27.8 C
Kottayam
Thursday, April 25, 2024

ഓഗസ്റ്റ് ഒന്നുമുതല്‍ രാജ്യത്തെ വാഹന വില കുറയും,കാരണം ഇതാണ്

Must read

2020 ഓഗസ്റ്റ് ഒന്നുമുതല്‍ രാജ്യത്ത് പുതിയതായി വാങ്ങുന്ന ഇരുചക്രവാഹനങ്ങള്‍ക്കും കാറുകള്‍ക്കും വില കുറയും. രണ്ടു വര്‍ഷം മുമ്പ് രാജ്യത്ത് കർശനമാക്കിയ ദീർഘകാല ഇൻഷുറൻസ് പദ്ധതികൾ ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡവലപ്‍മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) പിൻവലിച്ചതോടെയാണ് വാഹനം വാങ്ങുന്നതിനുള്ള ചെലവു കുറയുന്നത്. ഇതോടെ ഓഗസ്റ്റ് ഒന്നാം തീയതി മുതല്‍ കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും ഓണ്‍റോഡ് വിലയില്‍.കാര്യമായ കുറവുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. കാറുകള്‍ക്ക് മൂന്നുവര്‍ഷത്തേയും ഇരുചക്രവാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേയും ഇന്‍ഷുറന്‍സ്(ഫുള്‍കവര്‍) തുക വാഹനം വാങ്ങുമ്പോള്‍ തന്നെ ഒന്നിച്ച് അടയ്ക്കണമെന്ന നിലവിലെ നിബന്ധനയാണ് ഒഴിവാക്കിയത്.

ഇതില്‍ ആദ്യ ഒരു വര്‍ഷം ഫുള്‍ കവര്‍ ഇന്‍ഷുറന്‍സും പിന്നീടുള്ള വര്‍ഷങ്ങളില്‍ തേഡ് പാര്‍ട്ടി പ്രീമിയവുമാണ് വാഹന ഉടമകളില്‍ നിന്ന് ഈടാക്കിയിരുന്നത്. എന്നാല്‍, ഓഗസ്റ്റ് ഒന്നാം തീയതി മുതല്‍ പഴയ ഹൃസ്വകാല ഇന്‍ഷുറന്‍സ് രീതിയിലേക്ക് തിരിച്ചെത്തുകയാണ് വാഹന ലോകം. വാഹനങ്ങളുടെയും കാല്‍നട യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സുപ്രീംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് 2018-ലാണ് ദീര്‍ഘകാല ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കിയത്. ഇരുചക്ര വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ അഞ്ച് വർഷത്തേക്കും കാറുകൾ മൂന്നു വര്‍ഷത്തേക്കും ഇന്‍ഷുറന്‍സ് ഒരുമിച്ച് എടുക്കണമെന്ന വ്യവസ്ഥ 2018 ഓഗസ്റ്റിലായിരുന്നു നിലവിൽ വന്നത്.

രാജ്യത്തെ നിരത്തുകളില്‍ ഓടുന്ന പകുതിയോളം ഇരുചക്ര വാഹനങ്ങളും കാറുകളും ഇന്‍ഷുറന്‍സില്ലെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. ഒരു കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തിലായിരുന്നു കേന്ദ്ര കേന്ദ്ര സര്‍ക്കാരിന്‍റെ അന്നത്തെ ഈ ഉത്തരവ്. എന്നാല്‍ ഇതില്‍ നിരവധി പ്രശ്‍നങ്ങളും പിന്നീട് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. അപകടമുണ്ടാക്കാത്ത വാഹനങ്ങള്‍ക്ക് വര്‍ഷാവര്‍ഷം ലഭിക്കേണ്ട അപകടരഹിത ബോണസ് ലഭിക്കുന്നതിനുള്ള അവസരം ദീര്‍ഘകാല പോളിസി എടുക്കുമ്പോള്‍ നഷ്‍ടമാകും എന്നതായിരുന്നു അതിലൊന്ന്. സേവനം മോശമാണെങ്കിലും ഒരേ ഇന്‍ഷുറന്‍സ് കമ്പനിയില്‍ത്തന്നെ തുടരാന്‍ വാഹന ഉടമ നിര്‍ബന്ധിതരാകുമെന്നതായിരുന്നു മറ്റൊരു പ്രശ്‍നം. മാത്രമല്ല എല്ലാവര്‍ഷവും ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിക്കുമെങ്കിലും ദീര്‍ഘകാല പോളിസികളില്‍നിന്ന് ഈ ഇനത്തിലെ വരുമാനം കമ്പനികള്‍ക്ക് ലഭിക്കില്ലെന്ന പരാതി ഇന്‍ഷുറന്‍സ് കമ്പനികളും ഉന്നയിച്ചിരുന്നു.

ഈ പ്രശ്‌നങ്ങളെല്ലാം പരിഗണിച്ചാണ് ഒടുവില്‍ ദീര്‍ഘകാല ഇന്‍ഷുറന്‍സ് പദ്ധതി അവസാനിപ്പിക്കാന്‍ റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി തീരുമാനിച്ചത്. അതേസമയം തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിലവിലെ അതേപോലെ തന്നെ തുടരും. മൂന്ന് അല്ലെങ്കില്‍ അഞ്ചു വര്‍ഷത്തേക്കുളള തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും നിര്‍ബന്ധമാണ്. എന്തായാലും നിയമത്തിലെ പുതിയ ഭേദഗതി വാഹനങ്ങളുടെ ഓണ്‍റോഡ് വിലയില്‍ വലിയ കുറവുണ്ടാക്കുമെന്നു തന്നെയാണ് വിലയിരുത്തലുകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week