തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ ആരംഭിക്കുമെന്ന് വി.ഡി.സതീശൻ. ‘പ്രിയദർശിനി’ എന്നാണ് പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്. ഇന്ന് നടന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്. ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രമായി നടപ്പിലാക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറി ബസുകളിൽ പദ്ധതി നടപ്പിലാക്കും. ഇതിന്റെ പ്രവർത്തനം വിലയിരുത്തിയ ശേഷമായിരിക്കും മറ്റ് ബസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുക.
‘സംസ്ഥാന സർക്കാരിന്റെ ഇന്ദിരാ ഗാരണ്ടി പദ്ധതിയുടെ ഭാഗമായി ആദ്യ മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനം അനുസരിച്ച്, ജൂൺ 15-ാം തീയതി മുതൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ബസിലെ ഓർഡിനറി സർവീസുകളിൽ സൗജന്യ യാത്ര സ്‌കീം നടപ്പിലാക്കുന്നതിന് അംഗീകാരം നൽകാൻ തീരുമാനിച്ചു.’ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
‘പദ്ധതിയിൽ വരുമാനം കണക്കാക്കില്ല. പ്രായം കണക്കാക്കില്ല, വ്യവസ്ഥകളൊന്നും ഇല്ലാതെയാണ് പദ്ധതി ഇപ്പോൾ അംഗീകരിച്ചിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. പദ്ധതി സർക്കാരിന് ഒരുമാസം 65 മുതൽ 70 കോടിയോളം ബാധ്യത ഉണ്ടാക്കിയേക്കും. കെഎസ്ആർടിസിക്ക് അതിന്റെ വരുമാനത്തിൽ, ഒരു വർഷത്തിൽ 800 കോടി രൂപയിലധികം കുറവ് വരും.’ മുഖ്യമന്ത്രി വ്യക്തമാക്കി.
‘ഈ പണം സർക്കാർ കെഎസ്ആർടിസിക്ക് നൽകും. നിലവിൽ, സർക്കാർ വർഷാവർഷം 1500 കോടി കെഎസ്ആർടിസിക്ക് നൽകുന്നുണ്ട്. ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള കാര്യങ്ങൾക്കാണിത്. ഒരു മാസം 125 കോടിവെച്ചാണ് സർക്കാർ കൊടുക്കുന്നത്. ഇത് കൂടാതെയാണ് പ്രിയദർശിനി പദ്ധതിക്ക് ആവശ്യമായ തുക, 750-800 കോടി രൂപ കൂടി നൽകുക.’ വി.ഡി. സതീശൻ പറഞ്ഞു.
‘കെഎസ്ആർടിസി, വരുന്ന ആറുമാസത്തിനുള്ളിൽ അവരുടെ വരുമാനം വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള വിവിധ മാർഗങ്ങൾ ആരായണം എന്ന് അഭ്യർഥിച്ചിട്ടുണ്ട്. സർക്കാരിന്റെ ഈ അഭ്യർത്ഥന അവർ സ്വീകരിച്ചിട്ടുണ്ട്. കെഎസ്ആർടിസിയുടെ വരുമാനം കൂടി വർധിപ്പിച്ച്, പ്രിയദർശിനി പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ പറ്റും എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.’
തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച പ്രകടന പത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്ര. വി.ഡി. സതീശൻ മുഖ്യമന്ത്രിയായ യുഡിഎഫ് മന്ത്രിസഭയുടെ ആദ്യ കാബിനറ്റ് യോഗത്തിൽ തന്നെ ഇതുസംബന്ധിച്ചുള്ള തീരുമാനം കൈക്കൊള്ളുകയും ആദ്യ വാർത്താസമ്മേളനത്തിൽ തന്നെ പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു.
സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്നതിന്റെ പൂർണബാധ്യത സർക്കാർ വഹിക്കുമെന്നും അതിൽ ജീവനക്കാർക്ക് ആശങ്കവേണ്ടെന്നും ഗതാഗതമന്ത്രി സി.പി. ജോൺ നേരത്തേ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ഏതൊക്കെ ബസുകളിലാണ് സൗജന്യമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് ഇപ്പോൾ തീരുമാനം ഉണ്ടായിരിക്കുന്നത്. ഓരോ ദിവസത്തെയും സ്ത്രീയാത്രക്കാരുടെ വിവരങ്ങൾ കെ.എസ്.ആർ.ടി.സി. ശേഖരിക്കും. ഓരോമാസവും യാത്രാച്ചെലവ് വഴിയുണ്ടാകുന്ന ബാധ്യത കണക്കാക്കി കെ.എസ്.ആർ.ടി.സി. സർക്കാരിനെ അറിയിക്കും.
English Summary
Chief Minister V.D. Satheesan announced that the free travel scheme for women and transgender individuals in KSRTC buses will commence on June 15. Named the ‘Priyadarshini’ project, the decision was finalized during the cabinet meeting. In its first phase, the scheme will be implemented strictly in ordinary buses on a trial basis for the first 100 days. Based on the performance and feedback, the government will consider expanding the free travel benefit to other categories of buses. The initiative is part of the state government’s ‘Indira Guarantee’ program, aiming to empower women and ease their daily commuting expenses.

