിയോ അസിസ്റ്റന്റ് റെഫറി (VAR), സെമി-ഓട്ടമേറ്റഡ് ഓഫ്‌സൈഡ് സിസ്റ്റം എന്നിവയുമായി തത്സമയം കണക്ട് ചെയ്തിരിക്കും. പന്തിന്റെ കൃത്യമായ സ്ഥാനം, വേഗത, കളിക്കാരുടെ സ്പർശനം എന്നിവ സംബന്ധിച്ച ഡാറ്റകൾ സെൻസർ മൈക്രോസെക്കൻഡുകൾക്കുള്ളിൽ കൈമാറുന്നതിനാൽ ഓഫ്‌സൈഡ് ഉൾപ്പെടെയുള്ള നിർണ്ണായക തീരുമാനങ്ങൾ എടുക്കാൻ റെഫറിമാർക്ക് ഇത് ഏറെ സഹായകരമാകും.
English Summary
With only hours left for the FIFA World Cup kickoff, the official match ball, ‘Trionda’ manufactured by Adidas, is all set to take center stage in Mexico City. The ball’s design represents the three host nations—USA, Canada, and Mexico—featuring a blue star for the US, a red maple leaf for Canada, and a green eagle for Mexico. Derived from the words ‘Tri’ (three hosts) and ‘Onda’ (wave in Spanish), Trionda is seamlessly crafted with just four thermally bonded panels, ensuring a perfect spherical shape and water resistance. It features Adidas’s advanced ‘Connected Ball’ technology with an internal sensor that tracks data 500 times per second, providing real-time analytics to VAR and semi-automated offside systems.

